കണ്ണൂര്‍: അമ്പത്തിയേഴാം സ്കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം കലാകാരന്മാരുടം കൂട്ടായ്മ നടത്തിയ ചിത്രക്കൂട്ടം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. കേരള സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള സ്റ്റിക്കര്‍ മന്ത്രി ഓട്ടോയില്‍ പതിപ്പിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. അമ്പത്തിയേഴാം സ്കൂള്‍ കലോത്സവത്തില്‍ അമ്പത്തിയേഴ് മീറ്റര്‍ നീളമുള്ള കാന്‍വാസില്‍ 57 ചിത്രകലാകാരന്മാര് ചേര്‍ന്നാണ് വര്‍ണങ്ങള്‍ തീര്‍ത്തത്. കണ്ണൂരിന്റെ വിവധ മേഖലകളില്‍ നിന്നുള്ള ചിത്രകലാ അധ്യാപകരും ചിത്രകലാകാരന്മാരും വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.
ചിത്രം വരച്ചുകൊണ്ട് ജില്ലാ കലക്ടറും മന്ത്രിയും പരിപാടിയുടെ ഭാഗമായി. കേരള കലോത്സവം എന്ന വിഷയം ആസ്പദമാക്കി വരച്ച കാന്‍വാസില്‍ കണ്ണൂര്‍ കോട്ടയും ശാസ്ത്രീയ നൃത്തങ്ങളും കണ്ണൂരിന്റെ തനതായ തെയ്യക്കോലങ്ങളും ഗ്രാമീണ സൗന്ദര്യങ്ങളും ചിലങ്കകളുമാണ് നിറഞ്ഞു നിന്നത്. വര്‍ഗീസ് കളത്തില്‍, ടി.ദീപേഷ്, സദാനന്ദന്, പി.കെ.ബാബു, അരുണ്‍ജിത്ത്, സനേഷ് കൂടാളി തുടങ്ങിയ കലാകാരന്മാര്ക്കു പുറമെ പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട്, ടാഗോര്‍ വിദ്യാനികേതന്‍, മട്ടന്നൂര്‍ എച്ച് എസ് എസ്, കൂടാളി എച്ച്എസ്എസ് എന്നീ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും വലിയ കാന്‍വാസില്‍ ചിത്രം വരയ്ക്കാനെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, കോര്പ്പറേഷന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വെള്ളോറ രാജന്, ജില്ലാ പഞ്ചായത്ത് അംഗം വി.കെ.സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: