റേഷനും ട്രോജന്‍ കുതിരയും

Friday 6 January 2017 9:49 pm IST

'കുതിര എത്ര തിരിഞ്ഞാലും വാല്‍ പിറകില്‍ തന്നെ.' അതുപോലെയാണ് കേരളത്തിലെ റേഷനും. ഏത് ഭരണം വന്നാലും റേഷന്‍ വിഹിതത്തിനായി കേന്ദ്രത്തെ സമീപിക്കുന്നതും സമരത്തിറിനങ്ങുന്നതുമാണ് കണ്ടുവരുന്നത്. കോണ്‍ഗ്രസാണ് കേന്ദ്രം ഭരിക്കുന്നതെങ്കില്‍ റേഷനായി ഇടതുപക്ഷം പ്രത്യക്ഷ സമരത്തിനിറങ്ങും. ആ സമയത്ത് ഉറങ്ങുന്ന കോണ്‍ഗ്രസ്, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണമില്ലെങ്കില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തും. അവരോടൊപ്പം ഇടതുപക്ഷവും രംഗത്തിറങ്ങും. ഒക്‌ടോബര്‍ മൂന്നിന് ഇതാണ് കണ്ടത്. ഇടതും വലതും നിയമസഭയില്‍ നാമൊന്ന് നമുക്കൊരു പ്രമേയം എന്ന നിലയിലാണ്. ഇരുപക്ഷവും ചേര്‍ന്ന് നിയമസഭയില്‍ കേന്ദ്രവിരുദ്ധ പ്രമേയം പാസ്സാക്കിയപ്പോള്‍ ആ അക്കൗണ്ടില്‍ ചേര്‍ക്കേണ്ടെന്നും കേരളമാണ് പ്രതിക്കൂട്ടിലെന്നും ഒ. രാജഗോപാല്‍ വ്യക്തമാക്കുകയും ചെയ്തു. റേഷന്‍ സംബന്ധിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലേഖനമെഴുതിയത് ഡിസംബര്‍ 15നാണ്. ഉമ്മന്‍ചാണ്ടി പറഞ്ഞു ''നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭക്ഷ്യഭദ്രതാ നിയമമെന്ന ട്രോജന്‍ കുതിരയെ കേരളത്തിലേക്ക് കടത്തിവിട്ട് റേഷന്‍ സംവിധാനം താറുമാറാക്കി. ഈ നിയമം യുഡിഎഫ് ഭരിക്കുമ്പോഴും ഉണ്ടായിരുന്നു. നിയമം എത്രയുംവേഗം നടപ്പാക്കണമെന്ന് അന്നും കേന്ദ്രം നിഷ്‌കര്‍ഷിച്ചിരുന്നു. എന്നിട്ടും കേരളം അന്ന് റേഷന്‍ മുടക്കിയില്ല.'' എന്തൊരു മേനി പറച്ചിലാണിത്. മാനവും മര്യാദയുമുള്ള ആര്‍ക്കെങ്കിലും ഇങ്ങനെ ഒരു കാര്യം പറയാന്‍ കഴിയുമോ? ഭക്ഷ്യഭദ്രതാ നിയമം നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയതാണോ? 2013 ജൂലായില്‍ പാസാക്കിയ നിയമം ആറുമാസത്തിനകം നടപ്പാക്കാന്‍ നിബന്ധനവച്ചത് നരേന്ദ്ര മോദിയാണോ? ആറുതവണ തീയതി നിട്ടി നല്‍കിയത് എന്‍ഡിഎ സര്‍ക്കാരാണോ? പറയുന്നതില്‍ അല്‍പമെങ്കിലും മര്യാദ വേണ്ടേ? സത്യസന്ധത എന്നത് ഭരണത്തില്‍നിന്നിറങ്ങിയാലെങ്കിലും പാലിക്കാന്‍ നോക്കേണ്ടതല്ലെ? ഭക്ഷ്യഭദ്രതാ നിയമപ്രകാരം അനര്‍ഹര്‍ക്ക് സബ്‌സിഡി ലഭിക്കില്ല. അതിന്റെ ആവശ്യമില്ലല്ലൊ. ശതകോടീശ്വരന്മാര്‍പോലും ബിപിഎല്‍ കാര്‍ഡില്‍ ഇടംപിടിച്ച സംസ്ഥാനമാണിത്. അവര്‍ റേഷനരി വാങ്ങുന്നില്ലായിരിക്കും. ബിപിഎല്‍ കാര്‍ഡുക്കാരനാണ് കോടീശ്വരനെങ്കില്‍ അയാളുടെ കുടുംബക്കാരുടെ പേരിലും അരി അലോട്ട്‌മെന്റ് വരുമല്ലൊ? അതെങ്ങോട്ട് പോകുന്നു എന്നാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? അത്തരം പിശകുകള്‍ മാറ്റി യഥാര്‍ത്ഥ അവകാശികള്‍ക്ക് അരി ലഭ്യമാക്കാന്‍ റേഷന്‍കാര്‍ഡ് പുതുക്കാന്‍ ശ്രമം ആരംഭിച്ചിട്ട് വര്‍ഷം നാലായി. എന്താണതിന്റെ പുരോഗതി. മൂന്നുമാസം കൊണ്ട് റേഷന്‍കാര്‍ഡ് റെഡി എന്നുപറഞ്ഞതാണ്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ശരിയാക്കാന്‍ കഴിയാത്തവരാണ് നരന്ദ്രമോദിയുടെ നോട്ട് പ്രശ്‌നം എന്തായി എന്ന് ചോദിക്കുന്നത്! ഭക്ഷ്യഭദ്രതാ പദ്ധതി കേരളത്തിന് മാത്രം ബാധകമായതല്ല. നിയമം പാസാക്കി നാലു വര്‍ഷത്തിനിടയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളും നിയമപ്രകാരം നടപടി സ്വീകരിച്ചു. തമിഴ്‌നാട് ഭാഗികമായെങ്കിലും നടപ്പാക്കി. കേരളം പ്രാരംഭ പ്രവര്‍ത്തനത്തിലാണെന്നറിയുമ്പോഴാണ് ഭരണകൂടത്തിന്റെ അന്നം മുടക്കി നയം ബോദ്ധ്യമാവുക. എന്നും കേരളത്തിന് റേഷന്‍ പ്രശ്‌നമാണ്. റേഷന്‍ കാര്‍ഡ് പോലും കുറ്റമറ്റതായി തയ്യാറാക്കാന്‍ കഴിയുന്നില്ല. ഐക്യകേരളം രൂപംകൊള്ളുന്നതിന് മുമ്പുതന്നെ റേഷന്‍ സമ്പ്രദായം ഉണ്ട്. 1940ലാണ് രാജ്യത്തെ റേഷന്‍ സമ്പ്രദായം വിതരണം ആരംഭിച്ചത്. 1957ല്‍ രാജ്യമെങ്ങും 3000 റേഷന്‍ കടയുണ്ടായി. കേരളത്തില്‍ ഇത് 6000 ആയിരുന്നു. യുദ്ധാനന്തരം ഉണ്ടായ ഭക്ഷ്യക്ഷാമമാണ് പൊതുവിതരണ സമ്പ്രദായം തുടങ്ങാനുള്ള ഹേതുവായത്. 1964ല്‍ സ്ഥാപിതമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് റേഷന്‍ സാധനങ്ങളുടെ വിതരണ ചുമതല. കരിഞ്ചന്തയില്‍നിന്ന് സാധാരണക്കാരെയും പട്ടിണി പാവങ്ങളെയും രക്ഷിക്കാന്‍ തുടങ്ങിയ ഈ പദ്ധതിതന്നെ കരിഞ്ചന്തയാക്കാന്‍ ഇടനിലക്കാര്‍ പരിശ്രമിച്ചതിന്റെ എത്രയോ ഉദാഹരണങ്ങളുണ്ട്. 1965ല്‍ കേരളത്തില്‍ സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയതുമുതല്‍ ഇടത്തട്ടുകാരും സജീവമായി, പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട ഭക്ഷ്യധാന്യങ്ങള്‍ പലവഴിക്കൊഴുകി. കേന്ദ്രവും കേരളവും ഒരു കക്ഷി ഭരിച്ചാലെ സംസ്ഥാനത്തിനു രക്ഷയുള്ളൂ എന്ന മുദ്രാവാക്യം വിളിച്ച് വോട്ടു വാങ്ങിയവര്‍ പിന്നീടാ മുദ്രാവാക്യം മറന്നു. കേന്ദ്രവും കേരളവും ഭരിക്കുന്നത് ഒരേ കക്ഷിയല്ലാത്തപ്പോഴാണ് കേരളത്തിന് ഏറെ ആനുകൂല്യങ്ങള്‍ ലഭിച്ചത്. അതിന്റെ ഒന്നാന്തരം ഉദാഹരണമാണ് വാജ്‌പേയിയുടെ ഭരണകാലം. കേരളത്തിന് എത്ര അരി വേണോ അതിലും കൂടുതല്‍ അരി അനുവദിച്ചു. റേഷന്‍ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ വിലയും പൊതുവിപണിയിലെ വിലയും തുല്യമായതിനാല്‍ റേഷന്‍ കടകളെ ജനങ്ങള്‍ ആശ്രയിക്കാതെയായി. കേന്ദ്ര അവഗണനക്കെതിരെ അന്ന് കേരളീയര്‍ക്ക് സമരം ചെയ്യേണ്ടിവന്നില്ല. വാജ്‌പേയി ഭരണത്തില്‍ റേഷന്‍ കടക്കാരാണ് സമരത്തിനിറങ്ങിയത്. റേഷന്‍വാങ്ങാന്‍ ആളെത്തുന്നില്ലെന്നും മറ്റ് സാധനങ്ങള്‍ കൂടി റേഷന്‍കടകള്‍ വഴി വില്‍ക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. അതേസമയം അതിന് മുന്‍പും പിന്‍പും റേഷന്‍ സ്തംഭനത്തിന്റെ നീണ്ട പട്ടിക തന്നെയുണ്ട്. 1972 മുതല്‍ 77 വരെ സംസ്ഥാനത്ത് ഭക്ഷ്യമന്ത്രിയായിരുന്നത് കോണ്‍ഗ്രസ് നേതാവ് പോള്‍ പി. മാണി. അരി ലഭിക്കാന്‍ പോള്‍ പി. മാണി ദല്‍ഹിയിലേക്ക് പറന്നത് എണ്ണിയാല്‍ തീരാത്തത്ര തവണയാണ്. അരി മണിയൊന്നു കൊറിക്കാനില്ലെന്ന മുദ്രാവാക്യം അന്നത്തേതാണ്. ''ആഴ്ചയിലഞ്ചും ആറും തവണ, ദല്‍ഹിയിലേക്ക് പറക്കും മന്ത്രി, തിരിച്ചുവന്നാല്‍ പ്രഖ്യാപിക്കും, ഉറപ്പു കിട്ടി അരിയില്ല.'' അരി തരാം എന്ന ഉറപ്പുമാത്രമാണ് കേന്ദ്രം അന്ന് നല്‍കിപോന്നത്. ഇഎംഎസ് മന്ത്രിസഭയുടെ കാലത്തും സ്ഥിതി അതുതന്നെ. അന്നും മുദ്രാവാക്യമുയര്‍ന്നു. ''ആന റേഷന്‍ നല്‍കാനായി, വോട്ടു നേടിയ സര്‍ക്കാരേ കോഴി റേഷനുമില്ലല്ലെ.'' കേരളത്തിന് ആവശ്യമായ അരിയുടെ 15ശതമാനത്തില്‍ താഴെ മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്കി ലഭിക്കുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ ഭക്ഷണത്തിനുള്ള അവകാശം നിയമപരമാക്കിയിരിക്കുന്നു. ഇതനുസരിച്ച് ബിപിഎല്‍, എപിഎല്‍ എന്ന തരംതിരിവ് ഇല്ലാതാകുന്നു. പകരം മുന്‍ഗണനാ(പ്രയോറിറ്റി)വിഭാഗവും മുന്‍ഗണനയില്ലാത്തവിഭാഗവും എന്നാകും. രണ്ടാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയില്ല. പോള്‍ പി. മാണിയുടെ പണി അനൂപ് ജേക്കബ് ഏറ്റെടുത്തു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പലതവണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇളവുകള്‍ വാങ്ങിച്ചു. 2016 മെയ് 25ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നു. ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കാന്‍ കേന്ദ്രത്തില്‍നിന്ന് സമ്മര്‍ദമേറി. കേരളം അല്‍പം സമയം നീട്ടിച്ചോദിച്ചെങ്കിലും ലഭിച്ചില്ല. കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ കേരളത്തിന് അന്ത്യശാസനം നല്‍കി: ''നവംബര്‍ ഒന്നുമുതല്‍ ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷന്‍ ലഭിക്കില്ല''. പകരം കിലോക്ക് 22.54 രൂപ തോതില്‍ എഫ്‌സിഐയില്‍ നിന്ന് അരിയെടുത്തോളാനായിരുന്നു നിര്‍ദേശം. കേരളം അതിനു തയ്യാറായില്ല. കുളത്തോട് കോപിച്ച് ശൗചം ചെയ്യാത്തതുപോലെയായി ഇത്. അര്‍ഹരായവരുടെ കരടുപട്ടിക 2016 ഒക്ടോബര്‍ 20ന് പ്രസിദ്ധീകരിച്ചു. പരാതിനല്‍കാന്‍ നവംബര്‍ അഞ്ചുവരെ സമയംനല്‍കി. അവയുടെ പരിശോധന നടന്നുവരുന്നു. 2017 ജനുവരി 15ന് അന്തിമപ്പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് ഒടുവില്‍ കേട്ടത്. മാര്‍ച്ച് ഒന്നുമുതല്‍ പുതിയ റേഷന്‍കാര്‍ഡ് വിതരണം തുടങ്ങും എന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഏപ്രില്‍ ഒന്നുമുതല്‍ ഭക്ഷ്യഭദ്രതാനിയമം കേന്ദ്രം പറഞ്ഞപ്രകാരം നടപ്പാക്കുമെന്നും ഉറപ്പു നല്‍കുന്നു. ഇത് പാലിക്കാനുള്ള ഉറപ്പാണോ? കണ്ടറിയണം. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനപ്പട്ടികയെക്കുറിച്ച് 16,30,754 പരാതികളാണ് ലഭിച്ചത്. അത് സര്‍ക്കാര്‍പരിശോധിച്ച് 12,43,275 എണ്ണം ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍ നിന്ന് മുന്‍ഗണനപ്പട്ടികയില്‍ വരുന്നതിനനുസരിച്ച് ഇപ്പോള്‍ പട്ടികയിലുള്ളവര്‍ പുറത്തുപോകും. അതോടൊപ്പം പ്രശ്‌നങ്ങള്‍ പുതിയ രൂപത്തില്‍ പുറത്തുവരും. ഭക്ഷ്യഭദ്രതാ നിയമം പാസായതില്‍ മലയാളി മന്ത്രി കെ.വി. തോമസിനെ പുകഴ്ത്തിയവര്‍ ഈ നിയമം കേരളീയര്‍ക്ക് ദോഷമെന്ന് പറയുന്നതിന്റെ മറുപുറം വ്യക്തം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.