എംജിഎസ് മറന്നുവച്ച വസ്തുതകള്‍

Friday 6 January 2017 9:57 pm IST

2017 ജനുവരി ഒന്നിന്റെ 'മാതൃഭൂമി' വാരികയില്‍ പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്റെ 'ഇന്ത്യ ഒരു ദേശീയതയല്ല, സിവിലൈസേഷനാണ്' എന്ന അഭിമുഖം വായിക്കുകയുണ്ടായി. അതിലെ അഭിപ്രായങ്ങളോടുള്ള ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നു. സിവിലൈസേഷന്‍ (നാഗരികത) ദേശീയതയുടെ മൗലികഘടകമല്ലേ? സംസ്‌കാരം അഥവാ സംസ്‌കൃതി എന്ന പദങ്ങളുടെ തുല്യ അനുവാദമല്ല സിവിലൈസേഷന്‍. സിവിലൈസേഷന്‍ മാനവരാശിയുടെ ഭൗതികവും സാമൂഹികവുമായ പ്രഗതിയാണ്. സംസ്‌കൃതി ഇവക്കുപുറമേ ബൗദ്ധികവും മാനസികവുമായ വളര്‍ച്ചയും ദ്യോതിപ്പിക്കുന്നു. തൊണ്ണൂറുശതമാനം രാഷ്ട്രങ്ങളുടേയും ദേശീയ അസ്തിത്വം അവരുടെ സാംസ്‌കാരിക സ്വത്വബോധമാണ്. മതഭേദങ്ങളും ഭാഷാവൈവിധ്യങ്ങളും നമുക്ക് മാത്രമല്ല, മറ്റു പല രാഷ്ട്രങ്ങള്‍ക്കും പൈതൃകമായി കിട്ടിയിട്ടുണ്ട്. ഈജിപ്റ്റ് ഉദാഹരണം. ഹിന്ദി ഭാഷയില്‍ ഈ രാഷ്ട്രം അറിയപ്പെടുന്നത് 'മിശ്രദേശം' എന്നാണ്. അതുകൊണ്ട് ഈജിപ്ത് ഒരു ദേശീയതയല്ല എന്നുപറയുന്നതു ശരിയല്ലല്ലോ. സാംസ്‌കാരികമായി ഐക്യപ്പെടാത്ത കൃത്രിമ രാഷ്ട്രീയ കൂട്ടായ്മകള്‍ പലതും ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ നിലംപതിച്ചു. ഉദാഹരണത്തിന് ബാള്‍ട്ടിക് ദേശങ്ങളായ ചെക്കോസ്ലോവാക്യയും, യൂഗോസ്ലാവിയയും. കമ്മ്യൂണിസത്തിന്റെ സാര്‍വ്വദേശീയത, ആ ജനതകള്‍ക്കു അസ്വീകാര്യമായിരുന്നു. വിയറ്റ്‌നാമും കൊറിയയും 'ഹാന്‍' വംശജരുടെ ആധിപത്യം ഇഷ്ടപ്പെടാത്തതുകൊണ്ട് വ്യത്യസ്ത രാഷ്ട്രങ്ങളാണ്. അതുകൊണ്ട് സംസ്‌കാരം തന്നെയാണ് ദേശീയതയുടെ മൗലികഘടകം. ഭാഷാ, മതം എന്നീ ഘടകങ്ങള്‍ വൈവിധ്യപൂര്‍ണ്ണമാണെങ്കിലും ഈ സാംസ്‌കാരിക ഐക്യം ആ വൈവിധ്യങ്ങള്‍ക്കതീതവും മറ്റ് ഏഷ്യന്‍ ജനതകളില്‍നിന്ന് ഭാരതീയരെ വേര്‍തിരിക്കുന്നതുമാണ്. അതുതന്നെയാണ് ദേശീയത. മതത്തിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച പാക്കിസ്ഥാന്‍ ഭാഷയുടെ പേരില്‍ പിരിഞ്ഞത് നമുക്കനുഭവമാണല്ലോ. കാരണം ഭൂമിശാസ്ത്രപരമായിക്കൂടി ഏകത്വം ഉണ്ടായിരിക്കണം. പാക്കിസ്ഥാന്റെ കാര്യത്തില്‍ അതില്ലായിരുന്നു. ഭൂമിശാസ്ത്രപരമായി ഭാരതം ഏകമാണ്. അതിന് മഹാഭാരതത്തോളം പഴക്കമുണ്ട്. കുമാരസംഭവമെന്ന കാളിദാസ കൃതി ഭാരതത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയത്തോടെയാണ് ആരംഭിക്കുന്നത്. അത്യുത്തരസ്യാം ദിശിദേവതാത്മാ ഹിമാലയോ നാമ നഗാധിരാജാ. ഈ പരിധിക്കുള്ളില്‍ സാര്‍വ്വഭൗമത്വം, സ്വാതന്ത്ര്യലബ്ധിയോടെയാണ് ഉണ്ടായത് എന്നത് ശരിതന്നെ. പക്ഷേ ഇന്നുകാണുന്ന യൂറോപ്പിലെ പല ദേശ രാഷ്ട്രങ്ങളും (ചമശേീി ടമേലേ)െപത്തൊന്‍പതാം നൂറ്റാണ്ടിന്റെ സൃഷ്ടിയല്ലേ? ഗാരിബാള്‍ഡിക്കും ബിസ്മാര്‍ക്കിനും മുന്നേ ഇറ്റലിയും ജര്‍മ്മനിയും ഭൂപടത്തിലുണ്ടായിരുന്നില്ല. ഓട്ടോമന്‍ തുര്‍ക്കികളുടെ ഭരണത്തില്‍ കിഴക്കന്‍ യൂറോപ്പിലെ ജനതകള്‍ക്ക് ദേശീയ അസ്തിത്വമില്ലായിരുന്നു. ഭാരതീയ ദേശീയതയെ കുറച്ചുകാണേണ്ട കാര്യമില്ല. ഫ്രാന്‍സില്‍ നെപ്പോളിയന്റേയും ചാര്‍ളെമെന്‍യുടേയും സാമ്രാജ്യങ്ങള്‍ വേരുപിടിച്ചില്ല. മൗര്യ, ഗുപ്ത, കനിഷ്‌ക, മുഗള്‍ സാമ്രാജ്യങ്ങള്‍ ഭാരതത്തില്‍ നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു. ആ ചരിത്രം അവഗണിക്കപ്പെടേണ്ടതല്ലല്ലോ. ഇതിനൊക്കെ പുറമെ ഭാരതീയര്‍ക്ക് ഒരു സവിശേഷതയുണ്ട്. അത് വ്യക്തതയോടെ പ്രസ്താവിച്ചത് വിവേകാനന്ദസ്വാമികളാണ്. സ്വാമികള്‍ തന്റെ പ്രഭാഷണങ്ങളിലുടനീളം ആവര്‍ത്തിച്ചു വ്യക്തമാക്കിയത് ഇതാണ്: ''യൂറോപ്പില്‍ രാഷ്ട്രീയാശയങ്ങളാണ് ദേശീയ ഐക്യത്തിന് രൂപം നല്‍കുന്നത്. ഏഷ്യയില്‍ ദേശീയ ഐക്യത്തിന് രൂപം നല്‍കുന്നത് ആത്മീയമായ ആശയങ്ങളാണ്.'' (കൊളംബോ മുതല്‍ അല്‍മോറ വരെ പേജ്-125) ആദ്ധ്യാത്മികമായി പ്രബുദ്ധരാക്കി വേണം, ഭാരതീയതയെ പ്രബലമാക്കേണ്ടത് എന്ന് വിവേകാനന്ദസ്വാമികള്‍ ഉപദേശിച്ചിരുന്നു. ഈ നിഗമനം വളരെ ശരിയാണുതാനും. കാരണം ആരു ഭരിക്കുന്നുവെന്ന് ശരാശരി ഭാരതീയന്‍ ശ്രദ്ധിക്കാറില്ലായിരുന്നു. ഉദാഹരണത്തിന് ടിപ്പുവിന്റെ ഭരണവും വെള്ളക്കാരന്റെ ഭരണവും അവന് സമം. പക്ഷേ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘ്‌നം വരുത്തിയാല്‍ അവന്‍ പ്രതികരിക്കും . 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാര്‍ക്ക് ഈ വസ്തുത ബോധ്യപ്പെടുത്തിക്കൊടുത്തു. ഇംഗ്ലീഷു വിദ്യാഭ്യാസം നേടിയപ്പോള്‍ രാഷ്ട്രീയബോധവും വളര്‍ന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ദേശീയതക്ക് പുതിയൊരു ഉണര്‍വ്വ് ബംഗാള്‍, ബോംബെ, മദ്രാസ്സ് പ്രവിശ്യകളില്‍ പ്രകടമായി. വിവേകാനന്ദസ്വാമികളുടെ ലക്ഷ്യം ഭാരതത്തിന്റെ നവോത്ഥാനമായിരുന്നു. ദേശീയ നവോത്ഥാനം സാധ്യമാകണമെങ്കില്‍ ഭാരതീയരുടെ സവിശേഷതയായ ആദ്ധ്യാത്മികത ശക്തിപ്പെടുത്തണം. മറ്റൊരുവേളയില്‍ സ്വാമികള്‍ ഹിന്ദുവിശ്വാസത്തിന്റെ അതായത് സനാതനധര്‍മ്മത്തിന്റെ പുനരുത്ഥാനത്തിന് ആഹ്വാനം ചെയ്തിരുന്നു. ഹിന്ദു എന്ന പദംകൊണ്ട് സ്വാമികള്‍ ഉദ്ദേശിച്ചത് സനാതനധര്‍മ്മം തന്നെയാണ്. അരവിന്ദ മഹര്‍ഷി ചരിത്രപ്രസിദ്ധമായ ഉത്തരപ്പാറ പ്രസംഗത്തില്‍ വ്യക്തമാക്കിയതു പോലെ 'ഹിന്ദുമതം' എന്നപദം പാശ്ചാത്യ സംഭാവനയാണ്. ഈ പ്രസംഗത്തില്‍ അദ്ദേഹത്തിന് ജയിലറയില്‍ അനുഭവപ്പെട്ട വെളിപാട് വിവരിക്കുന്നുണ്ട്: ''ഇന്ത്യ വളര്‍ന്നു പന്തലിക്കുമെന്ന് പറയുന്നതിന്റെ അര്‍ത്ഥം, സനാതനധര്‍മ്മം വളര്‍ന്ന് ലോകമാസകലം വ്യാപിക്കുമെന്നാണ്. ധര്‍മ്മത്തിനു വേണ്ടിയും ധര്‍മ്മത്തിന്റെ ആധികാരികതയിലുമാണ് ഇന്ത്യയുടെ അസ്തിത്വം.'' ഈ സനാതനധര്‍മ്മം മതമോ വിശ്വാസമോ അല്ല. അത് വിശ്വാസങ്ങള്‍ക്കും സംഘടനകള്‍ക്കും സഭകള്‍ക്കും അതീതമാണ്. സനാതനധര്‍മ്മം ഹിന്ദുക്കള്‍ക്കുമാത്രം അവകാശപ്പെട്ടതല്ല. അത് മൊത്തം മാനവരാശിയുടെ പൈതൃകസമ്പത്താണ്. അതുകൊണ്ട് സനാതനധര്‍മ്മത്തിലൂന്നിയ സാംസ്‌കാരിക പ്രബുദ്ധതയാകണം ദേശീയ പുനരുത്ഥാനത്തിന്റെ മാര്‍ഗം. നിര്‍ഭാഗ്യവശാല്‍ മതേതരത്വത്തിന്റെ പേരില്‍ പാഠ്യപദ്ധതികളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് ഈ പൈതൃകമായിരുന്നു. പാശ്ചാത്യ സംസ്‌കൃതിയുടെ രാഷ്ട്രീയ-സാമ്പത്തിക കാഴ്ചപ്പാടിലുടലെടുത്ത ഭൗതിക ചിന്തകളും കൂട്ടായ്മകളും സാമുദായിക വേദി കയ്യടക്കിയപ്പോള്‍, പ്രതികരണമെന്നോണം, കലാപചിന്തകളും ഉടലെടുത്തിട്ടുണ്ട്. ഇത് മൂല്യച്യുതിയുടെ പരിണിതഫലമാണ്. 'വേറിട്ടചിന്തയെന്നു പറഞ്ഞ് ജനാധിപത്യ സംവിധാനത്തില്‍, ഈ കലാപകാരികളെ വെള്ളപൂശുന്നതും ശരിയല്ല. കാരണം ജനാധിപത്യപരമായ സംവാദങ്ങളിലോ, രീതികളിലോ അവര്‍ വിശ്വസിക്കുന്നില്ല. തോക്കിന്‍കുഴലിലൂടെ വിപ്ലവം നടപ്പാക്കിയ സാമ്രാജ്യവാദികളുടെ അനുയായികളാണിവര്‍. അതുകൊണ്ട് രാഷ്ട്രം നിയമപരമായി പ്രതിരോധിക്കുന്നു. കാരണം വേറെ വഴികളൊന്നും സര്‍ക്കാരുകളുടെ മുന്നിലില്ലല്ലോ. സ്വാതന്ത്ര്യത്തിനുവേണ്ടി ഒരുമിച്ച് യത്‌നിച്ച സമൂഹങ്ങള്‍, അതിനുശേഷം, ആന്ധ്രക്കാരും മലയാളികളും തമിഴരുമായി മാറുകയാണ് എന്നുകൂടി എംജിഎസ് അഭിമുഖത്തില്‍ വാദിക്കുന്നുണ്ട്. ഈ വാദം പൂര്‍ണ്ണമായും ശരിയല്ല. അധികം വിദൂരത്തിലല്ലാത്ത നമ്മുടെ ചരിത്രം മറിച്ചാണ് സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ട പ്രതിസന്ധികളിലെല്ലാം ഈ ഐക്യം ശക്തമായി പ്രകടിപ്പിക്കപ്പെട്ടു. ഉദാഹരണത്തിന് ചെനീസ് ആക്രമണം. കമ്മ്യൂണിസ്റ്റാചാര്യന്മാര്‍ ചൈനീസ് ആക്രമണത്തെ ന്യായീകരിച്ചതൊന്നും സാധാരണ ഇന്ത്യക്കാരന് ബോധ്യപ്പെട്ടില്ല. അവര്‍ സര്‍ക്കാരിന്റെ പക്ഷത്ത് ഉറച്ചുനിന്നു. ഭാരതീയ ദേശീയതയുടെ സംശയരഹിതമായ അസ്തിത്വത്തിന് തെളിവുകളിനിയും നിരത്താനുണ്ട്. രണ്ടു സംഭവങ്ങള്‍കൂടി സൂചിപ്പിക്കാം. 1947 ജൂണ്‍ മൂന്നിന് അധികാരകൈമാറ്റം പ്രഖ്യാപിച്ചപ്പോള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ ചില കുബുദ്ധികള്‍ ഭാരതത്തെ ഛിന്നഭിന്നമാക്കുവാന്‍ പദ്ധതിയിട്ടത് വെളിപ്പെട്ടു. കാരണം ബ്രിട്ടീഷ് ഭരണം അവസാനിക്കുമ്പോള്‍, അവരുടെ നാട്ടുരാജ്യങ്ങള്‍ക്കുമേലുള്ള മേല്‍ക്കോയ്മയും അവസാനിക്കും. ബ്രിട്ടീഷ് ഭരണത്തിന്റെ തുടര്‍ച്ചയായ ദേശീയ ഭരണകൂടത്തിന് ഈ മേല്‍ക്കോയ്മ സിദ്ധിക്കുകയില്ല. അക്ഷരാര്‍ത്ഥത്തില്‍ നാട്ടുരാജ്യങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രരാകുന്നു. മൊത്തം ഭൂവിസ്തൃതിയുടെ അഞ്ചില്‍ രണ്ടുഭാഗം 566 നാട്ടുരാജാക്കന്മാരുടെ ഭരണത്തിലായിരുന്നു. ഇതില്‍ മൂന്നു രാജ്യങ്ങള്‍ മാത്രമേ നിര്‍ണ്ണയിക്കപ്പെട്ട പാക്കിസ്ഥാന്‍ പരിധിയിലുണ്ടായിരുന്നുള്ളൂ. ബാക്കി 563 രാജ്യങ്ങള്‍ക്ക് ഏതെങ്കിലും ഒരു യൂണിയനില്‍ ചേരുവാനോ ചേരാതിരിക്കാനോ അവകാശമുണ്ട്. പൊളിറ്റിക്കല്‍ സിക്രട്ടറിയായിരുന്ന സര്‍ കോര്‍ണാഡ് കോര്‍ഫീല്‍ഡും ഭോപ്പാല്‍ നവാബിന്റെ സഹായത്തോടെ ജിന്നയും നാട്ടുരാജാക്കന്മാരെ ഇന്ത്യന്‍ യൂണിയനില്‍നിന്നും അകറ്റി പാക്കിസ്ഥാനില്‍ ലയിപ്പിച്ച് ആ രാഷ്ട്രത്തെ ശക്തിപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നു. എന്നിരുന്നാലും സര്‍ദാര്‍ പട്ടേലിന്റെ സമയോചിത നടപടികള്‍ മൂലം സ്വാതന്ത്ര്യത്തിനു മുന്നേ മൂന്നു നാട്ടുരാജ്യങ്ങള്‍, അതായത് ഹൈദരാബാദ്, ജുനാഗഢ്, കശ്മീര്‍ എന്നിവയൊഴികെ എല്ലാ രാജ്യങ്ങളും ലയന ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. ഈ സംരംഭത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ച വി.പിമേനോന്‍ ' ''ഇന്റഗ്രേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റേറ്റ്‌സ്'' 'എന്ന കൃതിയില്‍ പിപ്‌ല രാജാവിന്റെ ഒരു കത്ത് പരാമര്‍ശിക്കുന്നുണ്ട്. പ്രസക്തഭാഗം ഇങ്ങനെയാണ്: ''ഗുജറാത്തിലെ ഭരണാധികാരികള്‍ എന്നനിലക്ക് ഞങ്ങളുടെ മാതൃരാജ്യവും പ്രത്യേകിച്ച് ഗുജറാത്തും, ഞങ്ങളില്‍നിന്നു പ്രതീക്ഷിക്കുന്നത്, ഭാരതത്തിന്റെ പൊതുനന്മ മുന്‍നിര്‍ത്തി ചെയ്യേണ്ട ത്യാഗമാണെന്നും, അതുകൊണ്ട് ഞങ്ങള്‍ സസന്തോഷം, ഞങ്ങളുടെ കടമ നിറവേറ്റി, പ്രാഥമിക നടപടിയെന്നോണം മഹാഗുജറാത്ത് എന്ന പ്രൊവിന്‍സിനു രൂപംകൊടുത്ത് അതിനെ ബോംബെ പ്രവിശ്യയില്‍ ലയിപ്പിക്കുന്നു. ഞങ്ങളുടെ തീരുമാനത്തിന് ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ.'' ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യം വച്ചുനീട്ടിയ രാജാക്കന്മാരാണ്, തങ്ങളുടെ സ്വയംഭരണം അവസാനിപ്പിച്ച് സ്വമേധയാ രാഷ്ട്രഹിതം മാനിച്ച് ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചത് എന്നോര്‍ക്കണം. ഗുജറാത്ത് പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നതുകൊണ്ട് ജിന്നയും ഇവരെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു. ദേശീയബോധത്തിന്റെ വലിയ തെളിവല്ലേ ഇത്? ചരിത്രത്തില്‍ ഒരു നൂറ്റാണ്ടുകൂടി പിറകോട്ടു പോകാം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ' ശിപായിലഹള' എന്നു പുച്ഛിച്ചുതള്ളിയവരില്‍ ഭാരതീയരായ ചരിത്രകാരന്മാരും ഉണ്ട്. കലാപം തുടങ്ങിയത് സാധാരണക്കാരായ കൂലിപ്പട്ടാളക്കാരായിരുന്നുവെങ്കിലും, അവര്‍ മീററ്റ് കണ്‍ടോണ്‍മെന്റ് പിടിച്ച്, ദില്ലിയിലേക്കാണ് മുന്നേറിയത്. ദില്ലിയില്‍ പ്രവേശിച്ച് ബഹദൂര്‍ഷാ സഫര്‍ എന്ന അവസാനത്തെ മുഗള്‍ഭരണാധിപനെ ഭാരതത്തിന്റെ ചക്രവര്‍ത്തിയായി അവരോധിച്ചു. ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ അവധിലേയും മധ്യഭാരതത്തിലേയും മറ്റുരാജാക്കന്മാരും അണിനിരന്നു. രാഷ്ട്രീയമീമാംസയൊന്നും പഠിക്കാത്ത ഈ കൂലിപട്ടാളക്കാര്‍ അവരുടെ ദേശീയബോധമല്ലെ തെളിയിച്ചത്? ചുരുക്കത്തില്‍ പൂര്‍വ്വസൂരികള്‍ പറഞ്ഞതുപോലെ ഭാരതീയരില്‍ ഗാഢമായ ഒരു ദേശീയ അവബോധം ഉണ്ട്. 1919-ലെ ഡയാര്‍ക്കി സംവിധാനം തൊട്ട് ആരംഭിച്ച ഭരണപരിഷ്‌കാരങ്ങള്‍ 1950-ല്‍ നമ്മള്‍ സ്വീകരിച്ച ഭരണഘടന വരെയെത്തി. ഇനി ഫെഡറേഷന്‍ സംവിധാനം വേണമോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. 'കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാകുന്ന' വിധത്തിലായിരിക്കരുത് പരിഷ്‌കരണം എന്നുമാത്രം.