നാലു പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ സിപിഎം ഗുണ്ടാ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകന് ഗുരുതരപരിക്ക്; പ്രതിഷേധ പ്രകടനത്തിനു നേരെ ലാത്തിച്ചാര്‍ജ്‌

Friday 6 January 2017 10:37 pm IST

നാവായിക്കുളം: ഞെക്കാട് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം-ഡിഫി ഗുണ്ടകളുടെ ആക്രമണം. ബിജെപി പ്രവര്‍ത്തകന് ഗുരുതര പരിക്ക്. ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ വര്‍ക്കല സിഐയുടെ നേതൃത്വത്തില്‍ പോലീസ് ലാത്തിച്ചാര്‍ജ്. ഒരു ബിജെപി പ്രവര്‍ത്തകന്റെ കൈ പോലീസ് തല്ലി ഒടിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കരവാരം, നാവായിക്കുളം, ഒറ്റൂര്‍, ചെമ്മരുതി എന്നീ പഞ്ചായത്തുകളില്‍ ബിജെപി ഇന്ന് ഹര്‍ത്താലാചരിക്കും. ഞെക്കാട് സ്‌കൂള്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന എബിവിപി കൊടിമരവും പതാകയും സിപിഎം-എസ്എഫ്‌ഐ ഗുണ്ടകള്‍ നശിപ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പതാക നശിപ്പിക്കുന്നത് കണ്ട് തടയാനെത്തിയ ആര്‍എസ്എസ്-എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ സംഘടിച്ചെത്തിയ അമ്പതോളം സിപിഎം ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വടിവാള്‍, ബിയര്‍കുപ്പി, പട്ടിക കഷ്ണങ്ങള്‍, കല്ല് മുതലായവ ഉപയോഗിച്ചായിരുന്നു ആക്രമണം. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് മേനംപാറ ഷിബുവിനാണ് സിപിഎം ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഷിബു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റ താലൂക്ക് കാര്യവാഹ് രാജു കടമ്പാട്ടുകോണം, എബിവിപി പ്രവര്‍ത്തകര്‍ എന്നിവരെ വര്‍ക്കല താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷാവസ്ഥ മുന്‍നിര്‍ത്തി വര്‍ക്കല സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യാനാരംഭിച്ചു. സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സമാധാപരമായി കല്ലമ്പലം മുതല്‍ ഞെക്കാട് വരെ പ്രകടനം നടത്താന്‍ തീരുമാനിച്ച് കല്ലമ്പലത്ത് ഒത്തുകൂടി. എന്നാല്‍ പ്രകടനം ആരംഭിക്കും മുമ്പ് കല്ലമ്പലത്തു വച്ച് ഒരു പ്രകോപനവും കൂടാതെ വര്‍ക്കല സിഐയുടെ നേതൃത്വത്തില്‍ പോലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് ആരംഭിച്ചു. പോലീസ് മര്‍ദ്ദനത്തില്‍ ബിജീഷ് എന്ന പ്രവര്‍ത്തകന്റെ കൈയാണ് ഒടിഞ്ഞത്. ബിജീഷിനെ വര്‍ക്കല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. സിപിഎം എംഎല്‍എ ജോയിയുടെ നേതൃത്വത്തില്‍ അടുത്തകാലത്തായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം നിരന്തരം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാനസമിതി അംഗം ആലംകോട് ദാനശീലന്‍ ആരോപിച്ചു. പോലീസ് സിപിഎം ക്രിമിനലുകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. അകാരണമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം ഗുണ്ടാസംഘത്തെ അറസ്റ്റു ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവും കൂടാതെ പ്രതിഷേധ പ്രകടനത്തിന് നേരെ ലാത്തിച്ചാര്‍ജ് നടത്താന്‍ നേതൃത്വം നല്‍കിയ വര്‍ക്കല സിഐയെ അന്വേഷണവിധേയമായി സസ്‌പെന്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് ബിജെപി രൂപം കൊടുക്കുമെന്നും ദാനശീലന്‍ മുന്നറിയിപ്പു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.