ഹരിതകേരളം മിഷന്‍: തദ്ദേശ സ്ഥാപനങ്ങള്‍ ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കണം

Friday 6 January 2017 9:47 pm IST

കണ്ണൂര്‍: ഹരിത കേരളം മിഷനുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാസത്തിനകം നടപ്പാക്കാനാവുന്ന പദ്ധതികളുടെ വിശദാംശങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാമിഷന്‍ യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജലസംരക്ഷണം, തരിശുഭൂമികളിലെ കൃഷി, മാലിന്യ സംസ്‌ക്കരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്ലാന്‍ ഫണ്ട് ഉപയോഗിച്ചോ തൊഴിലുറപ്പ് പദ്ധതിയിലൂടെയോ ജനകീയ പങ്കാളിത്തത്തിലൂടെയോ നടപ്പാക്കാവുന്ന പദ്ധതികളുടെ വിശദാംശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. അടുത്ത വര്‍ഷത്തെ പദ്ധതി ആസൂത്രണത്തില്‍ ഹരിതകേരളം മിഷന്‍ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു. ഔദ്യോഗിക യോഗങ്ങള്‍ പ്ലാസ്റ്റിക്-ഡിസ്‌പോസബ്ള്‍സ്- ഫഌക്‌സ് വിമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയക്കാന്‍ ശുചിത്വ മിഷന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശം നല്‍കി. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും. ചിറക്കല്‍ചിറയിലെ ചെളി നീക്കം ചെയ്ത് കുടിവെള്ളത്തിനായി ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത ആരായണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ചിറക്കല്‍ ചിറ ഈ രീതിയില്‍ ഉപയോഗിക്കാനായാല്‍ നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 16 മുതല്‍ നടക്കുന്ന സംസ്ഥാന കലോല്‍സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാനും ഇതിനായി പ്രത്യേക ഹരിത സേനയ്ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. മിഷന്റെ ഭാഗമായി കുളങ്ങള്‍ നവീകരിക്കുന്നതിന് പഞ്ചായത്തുകള്‍ സമര്‍പ്പിച്ച പട്ടികയില്‍ നിന്ന് അനുയോജ്യമായത് തെരഞ്ഞെടുത്ത് പദ്ധതി നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, തദ്ദേശ സ്ഥാപന മേധാവികല്‍, വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.