രാമഭദ്രന്‍ വധക്കേസ്: സുമന്‍ കീഴടങ്ങി

Friday 6 January 2017 10:59 pm IST

അഞ്ചല്‍: കോണ്‍ഗ്രസ് നേതാവായിരുന്ന നെട്ടയം രാമചന്ദ്രവിലാസത്തില്‍ രാമഭദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം അഞ്ചല്‍ ഏരിയാ സെക്രട്ടറി പി.എസ്.സുമന്‍ സിബിഐക്ക് മുന്നില്‍ കീഴടങ്ങി. 2010 ഏപ്രില്‍ 10ന് നെട്ടയം ഗുരുമന്ദിരത്തിലെ ഉത്സവ ഘോഷയാത്രക്കിടെ നിസാരതര്‍ക്കത്തെ തുടര്‍ന്നാണ് സിപിഎം അക്രമികള്‍ വീട്ടില്‍ കടന്നുകയറി പെണ്‍മക്കളുടെ ഒപ്പം അത്താഴം കഴിക്കുകയായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയത്. പോലീസ് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുന്നുവെന്നാരോപിച്ച് ഭാര്യ ബിന്ദു നല്‍കിയ അപേക്ഷയില്‍ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ നടത്തിയ അന്വേഷണത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ എസ്.ജയമോന്‍, ജില്ലാകമ്മറ്റിയംഗം കെ.ബാബുപണിക്കര്‍, ഏരിയാ സെക്രട്ടറി പി.എസ്.സുമന്‍ എന്നിവര്‍ ഗൂഢാലോചനയിലും കൊലപാതകികള്‍ക്ക് താവളമൊരുക്കുന്നതിനും നേതൃത്വം നല്‍കിയതായി കണ്ടെത്തിയത്. നിലവില്‍ കാഷ്യുകോര്‍പ്പറേഷന്‍ ചെയര്‍മാനായ ജയമോഹന്‍ ഇപ്പോള്‍ ജാമ്യത്തിലും ബാബുപണിക്കര്‍ ജയിലിലുമാണ്. സുമന്‍ ഒന്നര മാസമായി ഒളിവിലായിരുന്നു. കണ്ണൂരിലും ഇടുക്കിയിലും മറ്റ് പാര്‍ട്ടി ഒളികേന്ദ്രങ്ങളിലും കഴിഞ്ഞിരുന്ന സുമന്‍ പാര്‍ട്ടി ജില്ലാകമ്മറ്റി ആവശ്യപ്പെട്ടിട്ടും കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സുമന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഗത്യന്തരമില്ലാതെയാണ് സുമന്‍ സിബിഐക്ക് മുന്നില്‍ കീഴടങ്ങിയത്. ജില്ലയിലെ സിപിഎം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ദ്രുതകര്‍മ്മസേനയിലെ അക്രമികളാണ് രാമഭദ്രനെ കൊന്നു തള്ളിയതെന്നത് രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാനേതാവ് സിയാദ് പുനലൂര്‍, ഇളമാട് വില്ലേജ് സെക്രട്ടറി മുനീര്‍, സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും എസ്എഫ്‌ഐ മുന്‍ ജില്ലാ വൈസ്പ്രസിഡന്റുമായ ടി.അഫ്‌സല്‍, മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം മാക്‌സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊലപാതകമെന്നാണ് സിബിഐ കണ്ടത്തിയത് . സുമന്‍ പിടിയിലായതോടെ കൊലപാതകത്തിന്റെ ആസൂത്രണത്തെക്കുറിച്ചും പ്രതികള്‍ ഒളിവില്‍ താമസിച്ചതിനെക്കുറിച്ചുമുള്ള ചുരുളുകള്‍ അഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.