മകളുടെ ചങ്ങമ്പുഴ

Wednesday 11 January 2017 2:10 pm IST

രമണി

ചങ്ങമ്പുഴയുടെ രമണന്‍  എണ്‍പത് വയസ് പിന്നിട്ടു. ആ കാവ്യഗന്ധര്‍വ്വന്റെ മകള്‍ ലളിത, അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉമ ആനന്ദുമായി പങ്കുവയ്ക്കുന്നു…

1911 ഒക്ടോബര്‍ 11 നാണ് തെക്കേടത്ത് വീട്ടില്‍ നാരായണമേനോന്റേയും ചങ്ങമ്പുഴ തറവാട്ടിലെ പാറുക്കുട്ടി അമ്മയുടേയും മകനായി കൊച്ചുകുട്ടന്‍ എന്ന കൃഷ്ണപിളള ജനിക്കുന്നത്. വക്കീല്‍ ഗുമസ്തനായിരുന്നു അച്ഛന്‍. അദ്ദേഹത്തിന് ജ്യോതിഷത്തിലും നല്ല പാണ്ഡിത്യമുണ്ടായിരുന്നു. മകന്റെ ജാതകമെഴുതിയതും അച്ഛന്‍ തന്നെയായിരുന്നു. ‘ കാലശേഷവും ജ്വലിച്ചുനില്‍ക്കും’ എന്നായിരുന്നു അച്ഛന്റെ ജാതകത്തില്‍ കുറിച്ചത്.

അച്ഛന്‍, അദ്ദേഹത്തിന്റെ അമ്മയെ നല്ലമ്മ എന്നും അച്ഛനെ നല്ലച്ഛന്‍ എന്നുമാണ് വിളിച്ചിരുന്നത്. കൃഷ്ണപിള്ളയെന്ന കൊച്ചുകുട്ടനെ ഉറക്കാന്‍ നല്ലമ്മ പാടിയിരുന്ന നാടന്‍ പാട്ടുകളും തിരുവാതിരപ്പാട്ടുകളുമാണ് ആ ഹൃദയത്തില്‍ ആദ്യമായി പതിഞ്ഞത്. ഊട്ടാനും ഉറക്കാനും നല്ലമ്മ തന്നെ വേണമെന്നത് കൊച്ചുകുട്ടന്റെ ശാഠ്യങ്ങളിലൊന്നായിരുന്നു. അഞ്ചുവയസ്സായപ്പോള്‍ കൊച്ചുകുട്ടനെന്ന ഞങ്ങളുടെ അച്ഛനെ ഇടപ്പള്ളി ഗവ.പ്രൈമറി ഹൈസ്‌കൂളില്‍ ചേര്‍ത്തു. കൊച്ചുകുട്ടനും മറ്റു കുട്ടികള്‍ക്കും മധുരം നല്‍കി എതിരേറ്റത് ഡ്രോയിങ് മാസ്റ്റര്‍ സി.കെ. രാമന്‍ മേനോനായിരുന്നു. പില്‍ക്കാലത്ത് രാമന്‍ മേനോന്റെ മകന്‍ അപ്പുവിന് അച്ഛന്‍ ഇംഗ്ലീഷ് ട്യൂഷന്‍ എടുത്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം ആ അദ്ധ്യാപകന്റെ മകളെ അദ്ദേഹം വിവാഹം ചെയ്തു-ഞങ്ങളുടെ അമ്മ ശ്രീദേവിയെ.

മുത്തച്ഛന്‍ വല്യ കര്‍ക്കശക്കാരനായിരുന്നു. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് അദ്ദേഹം മട്ടാഞ്ചേരിയില്‍ നിന്ന് വീട്ടിലേക്ക് വന്നിരുന്നത്. മുത്തച്ഛന്‍ വരുന്ന ദിവസം അച്ഛന്‍ അടങ്ങിയൊതുങ്ങിയിരുന്ന പഠിക്കുമായിരുന്നത്രെ. ഏകദേശം ഒമ്പത് വയസ്സുള്ളപ്പോള്‍ മുതലാണ് അച്ഛന്‍ കവിതകളെഴുതിത്തുടങ്ങിയതത്രെ. ആദ്യത്തെ കവിത പിറവികൊണ്ടതിങ്ങനെയാണ്. കളിക്കുന്നതിനിടയില്‍ കൂട്ടുകാരനെ മര്‍ദ്ദിച്ചതിന് അമ്മയില്‍ നിന്ന് നല്ല തല്ലുവാങ്ങി ദുഖിച്ചിരുന്ന സമയത്ത് മനസ്സില്‍ എന്തൊക്കയോ തോന്നലുകള്‍ ഉറവയെടുത്തു. നടന്ന സംഭവങ്ങളെല്ലാം പദ്യമായി എഴുതണമെന്ന തോന്നല്‍. അങ്ങനെ ആദ്യത്തെ കവിത പിറന്നു. ആ കവിതയ്ക്ക് നൂറോളം വരികള്‍ ഉണ്ടായിരുന്നു.

തൃക്കണ്‍ പുരമെന്ന പേരുകേട്ടമ്പലം
ബാലകൃഷ്ണന്‍ തന്റെ വാസദേശം
കുറ്റിച്ചക്കലയാം വീടിന്റെ മുമ്പിലെ
കുറ്റിക്കാടുള്ള കളിപ്രദേശം
ഇതാണ് ആദ്യ കവിതയിലെ ആദ്യ നാലുവരികള്‍. കവിത വായിച്ച വീട്ടുകാരും കൂട്ടുകാരും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അച്ഛന്‍ സെക്കന്റ് ഫോറത്തിലെത്തിയപ്പോള്‍, സെക്കന്റ് ഫോറത്തില്‍ പരാജയപ്പെട്ട ഇടപ്പള്ളി രാഘവന്‍പിള്ള ആ ക്ലാസിലുണ്ടായിരുന്നു. അവിടെ നിന്നാണ് അവര്‍ തമ്മിലുള്ള ആത്മബന്ധം ഉടലെടുത്തത്. കവിതകളെഴുതി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമിടയില്‍ സ്ഥാനം നേടിയെടുത്ത രാഘവന്‍പിള്ളയ്ക്ക് പുതിയ കവി ക്ലാസില്‍ വരുന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അച്ഛന്റെ കവിതകള്‍ക്ക് പാരഡി എഴുതുമായിരുന്നു രാഘവന്‍ പിള്ള.

ആരുവാങ്ങുമിന്നാരുവാങ്ങുമി-
ന്നാരാമത്തിന്റെ രോമാഞ്ചം
എന്ന വരികള്‍ക്ക് അച്ഛന്റെ മുത്തശ്ശിയുടെ തോളത്തുണ്ടായിരുന്ന കടല വലുപ്പത്തിലുള്ള അരിമ്പാറയെ കളിയാക്കിക്കൊണ്ട് ഇടപ്പള്ളി പാരഡി എഴുതിയത്,
ആരുവാങ്ങുമിന്നാരുവാങ്ങുമി-
ന്നാറുകാശിന്റെ കടലക്ക

പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന അച്യുതവാരിയര്‍ നല്ലൊരു ഭാഷാപ്രേമിയായിരുന്നു. അച്ഛന്റെ കഴിവുകള്‍ മനസ്സിലാക്കി പ്രോത്സാഹനം നല്‍കിയ അദ്ദേഹം ഇടപ്പള്ളി രാഘവന്‍ പിള്ളയേയും പ്രോത്സാഹിപ്പിക്കാന്‍ മറന്നില്ല. ആത്മമിത്രങ്ങളായി മാറിയ ഇരുവരും പിന്നീട് ഇടപ്പള്ളി കവികള്‍ എന്ന പേരിലാണ് അറിയപ്പെട്ടത്.
അച്ഛന്‍ എറണാകുളം മഹാരാജാസില്‍ പഠിക്കുന്ന കാലം. രാഘവന്‍ പിള്ള അപ്പോള്‍ കൊല്ലത്താണ്. കത്തിടപാടുകള്‍ മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ ലഭിച്ച കത്തില്‍ നോ മോര്‍ എന്നെഴുതിയിരുന്നു. അടുത്ത ദിവസം തന്നെ കൂട്ടുകാരനെ കാണാന്‍ തീരുമാനിച്ച അച്ഛന് കിട്ടിയ വാര്‍ത്ത രാഘവന്‍പിള്ളയുടെ ആത്മഹത്യയെക്കുറിച്ചായിരുന്നു. പ്രേമനൈരാശ്യമായിരുന്നു കാരണം.

ജീവിതം തുടങ്ങേണ്ട പ്രായത്തില്‍ ജീവിതം അവസാനിപ്പിച്ച ആത്മസുഹൃത്തിന്റെ നിര്യാണത്തില്‍ ദുഃഖം താങ്ങാനാവാതെ തകര്‍ന്ന മുരളി എന്ന കാവ്യം രചിച്ചു. എന്നിട്ടും ആ മനസ്സ് ശാന്തമായില്ല. തുടര്‍ന്നാണ് പ്രശസ്തിയുടെ കൊടുമുടി കയറിയ, മലയാളിയുടെ കണ്ണും കരളും അലിയിച്ച ‘രമണന്‍’ എന്ന വിലാപകാവ്യം രചിച്ചത്. ലോകത്തിലെ കാമുകന്മാരുടെ നെഞ്ചിടിപ്പുകള്‍ക്ക് വാങ്മയം നല്‍കിയ രമണനിലൂടെ മലയാള കവിതയുടെ ജാതകം തന്നെ മാറ്റിയെഴുതി.
ഇതേ കാലഘട്ടത്തിലാണ് വിവാഹാലോചന തുടങ്ങുന്നത്. ഇതറിഞ്ഞ അദ്ധ്യാപകന്‍ രാമന്‍ മേനോന്‍ മകളെ വിവാഹമാലോചിച്ചു. അച്ഛന് സമ്മതമായിരുന്നെങ്കിലും അമ്മ തന്റെ അനിഷ്ടം കുളക്കടവില്‍ കൂട്ടുകാരികളോട് പങ്കുവച്ചതറിഞ്ഞ് ഇരുവീട്ടുകാരും തമ്മില്‍ ചര്‍ച്ച നടന്നു. അമ്മയുടെ അച്ഛന്റെ ഇഷ്ടപ്രകാരം ചങ്ങമ്പുഴത്തറവാട്ടില്‍ വിവാഹം നടത്തി.

തനി നാടന്‍ പെണ്‍കുട്ടിയായിരുന്നു അമ്മ. ഒരു ശുദ്ധഗതിക്കാരി. വിവാഹശേഷമാണ് ആദ്യമായി സിനിമ കണ്ടതുപോലും. ഇടവേളയ്ക്കിടയില്‍ വെളിച്ചം വന്നപ്പോള്‍ സിനിമ അവസാനിച്ചെന്നുകരുതിയ പാവം പെണ്‍കുട്ടി. കവിയായതുകൊണ്ട് അച്ഛന് ധാരാളം ആരാധികമാരുണ്ടായിരുന്നു. അവരുടെ പ്രേമലേഖനങ്ങളും വരുന്നത് പതിവായിരുന്നു. ഇതൊന്നും അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടാവാം സ്വന്തമായി താല്‍പര്യങ്ങളോ ആഗ്രഹങ്ങളോ അവര്‍ക്കുണ്ടായിരുന്നില്ല. ഇക്കാര്യം കൊണ്ടുതന്നെ മക്കളുടെ എഴുത്തും വായനയും ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. മാത്രമല്ല പെണ്‍മക്കള്‍ക്ക് സാഹിത്യകാരന്മാരുടെ വിവാഹാലോചനകള്‍ വന്നപ്പോള്‍ നടത്തിയതുമില്ല.

ഇതിനിടെ അച്ഛന്‍ മദിരാശിയില്‍ ലോ കോളേജില്‍ ചേര്‍ന്നു. പക്ഷെ പഠനം മുഴുമിപ്പിക്കാതെ നാട്ടിലേക്ക് മടങ്ങി. കുറച്ചുകാലം തൃശ്ശൂരില്‍ മംഗളോദയം മാസികയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചു. മുത്തശ്ശിയുടെ നിര്‍ദ്ദേശ പ്രകാരം പിന്നെ ഇടപ്പള്ളിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

ഞങ്ങള്‍ നാല് മക്കളായിരുന്നു. എന്നെ കൂടാതെ ശ്രീകുമാര്‍,അജിത, ജയദേവന്‍ എന്നിവര്‍. ഗീതഗോവിന്ദത്തില്‍ ആകൃഷ്ടനായിരുന്ന അച്ഛന്‍ അതിന്റെ രചയിതാവ് ജയദേവന്റെ പേരാണ് സഹോദരന് നല്‍കിയത്. പക്ഷെ ആ സഹോദരന്‍ ഒന്നരവയസ്സില്‍ മരണമടഞ്ഞു. എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛന് അസുഖം തുടങ്ങിയത്. ചുമയായിരുന്നു തുടക്കം. ഡോക്ടര്‍ മരുന്ന് നല്‍കിയെങ്കിലും ചുമയുടെ ലക്ഷണം കണ്ടിട്ട് ക്ഷയരോഗമുണ്ടെന്ന സംശയം പറഞ്ഞു. അത് സത്യമായി. ക്ഷയരോഗത്തിന്റെ രാജാവായ രാജരഷ്മയാണ് ബാധിച്ചിരുന്നത്.
ഞങ്ങള്‍ കുട്ടികള്‍ ചെറുതായിരുന്നതിനാല്‍ രോഗം പകരാതിരിക്കാനായി തനിയെ പുരകെട്ടി അവിടെയാണ് അച്ഛന്‍ താമസിച്ചത്. രണ്ടു മക്കള്‍ മുറ്റത്ത് ഓടി നടക്കുന്നത് ദൂരെനിന്നും കാണാറുണ്ടായിരുന്നു. ഇളയ മകളായ എന്നെ കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ തൃശൂരിലെ മംഗളോദയം നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചു. ചികിത്സയും ആരംഭിച്ചു.

കുട്ടികളേയും കൊണ്ട് ആശുപത്രിയില്‍ പോകാന്‍ അമ്മ ശ്രീദേവിക്ക് കഴിയാതിരുന്നതിനാല്‍ അച്ഛന്റെ അനിയന്‍ പ്രഭാകരനാണ് ആശുപത്രിയില്‍ ശുശ്രൂഷിച്ചുകൊണ്ടിരുന്നത്. ഒരു ദിവസം മുത്തശ്ശിക്ക് അച്ഛനെ കാണാന്‍ ആഗ്രഹം തോന്നി. കൊച്ചുമകന്‍ ശ്രീകുമാറിനേയും കൂട്ടി തൃശൂര്‍ക്ക് വണ്ടി കയറി. സ്ഥലമറിയാതെ ഒരു സ്റ്റോപ്പ് മുന്നിലിറങ്ങി. പുറകോട്ട് അത്രയും ദൂരം നടന്ന് ആശുപത്രി എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആരോഗ്യസ്ഥിതി കുറച്ചുമെച്ചപ്പെട്ടപ്പോള്‍ കോയമ്പത്തൂരില്‍ ഒരു പരിപാടിക്ക് പോകാന്‍ തയ്യാറായി കാറില്‍ കയറാന്‍ തുടങ്ങുകയായിരുന്നു. പെട്ടന്ന് ക്ഷീണം തോന്നി കിടന്നു. നിമിഷങ്ങള്‍ക്കകം മരണം സംഭവിച്ചു. 1948 ജൂണ്‍ 17 നാണ് അച്ഛന്റെ വേര്‍പാട്.

സ്വന്തം നാടായ ഇടപ്പള്ളിയിലായിരുന്നു സംസ്‌കാരം. അച്ഛന്റെ സ്മരണ നിലനിര്‍ത്താന്‍ ചങ്ങമ്പുഴ പാര്‍ക്കും ചങ്ങമ്പുഴ ഗ്രന്ഥശാലയും ഇടപ്പള്ളിയിലുണ്ട്. വര്‍ഷംതോറും ഇവിടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. 79-ാം വയസ്സില്‍ അമ്മയും മരിച്ചു. മൂത്തസഹോദരന്‍ ശ്രീകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന്റെ മകന്‍ ഹരികുമാര്‍ മലയാളത്തില്‍ ഡോക്ടറേറ്റ് എടുത്ത് കോട്ടയത്ത് അദ്ധ്യാപകനായി ജോലി ചെയ്യുന്നു. സഹോദരി അജിത കുടുംബത്തോടെ ആത്മഹത്യ ചെയ്തു. ഒമ്പത് വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ ഭര്‍ത്താവ് സദാശിവനേയും നഷ്ടമായി. ഇപ്പോള്‍ മകനോടൊപ്പം പുതുക്കലവട്ടത്ത് താമസം. മകള്‍ സകുടുംബം ബെംഗളൂരുവില്‍.

എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛന്റെ മരണം. അച്ഛന്റെ ഒരു ഫോട്ടോ അല്ലാതെ അച്ഛന്റേതെന്നുപറയാന്‍ സ്വന്തമായി ഒന്നുമില്ല. പിന്നെ അമ്മ പകര്‍ന്നു നല്‍കിയ മരിക്കാത്ത കുറേ ഓര്‍മകളും മാത്രം.