അരവിന്ദകീര്‍ത്തി

Saturday 7 January 2017 6:40 pm IST

നമ്മുടെയൊക്കെ പുണ്യമായ പരമേശ്വര്‍ജിക്ക് അരവിന്ദകീര്‍ത്തി പുരസ്‌കാരം സമര്‍പ്പിച്ച വേളയില്‍ അതിന് സാക്ഷ്യം വഹിക്കാന്‍ പള്ളിക്കത്തോട് അരവന്ദവിദ്യാമന്ദിരത്തിലെ സപ്താഹമണ്ഡപത്തില്‍ എത്താന്‍ കഴിഞ്ഞത് അനുഗ്രഹീതവേളയായി. തീര്‍ച്ചയായും അതുകൊണ്ട് പുരസ്‌കൃതവും ആദരണീയവുമായത് അതിനവസരം ലഭിച്ച ആ മഹാസ്ഥാപനം തന്നെയാണ്. പുരസ്‌കാര സമര്‍പ്പണം നടത്തിയ യജ്ഞാചാര്യന്‍ സ്വാമി ഉദിത്‌ചൈതന്യയും മുഖ്യ പ്രഭാഷകന്‍ സി.എന്‍. പുരുഷോത്തമന്‍ സാറും എല്ലാം അതേ വികാരപ്രകടനമാണ് നടത്തിയത്. പതിറ്റാണ്ടുകളായി കേരളത്തിലെ ധാര്‍മികബൗദ്ധിക പ്രവര്‍ത്തനങ്ങളുടെ അജണ്ട നിശ്ചയിക്കപ്പെട്ടത് പരമേശ്വര്‍ജിയുടെ അഭിപ്രായ പ്രകടനങ്ങള്‍ മൂലമായിരുന്നുവെന്ന് പിന്തിരിഞ്ഞു നോക്കിയാല്‍ മനസ്സിലാകും. അതിന് തുടക്കം കുറിച്ചത് ശ്രീനാരായണന്‍, നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന പേരില്‍ അദ്ദേഹം എഴുതിയ ഗുരുദേവന്റെ ജീവിതപഠനം പുറത്തിറങ്ങിയതോടെ ആയിരുന്നു. ഭാരതത്തില്‍ 19-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ അലയടിച്ചുവന്ന സാംസ്‌കാരിക, ധാര്‍മിക, ദേശീയ നവവസന്തത്തിന്റെ പരിപ്രേക്ഷ്യത്തിലാണ് പരമേശ്വര്‍ജി ഗുരുദേവനെ അവതരിപ്പിച്ചത്. അതിനും എത്രയോ മുന്‍പുതന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാതഃസ്മരണയില്‍ ''സുധീര്‍ നാരായണോ ഗുരുഃ'' എന്ന് നിത്യേന സ്വയംസേവകര്‍ ചൊല്ലാന്‍ തുടങ്ങിയിരുന്നു. അതിന് മുന്‍പ് പ്രാതസ്മരണയില്‍ കേരളത്തില്‍ നിന്ന് ശ്രീശങ്കരന്‍ മാത്രമേ സ്മരിക്കപ്പെട്ടിരുന്നുള്ളൂ. ബുദ്ധോ ദയാഘനശ്രീമാന്‍ മഹാവീരോജിനേശ്വരഃ യതീന്ദ്രഃ ശങ്കരശ്ചൈവ ത്രയോധര്‍മസ്യധാരകാഃ എന്നായിരുന്നു ശ്ലോകം. സ്വയംസേവകര്‍ ഗുരുദേവനെ എങ്ങനെ കാണണം ആദരിക്കണമെന്ന സന്ദേശം കൂടി ആ പുസ്തകം നല്‍കി. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക പ്രഭാഷണ രംഗങ്ങളിലെ കുലപതിയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന, കോഴിക്കോട് സര്‍വകലാശാലയുടെ ഉപകുലപതിയായ ഡോ.സുകുമാര്‍ അഴീക്കോടാണ് നവോത്ഥാനത്തിന്റെ പ്രവാചകനെ അവതരിപ്പിച്ചത്. അതിന് സാര്‍വത്രികമായ പ്രശംസയും പ്രചാരവും ലഭിച്ചു. സി.ആര്‍.കേശവന്‍ വൈദ്യരും, പൊരുതിയില്‍ നാരായണന്‍ വൈദ്യരും മറ്റും നൂറുകണക്കിന് പുസ്തകങ്ങള്‍ വാങ്ങി പ്രചരിപ്പിച്ചു. മിക്ക പ്രസിദ്ധീകരണങ്ങളും പുസ്തക നിരൂപണം ചെയ്തു. വിചാര വിപ്ലവകാരിയും ഇടതുപക്ഷയുക്തിവാദി സമൂഹത്തിന്റെ മുടിചൂടാമന്നനായി ഘോഷിക്കപ്പെട്ട പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപിള്ള മാതൃഭൂമി വാരികയില്‍ എഴുതിയ വിമര്‍ശനത്തില്‍ നാരായണഗുരുവിനെപ്പറ്റി പുസ്തകമെഴുതാന്‍ ഈ പരമേശ്വരന് ആര് അധികാരം നല്‍കിയെന്നുവരെ ചോദിച്ചു. മലയാളത്തിലെ ഏറ്റവും പ്രസന്നമായ ഗദ്യശൈലിയുടെ ഉടമസ്ഥനും, ശാസ്ത്രജ്ഞനുമായിരുന്ന ഡോ.കെ.ഭാസ്‌കരന്‍ നായര്‍ 'സംസ്‌കാരലോചനം' എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ അതിന് മാതൃഭൂമിയില്‍ കുറ്റിപ്പുഴ എഴുതിയ നിരൂപണത്തിലും പുസ്തകത്തില്‍ സംസ്‌കാരം കണ്ടില്ലെന്ന് മാത്രമല്ല, അതിനുള്ളില്‍ പതിയിരിക്കുന്ന ആര്‍എസ്എസ് സര്‍പ്പം ഫണമുയര്‍ത്തുന്നതും കണ്ട് മുന്നറിയിപ്പ് നല്‍കി. അതിനോട് പ്രതികരിച്ചുകൊണ്ട് മാതൃഭൂമിയുടെ തന്നെ പത്രാധിപരായിരുന്ന സി.എച്ച്.കുഞ്ഞപ്പ സംസ്‌കാരലോചനത്തില്‍ പ്രതിഫലിക്കുന്നതാണ് ആര്‍എസ്എസ് ചിന്തകളെങ്കില്‍ നേര്‍വഴിക്കു ചിന്തിക്കുന്നവരൊക്കെ അത് സ്വീകരിക്കണമെന്നഭിപ്രായപ്പെടുകയുണ്ടായി. ഏതായാലും ഭാവാത്മക ദേശീയതയിലൂന്നിയ പരമേശ്വര്‍ജിയുടെ സൃഷ്ടികള്‍ അവ ലേഖനങ്ങളോ പ്രബന്ധങ്ങളോ കവിതകളോ എന്തായാലും ഇടതുപക്ഷ ചിന്തകരെ, വിശിഷ്യാ സിപിഎമ്മുകാരെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത്. അതിനെ അപഹസിക്കാന്‍ മാത്രമെന്നപോലെ 'അഘശംസി' എന്ന തൂലികാനാമത്തില്‍ ഒരു സംസ്‌കൃതപണ്ഡിതനായ സഖാവിനെ ദേശാഭിമാനി നിയോഗിച്ചിരുന്നത് ഓര്‍ക്കുന്നു. അനുപദമനുപദമന്യദേശങ്ങള്‍ തന്‍ അപദാനം പാടുന്ന പാട്ടുകാരാ.... എന്നുതുടങ്ങുന്ന അദ്ദേഹത്തിന്റെ കവിത ഒരുകാലത്ത് (ഇന്നും) സംഘവേദികളില്‍ അലയടിച്ചിരുന്നു. ''മതി മതി ദേശാഭിമാനത്തിന്‍ തോലേന്തി ഞെളിയായ്ക നീ ശുദ്ധ നന്ദികേടേ'' എന്ന അതിലെ വരികള്‍ ചെന്നുതറച്ച നെഞ്ചിന്റെ ഉടമകള്‍ പ്രതികരിച്ചില്ലെങ്കിലേ അതിശയിക്കേണ്ടൂ. പരമേശ്വര്‍ജി പ്രതിനിധാനം ചെയ്യുന്ന ആശയത്തെയും പ്രസ്ഥാനത്തെയും അസഹിഷ്ണുതയുടെയും ഫാഷിസത്തിന്റെയും മുഖംമൂടിയണിഞ്ഞ് ആരോപണമുയര്‍ത്തിക്കൊണ്ട് ഈയിടെയും കോലാഹലങ്ങളും പ്രതിഷേധങ്ങളുമായി വെളിച്ചപ്പെടലുകള്‍ സംഘടിപ്പിച്ചു വരികയാണ്. എം.ടി.വാസുദേവന്‍ നായര്‍ കറന്‍സി നിര്‍മൂല്യത നയത്തെ എതിര്‍ത്തതിനെ ബിജെപി സംസ്ഥാന ജന.സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ വിമര്‍ശിച്ചത് സാംസ്‌കാരിക ഫാഷിസമാണെന്നാരോപിച്ച് സംസ്ഥാനമൊട്ടാകെ ഇടതു കോണ്‍ഗ്രസ്, മുസ്ലിംലീഗ് സംസ്‌കാരവാദികള്‍ വാളെടുത്ത് ഉറഞ്ഞുതുള്ളുകയാണല്ലൊ. പരമേശ്വര്‍ജിയെയും ഡോ. ഭാസ്‌കരന്‍ നായരെയും പറ്റി കുറ്റിപ്പുഴ പറഞ്ഞ അഭിപ്രായത്തോളം അസഹിഷ്ണുതയും കുടിലതയും രാധാകൃഷ്ണന്റെ അഭിപ്രായപ്രകടനത്തില്‍ കാണുന്നുണ്ടോ. സംഘ സ്വയംസേവകര്‍ ഓരോ സംഭവത്തേയും പരിതസ്ഥിതിയേയും എങ്ങനെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യണമെന്നതിന് പരമേശ്വര്‍ജിയുടെ കൃതികള്‍ മാര്‍ഗദര്‍ശകങ്ങളാണ്. സംഘത്തിന്റെ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖനും മൗലിക ചിന്തകനുമായിരുന്ന ഉമാകാന്ത് കേശവ (ബാബസാഹിബ്) ആപ്‌ടേ ഒരിക്കല്‍ വളരെ താല്‍പര്യപൂര്‍വം ഇഎംഎസിന്റെ ഗാന്ധി ആന്‍ഡ് ഗാന്ധിസം എന്ന പുസ്തകം വായിക്കുന്നത് കണ്ടു. കമ്യൂണിസ്റ്റുകാര്‍ ഗാന്ധിജിയെ എങ്ങനെ വീക്ഷിക്കണം എന്ന് പഠിപ്പിക്കുന്ന ആ പുസ്തകം വളരെ ഇഷ്ടപ്പെട്ടു എന്നദ്ദേഹം പറഞ്ഞു. ഗാന്ധി, മാര്‍ക്‌സ്, വിവേകാനന്ദന്‍ തുടങ്ങിയ മഹാരഥന്മാരെ സ്വയംസേവകര്‍ എങ്ങനെ കാണണമെന്ന് എഴുതാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചത് പരമേശ്വര്‍ജിയെ ആയിരുന്നു. ഗാന്ധി, ലോഹ്യ, ദീനദയാല്‍ എന്ന പഠനഗ്രന്ഥവും മാര്‍ക്‌സും വിവേകാനന്ദനും എന്ന സ്വന്തം കൃതിയും ഭാവിയുടെ ദാര്‍ശനികന്‍ എന്ന അരവിന്ദ ജീവിത പഠനവുമൊക്കെ അതിന് പരമേശ്വര്‍ജി നല്‍കിയ സമ്മാനങ്ങളാണ്. മാര്‍ക്‌സും വിവേകാനന്ദനും എന്ന പുസ്തകത്തില്‍ മാര്‍ക്‌സിനെ എത്ര ആദരവോടും അപഗ്രഥനപൂര്‍വവുമാണ് വിലയിരുത്തുന്നതെന്ന് മനസ്സിലാക്കാം. ആ പുസ്തകം പുറത്തുവന്നയുടന്‍, എന്റെ ചികിത്സകനായിരുന്ന തൊടുപുഴയിലെ ഡോ. ജോസ് ചാഴിക്കാടന് (കരുണാ ഹോസ്പിറ്റല്‍) വായിക്കാന്‍ കൊടുത്തു. ഭാരതീയതയുടെ ആരാധകനായിരുന്ന അദ്ദേഹം ദൂരദര്‍ശനുവേണ്ടി ഗീതഗോവിന്ദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നൃത്തശില്‍പ്പം ഭാരതത്തിലെ പ്രശസ്ത കലാപ്രതിഭകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കി സംപ്രേഷണം ചെയ്തിരുന്നു. ഡോക്ടര്‍ പുസ്തകം വായിച്ച് അതേപ്പറ്റി സുദീര്‍ഘമായ പഠനം തയ്യാറാക്കിത്തന്നു. അതു നാലുഭാഗങ്ങളായി ജന്മഭൂമി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. പരമേശ്വര്‍ജിയുടെ അഭിപ്രായത്തോടു ചില കാര്യങ്ങളില്‍ വിയോജിപ്പുള്ളതും അദ്ദേഹം മറച്ചുവച്ചില്ല. പരമേശ്വര്‍ജിയും ആരെയും വിമര്‍ശനാതീതനായി കണക്കാക്കിയില്ല. ഭാരതത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്ക് ഹാനികരമായ നീക്കങ്ങള്‍ ഏതു കോണില്‍നിന്നുവന്നാലും എത്ര ഉന്നതനില്‍നിന്നായാലും അദ്ദേഹം പ്രതികരിച്ചു. മാര്‍ത്തോമ്മാശ്ലീഹാ കേരള തീരത്തെത്തി ഗുരുവായൂരിനടുത്ത പാലയൂര്‍ വന്നുവെന്നും അത്ഭുത പ്രവൃത്തികള്‍ കാട്ടി 12 നമ്പൂതിരിമാരെ മതംമാറ്റി ക്രിസ്ത്യാനികളാക്കിയെന്നുമുള്ള ഐതിഹ്യത്തിന്റെ (അതിന് യുക്തിയോ തെളിവുകളോ ക്രിസ്ത്യാനികളില്‍നിന്നു തന്നെ ഭൂരിഭാഗത്തിന്റെയും സമ്മതമോ ഇല്ലെങ്കിലും) മറപിടിച്ച് പാലയൂര്‍ പള്ളിപ്പറമ്പില്‍ കുറേ പഴയ വസ്തുക്കളുടെ മ്യൂസിയം നിര്‍മിച്ച്, അവിടെ ശിവക്ഷേത്രം പൊളിച്ചുമാറ്റി പള്ളി നിര്‍മിച്ചുവെന്ന് രേഖപ്പെടുത്തുകയും ചില അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തപ്പോള്‍ പരമേശ്വര്‍ജി ഈ പ്രവൃത്തിയുടെ അനൗചിത്യത്തെയും, അത് സൃഷ്ടിച്ചേക്കാവുന്ന വ്രണിത ഹൃദയരായ ഹിന്ദുക്കളുടെ പ്രതികരണങ്ങളെയും കുറിച്ച് തൃശൂര്‍ ബിഷപ്പിനെ അറിയിച്ചു. ബിഷപ്പ് അത് മനസ്സിലാക്കി ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു. കെ.ആര്‍. നാരായണന്‍ ഉപരാഷ്ട്രപതിയായിരുന്നപ്പോള്‍ സി. എച്ച്.മുഹമ്മദ് കോയ സ്മാരക പ്രഭാഷണത്തിനിടെ ശങ്കരാചാര്യ സ്വാമികള്‍ക്ക് അദ്വൈതബോധം വന്നത് അക്കാലത്ത് കേരളത്തിലെത്തിയ ഇസ്ലാം മതത്തിന്റെ ഏകദൈവവിശ്വാസത്തില്‍നിന്നാവാമെന്ന് പരാമര്‍ശിച്ചതിനെ, ആധികാരികമായ ഉപനിഷദ് ദര്‍ശനങ്ങളില്‍നിന്നുള്ള ഉദ്ധരണികളോടെ ഖണ്ഡിക്കുകയും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ആതിഥേയരെ സുഖിപ്പിക്കാനായി ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കരുതെന്ന് യുവഭാരതി മാസികയിലൂടെ വ്യക്തമാക്കുകയും ചെയ്തു. കല്‍ക്കത്തയിലെ രാമകൃഷ്ണ മിഷന്‍ നേതൃത്വത്തെയും അവിടത്തെ ദീക്ഷിതന്‍ കൂടിയായ പരമേശ്വര്‍ജി വിമര്‍ശിക്കാതെ വിട്ടില്ല. സിപിഎം ഭരണകാലത്ത് കൊണ്ടുവന്ന ഒരു നിയമന നടപടിയിലൂടെ എല്ലാ വിദ്യാലയങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ അതില്‍നിന്നൊഴിവാക്കി. രാമകൃഷ്ണ മിഷന്‍ വക വിദ്യാലയങ്ങള്‍ക്ക് ഒഴിവുകിട്ടാനായി, തങ്ങള്‍ ഹിന്ദുക്കളല്ലെന്നും രാമകൃഷ്ണ മതക്കാരാണെന്നും മതന്യൂനപക്ഷമായി പ്രഖ്യാപിച്ചുകിട്ടണമെന്നും കാണിച്ച് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. വിവേകാനന്ദ സ്വാമികളുടെ പാരമ്പര്യമവകാശപ്പെടുന്ന ആ മഹാപ്രസ്ഥാനത്തിന് സംഭവിച്ച വിപര്യയത്തില്‍ മനം തപിച്ച പരമേശ്വര്‍ജി, മിഷന്‍ വിദ്യാലയങ്ങളുടെ രക്ഷക്കായി ഹിന്ദുസമാജത്തിന്റെ പിന്തുണ നേടാന്‍ ശ്രമിക്കുന്നതിന് പകരം, അതിന്റെ പരിത്യജിക്കല്‍ മനോഭാവത്തെ കഠിനമായി ആക്ഷേപിച്ചു. ഭാഗ്യത്തിന് കല്‍ക്കത്ത ഹൈക്കോടതി സന്യാസിമാരുടെ അപേക്ഷ തള്ളിക്കൊണ്ട് നല്‍കിയ വിധിന്യായത്തില്‍ ശ്രീരാമകൃഷ്ണ- വിവേകാനന്ദ സന്ദേശത്തിന്റെ അത്യുജ്വലമായ വിശദീകരണവും നല്‍കി. അരവിന്ദകീര്‍ത്തി കേരളത്തില്‍ നമുക്ക് പ്രസരിപ്പിച്ചു തന്നത് ഭാവിയുടെ ദാര്‍ശനികനിലൂടെ പരമേശ്വര്‍ജി ആയിരുന്നു. 1982 വരെ നമുക്ക് പഞ്ഞമാസവും കരിമാസവുമായിരുന്ന കര്‍ക്കിടകത്തെ രാമായണമാസമാക്കിത്തന്നെ വിശാല ഹിന്ദുസമ്മേളന പ്രഖ്യാപനം പരമേശ്വര്‍ജിയുടേതായിരുന്നല്ലൊ. അതിനുശേഷം ഇത്ര കാലത്തിനിടയില്‍ മലയാള സാഹിത്യ പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റവും വരുമാനം നല്‍കുന്നത് ആധ്യാത്മിക ഗ്രന്ഥങ്ങളാണ് എന്ന നിലയിലെത്തിക്കഴിഞ്ഞു. അതുകൊണ്ടുകൂടിയാണ് പരമേശ്വര്‍ജി നമ്മുടെ പുണ്യമാണെന്ന് പറഞ്ഞത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 70 വയസ്സായപ്പോള്‍ അദ്ദേഹമെഴുതിയ കവിത ഇങ്ങനെ അവസാനിക്കുന്നു. കാലപ്രവാഹക്കടമ്പിന്റെ മേലിരുന്നോടക്കുഴലാലപിപ്പൂ ഞാന്‍ ഞാനോ പിറന്നു മരിക്കുന്നു മൃത്യുവും ജന്മവുമൊക്കെയെന്‍ കണ്ണിമവെട്ടുകള്‍ അണ്ഡകടാഹങ്ങളുണ്ടായ് നശിക്കുന്ന താണ്ഡവനൃത്തതാളത്തിന്‍ ലയങ്ങളില്‍ ആനന്ദമൂര്‍ച്ഛ പൂണ്ടെന്നോ ശിവനായി മാറുന്നതന്നെന്‍ പിറന്നാള്‍ മഹോത്സവം! 'തേരീ ഭൃഗുഡി മേം താണ്ഡവ് കാ താള് ഹൈ' എന്ന അടല്‍ജിയുടെ വരികളിലും ഈ ആശയം തന്നെയല്ലേ?