'ആതിര നിലാവി'നെ വരവേല്‍ക്കാന്‍ ഇടമറ്റം ഒരുങ്ങി

Friday 6 January 2017 10:04 pm IST

ഇടമറ്റം:'ആതിര നിലാവി'നെ വരവേല്‍ക്കാന്‍ ഇടമറ്റം ഒരുങ്ങി. ധനുമാസത്തിലെ തിരുവാതിരയക്കു മുന്നോടിയായി 108 പേര്‍ അണിനിരക്കുന്ന തിരുവാതിരയ്ക്കാണ് ഇടമറ്റം സാക്ഷിയാകുന്നത്. ഇടമറ്റം ശ്രീഭദ്ര വിദ്യാനികേതന്റെ ആഭിമുഖ്യത്തില്‍ ഏഴിന് വൈകിട്ട് 6.30ന് സ്‌കൂള്‍ മൈതാനത്ത്് വീട്ടമ്മമാരും വിദ്യാര്‍ഥികളും ചേര്‍ന്ന് ആതിര നിലാവെന്നപേരില്‍ സംഘടിപ്പിച്ചിരിക്കുന്ന തിരുവാതിരകളി അവതരിപ്പിക്കും. കേരളത്തിന്റെ പാരമ്പര്യകലകളില്‍ ഒന്നായ തിരുവാതിര ശിവ-പാര്‍വതി വിവാഹത്തിന്റെ ഐതിഹ്യത്തിലാണ് കൊണ്ടാടുന്നത്. കുടുംബ സൗഖ്യത്തിനും ഭര്‍ത്താവിന്റെയും കുട്ടികളുടേയും സൗഖ്യത്തിനുമായാണ് ധനുമാസത്തിലെ തിരുവാതിര നാളില്‍ സ്ത്രീകള്‍ തിരുവാതിര അവതരിപ്പിക്കുന്നത്്. സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണവും പാരമ്പര്യകലയുടെ പ്രാധാന്യവും ബോധ്യപ്പെടുത്താനുമായാണ് തിരുവാതിരമേള സംഘടിപ്പിക്കുന്നത്. വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങില്‍ പൂഞ്ഞാര്‍ കോവിലകത്തെ ഉഷാവര്‍മ ഉദ്ഘാടനം നിര്‍വഹിക്കും.