മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് മലിനജല തടാകം

Friday 6 January 2017 10:06 pm IST

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തി മാലിന്യജല തടാകംരൂപം കൊണ്ടു. കാര്‍ഡിയോളജി വാര്‍ഡിനും ഗൈനക്കോളജി വാര്‍ഡിനും നഴ്‌സിംഗ് സ്‌കൂളിനും ഇടയിലുള്ള താഴ്ന്ന പ്രദേശത്താണ് മാലിന്യ തടാകം രൂപപ്പെട്ടിരിക്കുന്നത്. വാര്‍ഡുകളിലെ കക്കൂസുകളില്‍ നിന്നുള്ള മാലിന്യക്കുഴല്‍ കടന്ന് പോകുന്നത് ഇതുവഴിയാണ്. സമീപമുള്ള ടാങ്കില്‍ എത്തുന്ന മാലിന്യക്കുഴല്‍ പൊട്ടിയൊലിക്കുകയാണ്. മനുഷ്യവിസര്‍ജ്ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ഒഴുകി തുറസ്സായ സ്ഥലത്തെത്തുന്നത്. ഇവിടെനിന്ന് ഈ മാലിന്യം സമീപമുള്ള ജലസ്രോതസുകളിലും തോട്ടിലും മീനച്ചിലാറ്റിലും എത്തുന്നു. നാളുകള്‍ക്ക് മുന്‍പ് ആര്‍പ്പൂക്കര, മാന്നാനം പ്രദേശത്തുള്ള ജനങ്ങള്‍ക്ക് മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ചിരുന്നു. അന്ന് കാരണം കണ്ടെത്തിയത് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മാലിന്യപ്രവാഹം കിണറുകളിലും ജലസ്രോതസുകളിലും എത്തി ജനങ്ങള്‍ ആ ജലം കുടിച്ചതുമൂലമാണെന്നായിരുന്നു. ഇവിടെ വീണ്ടും അതേ ചരിത്രം ആവര്‍ത്തിക്കുന്നു. വേനലിന്റെ പിടിയിലമര്‍ന്ന പ്രദേശത്ത് കുടിവെള്ളംപോലും ലഭ്യമല്ലാത്ത അവസ്ഥയില്‍ ജലം മലിനമാകുവാനുള്ള സ്ഥിതിവിശേഷത്തെ അധികാരികള്‍ നിസ്സാരവത്ക്കരിക്കുകയാണ്. പ്രദേശത്തെ ജനങ്ങളെ ഒന്നടങ്കം രോഗികളാക്കിത്തീര്‍ത്തേക്കാവുന്ന പ്രശ്‌നത്തെ മെഡിക്കല്‍ കോളേജ് അധികാരികളും തദ്ദേശഭരണസ്ഥാപനങ്ങളും ഗൗരവപൂര്‍വ്വം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.