വിമർശനത്തിന്റെ അകം പൊരുൾ

Saturday 7 January 2017 6:33 pm IST

ഈ അടുത്ത സമയത്തെ മലയാള വാര്‍ത്താ മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ തോന്നുന്നത് എം. ടി. വാസുദേവന്‍ നായര്‍ എന്ന മലയാള സാഹിത്യകാരന്‍ ഏതാണ്ട് ഒരു അപ്രമാദഗതിയായ (ശിളമഹഹശയഹല) സാംസ്‌കാരിക ബിംബം ആണെന്നാണ് തോന്നുക. എന്തു തന്നെ ആരുതന്നെ പറഞ്ഞാലും അഭിപ്രായങ്ങള്‍ പറയാനും വിമര്‍ശിക്കാനും ഉള്ള അനന്തമായ സ്വാതന്ത്ര്യം ഭാരതം പണ്ടുമുതലെ നല്‍കിയിരുന്നു. അതിന്നും അനസ്യൂതമായി ഭാരതത്തില്‍ തുടരുന്നുണ്ട്. ആ സ്വാതന്ത്ര്യത്തെ സാധൂകരിക്കാന്‍ ഉതകുന്നതാണ് ശ്രീ ശങ്കരാചാര്യരുടെ 'വാദേ വാദേ ജായതെ തത്വബോധ എന്ന അനുമാനം. അതേപോലെ അയോദ്ധ്യയിലെ ദശരഥ ചക്രവര്‍ത്തിയുടെ മുമ്പില്‍ കാര്യങ്ങള്‍ നിര്‍ഭയമായി തുറന്ന പറയുന്ന ചാര്‍വ്വാകനെ സംഭാവന ചെയ്ത ഒരു രാഷ്ട്രത്തില്‍ ആരും വിമര്‍ശനാതീതരല്ല. ഈ അടിസ്ഥാന പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ എന്ന മലയാള സാഹിത്യകാരന്‍ നരേന്ദ്ര മോദിയുടെ കള്ളപ്പണ വേട്ടയെ മുഹമ്മദ് ബിന്‍ തുഗ്ലക് എന്ന മധ്യകാല മുഹമ്മദന്‍ സുല്‍ത്താന്റെ ഭരണപരിഷ്‌കാരങ്ങളോട് താരതമ്യം ചെയ്തുകൊണ്ടുള്ള പ്രസ്താവനയെ പരിശോധിക്കുന്നത് ഉചിതമെന്നു കരുതുന്നു. പ്രസ്തുത പ്രസ്താവന യുക്തിസഹമല്ല എന്നുമാത്രമല്ല ചരിത്രത്തോട് ഒട്ടും നീതി പുലര്‍ത്താത്തതുമാണ്. കഥ എഴുതുമ്പോള്‍ വേണമെങ്കില്‍ ഇത്തരം പ്രസ്താവനകളാകാം. ഇവിടെ എം. ടി. വാസുദേവന്‍ നായരുടെ ഇത്തരം ഒരു പ്രസ്താവന കേവലം യാദൃച്ഛികതയില്‍ നിന്ന് ഉരിത്തിരിഞ്ഞതാവാന്‍ സാദ്ധ്യതയില്ല. കള്ളപ്പണക്കാര്‍ക്കും കണ്ടെയിനര്‍ പണക്കാര്‍ക്കും വേണ്ടി ഭരണ പ്രതിപക്ഷങ്ങള്‍ നടത്തിയ സമരത്തിന്റെ പരാജയ ജാള്യത ജനങ്ങളില്‍ നിന്നും മറയ്ക്കാനായി എം. ടി. വാസുദേവന്‍ നായര്‍ എന്ന വിശ്വസ്ത പാര്‍ട്ടി വിധേയന്‍ യജമാനന്മാര്‍ക്കു വേണ്ടി നടത്തിയതാവാം ഈ പ്രസ്താവന. അതുകൊണ്ടാണ് അപ്രസക്തവും അസത്യവുമായ ഈ പ്രസ്താവനയെ കൊടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സഖാക്കന്മാര്‍ സജീവമാക്കി ഇപ്പോഴും നിലനിര്‍ത്തുന്നത്. മുഹമ്മദ് ബിന്‍ തുഗ്ലക് ഭരണ പരിഷ്‌കരണ തീരുമാനങ്ങളില്‍ നിന്ന് പിന്‍തിരിയുക ആയിരുന്നു.നരേന്ദ്ര മോദി എടുത്ത തീരുമാനങ്ങള്‍ സധൈര്യം നടപ്പാക്കിക്കൊണ്ടിരിക്കുകയല്ലേ? ഇവിടെ ആണ് പ്രസ്താവനയുടെ യുക്തിരാഹത്യം പ്രകടമാകുന്നത്. ഈ പ്രസ്താവനയാണ് വിമര്‍ശിക്കപ്പെട്ടത്. എം. ടി. വാസുദേവന്‍ നായര്‍ക്ക് ആരേയും മാന്യവും യുക്തിസഹവുമായി വിമര്‍ശിക്കുവാനവകാശം ഉണ്ട്. ആ വിമര്‍ശനങ്ങള്‍ക്കു ഉചിതമായ മറുപടി നല്‍കുവാനുമുള്ള അവകാശം ഇവിടുത്തെ ജനസാമന്യത്തിനും ഉണ്ട്. ആയതു ഭാരതീയ പാരമ്പര്യത്തനിമ തന്നെയാണ്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണത ഫാഷിസ്റ്റ് കീഴ്‌വഴക്കമാണ്. ഇന്ന് ലോകത്ത് അന്യം നിന്നുകൊണ്ടിരിക്കുന്ന ഏക ഫാഷിസ്റ്റ് വ്യവസ്ഥയാണ് കമ്മ്യൂണിസം. കമ്മ്യൂണിസ്റ്റുകള്‍ 1917 മുതല്‍ 2017 വരെ വരുന്ന നൂറു വര്‍ഷകാലത്ത് ലോകത്ത് ആകമാനം കൊന്നൊടുക്കിയത് പത്തു കോടി മനുഷ്യ ജീവനുകളാണ്. ഇതില്‍ എണ്‍പതു ശതമാനവും വഴിവിട്ട കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തെ വിമര്‍ശിച്ചവരായിരുന്നു. ഈ ക്രൂരതകളരങ്ങേറ്റിയവരില്‍ പ്രമുഖന്മാരാണ് ലെനിന്‍, സ്റ്റാലിന്‍, മാവോ, ഫിദല്‍ കാസ്‌ട്രോ, പോള്‍ പോട്ട്, കിം ഉല്‍ സൂങ്, ചെഗുവേര മുതലായ കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍. ചൈനയിലെ ടീയാനന്‍ ചത്വരത്തിലാണ് ചരിത്രത്തിലെ ഏറ്റവും അവസാന കമ്മ്യൂണിസ്റ്റ് കൂട്ടക്കൊല നടന്നത്. ഗീബില്‍സിനേക്കാള്‍ വലിയ നുണപ്രചാരകരാണ് ഫാഷിസ്റ്റുകളായ കമ്മ്യൂണിസ്റ്റുകള്‍. ചരിത്രവുമായി പുലബന്ധം പോലും ഇല്ലാത്ത സംഭവങ്ങളെ ചരിത്രമായി അവതരിപ്പിക്കും. സോവിയറ്റ് യൂണിയന്‍ പതിനാറു തവണയാണ് എഴുപതു വര്‍ഷങ്ങള്‍ക്ക് ഇടയിലവരുടെ ചരിത്രം മാറ്റി എഴുതിയത്. എം. ടി. വാസുദേവന്‍ നായര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുവാനുള്ള അനന്തമായ സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്. പക്ഷേ ചരിത്ര വിരുദ്ധമായ ഉപമകളാവരുത്. കാരണം ഈ രാഷ്ട്രത്തെ നയിക്കുന്നത് ഫാഷിസ്റ്റ് ആശയങ്ങളല്ല. തനിമയാര്‍ന്ന ഹൈന്ദവ ധര്‍മ്മ വ്യവസ്ഥ തന്നെയാണ്. അതുപോലെ എം.ടി. വാസുദേവന്‍ നായരുടെ അസത്യ പ്രസ്താവനകളെ വിമര്‍ശിക്കുവാന്‍ എ.എന്‍. രാധാകൃഷ്ണനും അവകാശമുണ്ട്. അല്ലാതെ ആശയപരമായും പ്രത്യയശാസ്ത്രപരമായും പരാജയപ്പെടുമ്പോള്‍ കണ്ണൂരിലെപ്പോലെ എതിരാളികളെ അരിഞ്ഞു വീഴ്ത്തുകയല്ല അഭികാമ്യം. എന്തുതന്നെയായാലും ഇപ്പോഴത്തെ ഈ വിവാദം ഒരു തലത്തില്‍ എം. ടി. വാസുദേവന്‍ നായര്‍ക്കു നിഷ്പക്ഷ സാംസ്‌കാരിക പരിവേഷം നല്‍കാനാണെന്നു തന്നെയാണ് എന്നതിനു സംശയം വേണ്ട. കഴിഞ്ഞ രണ്ടു ദശകകാലത്ത് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ സന്ദര്‍ഭങ്ങളിലൊക്കെ എം.ടി. വാസുദേവന്‍ നായരുടെ സാമൂഹ്യ പ്രതിബദ്ധതയുടെ മാനങ്ങളെന്തായിരുന്നു എന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്നു കരുതുന്നു. ഇസ്ലാമിക ഭീകരര്‍ തൊടുപുഴയിലെ പ്രൊഫസര്‍ ജോസഫിന്റെ കരം ഛേദിച്ചപ്പോള്‍ എം.ടി.വാസുദേവന്‍ നായരോ അദ്ദേഹത്തിന്റെ പ്രായോജകരോ ഉരിയാടിയിട്ടുപോലുമില്ല. കാരണം വളരെ സ്പഷ്ടമണ്. സാംസ്‌കാരിക കേരളത്തിനാകെ കളങ്കം ചാര്‍ത്തിക്കൊണ്ട് പാലക്കാട് വിക്‌ടോറിയാ കോളേജിലെ പ്രിന്‍സിപ്പാളിന് ശവകുടീരം തീര്‍ത്തുകൊണ്ടുള്ള യാത്രയയപ്പ് ദൃഷ്ടിയിലെത്തിയതേയില്ല. കാരണം പ്രതികളൊക്കെ എസ്എഫ്‌ഐക്കാരായിരുന്നു. നിലമ്പൂര്‍ വനത്തില്‍ മാവോവാദികളെ നിയമത്തിനു മുമ്പിലെത്തിക്കാതിരുന്ന ഭരണകൂട ഭീകരതയെ വിസ്മരിച്ച ഈ സാഹിത്യകാരന്‍ മുന്‍പ് പലപ്പോഴും ഇത്തരം ഏറ്റുമുട്ടലുകളില്‍ ആശങ്ക പ്രകടിപ്പച്ച ആളല്ലേ? മഹാരാജാസ് കോളേജിന്റെ ചുവരുകളിലെ അസഭ്യ സാഹിത്യം കണ്ടിട്ടു മൗനി ആയ ആളാണിദ്ദേഹം. ആയതിന്റെ തനിയാവര്‍ത്തനം ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജിന്റെ ചുവരുകളിലും പ്രത്യക്ഷപ്പെട്ടു. അപ്പോഴും അദ്ദേഹം മൗനി ആയി. കറന്‍സി നോട്ടുകളുടെ മൂല്യം റദ്ദാക്കലിനെ തുഗ്ലക് പരിഷ്‌കാരങ്ങളുമായി താരതമ്യം ചെയ്തതിന്റെ യുക്തി വ്യക്തമാകുന്നില്ല. ഇദ്ദേഹം ഒരു സാമ്പത്തിക വിദഗ്ദ്ധനല്ല. ഇവ രണ്ടിനെയും തമ്മില്‍ താരതമ്യപ്പെടുത്തിയതിന്റെ യുക്തി അവ്യക്തവും ആണ്. ജനാധിപത്യത്തില്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്'എന്ന സാഹിത്യകാന്‍ സി. രാധാകൃഷ്ണന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. നോട്ടുകളുടെ മൂല്യം റദ്ദാക്കലിനെ പിന്തുണച്ച മോഹന്‍ലാലിനോട് അസഹിഷ്ണത കാണിച്ചവരാണ് എം. ടി. വാസുദേവന്‍ നായരുടെ സംരക്ഷകരായി ഇപ്പോഴിവിടെ അവതരിച്ചിരിക്കുന്നത്. ഇത് തികഞ്ഞ സാസ്‌കാരിക ഫാഷിസം ആണ്. മോഹന്‍ലാലിന് തന്റെ അഭിപ്രായം പ്രകടിപ്പിക്കുവാനുള്ള അവകാശമുണ്ട്. മോഹന്‍ലാല്‍ പറഞ്ഞത് കേവലം വിഡ്ഢിത്തമല്ല. മോഹന്‍ലാലിന് ഇല്ലാത്ത ഒരു പ്രത്യേക അവകാശം മറ്റുചിലര്‍ക്കുണ്ടെന്നതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും വ്യക്തമാകുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അവരുടെ സാംസ്‌കാരിക നായകന്മാരും ദേശീയ ഗാന ആലാപനം, പാക് ഭീകരന്‍ അജ്മല്‍ കസബിന്റെ തൂക്കിലേറ്റം, പാര്‍ലമെന്റാക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ തൂക്കിലേറ്റം തുടങ്ങിയ വിഷയങ്ങളില്‍ എടുത്ത നിലപാടുകളോട് ആരും അസഹിഷ്ണത കാണിച്ചിരുന്നില്ല. പിന്നെ എന്തിനാണ് മറ്റുള്ളവരുടെ നിലപാടുകളോട് അസഹിഷ്ണത പ്രകടിപ്പിക്കുന്നത്. (ലേഖകന്‍ ഭാരതീയ വിചാരകേന്ദ്രം ഉപാദ്ധ്യക്ഷനാണ്)    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.