കുറ്റിക്കോലില്‍ സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായി

Friday 6 January 2017 10:54 pm IST

കാസര്‍കോട്: കാലങ്ങളായി സിപിഎം ഭരണം നടത്തുന്ന കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി. ഇന്നലെ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ്സ് വിമത വിജയിച്ചു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട പി.ജെ. ലിസിയാണ് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മിലെ ഓമനാ ബാലകൃഷ്ണനെയാണ് ലിസി പരാജയപ്പെടുത്തിയത്. ലിസിക്ക് ബിജെപിയുടെ മൂന്ന് അംഗങ്ങളുടേതടക്കം ഒമ്പത് വോട്ടും ഓമനാ ബാലകൃഷ്ണന് ഏഴ് വോട്ടുമാണ് ലഭിച്ചത്.  ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറായിരുന്നു വരണാധികാരി. പഞ്ചായത്ത് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള ഭരണസമിതി യോഗം നടന്നത് ശക്തമായ പോലീസ് കാവലിലാണ്. നേരത്തെ സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എന്‍.ടി. ലക്ഷ്മിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. ബിജെപിയിലെ വി.ദാമോദരനെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പിന്തുണച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങളെ ഒരുവര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് ആര്‍എസ്പി അംഗമുള്‍പ്പെടെയുള്ള യുഡിഎഫ് വിമതര്‍ ബിജെപി പിന്തുണയോടെ കുറ്റിക്കോലില്‍ ഭരണം സിപിഎമ്മില്‍ നിന്നും പിടിച്ചെടുത്തത്. ചരിത്രത്തിലാദ്യമായാണ് കുറ്റിക്കോലില്‍ സിപിഎമ്മിന്റേതല്ലാത്ത പഞ്ചായത്ത് പ്രസിഡണ്ട് അധികാരത്തില്‍ വന്നിരിക്കുന്നത്. വിഭാഗീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് സംസ്ഥാന തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച ബേഡകം ഏരിയാ കമ്മറ്റി ഉള്‍പ്പെടുന്ന പ്രദേശമാണ് കുറ്റിക്കോല്‍ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ലക്ഷ്മി പ്രതിപക്ഷ അംഗങ്ങളോടൊന്നും സഹകരിക്കാതെ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് അവിശ്വാസ പ്രമേയം കൊണ്ടു വന്നതെന്ന് യുഡിഎഫ് വിമതര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഭരണമുണ്ടായിട്ടും കുറ്റിക്കോല്‍ പഞ്ചായത്ത് നിലനിര്‍ത്താന്‍ കഴിയാത്തത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.