തിരുവാതിര മാഹാത്മ്യം

Saturday 7 January 2017 6:50 pm IST

മഞ്ഞണിഞ്ഞ ധനുമാസ രാവുകള്‍ക്ക് ലാസ്യഭംഗിയേകി വീണ്ടും ഒരു തിരുവാതിരക്കാലം എത്തുന്നു. ശരത്കാലത്തിനുശേഷം വന്നെത്തുന്ന ഹേമന്ത ഋതുവാണ് മങ്കമാരുടെ വസതന്തോത്സവമായ ആതിര. മണ്ഡല വ്രതക്കാലത്തോടനുബന്ധിച്ചാണ് തിരുവാതിരയും എത്തുന്നത്. മനുഷ്യരുടെ ഒരു വര്‍ഷം ദേവന്മാരുടെ ഒരു ദിവസമാണ്. മണ്ഡലവ്രതം ദേവന്മാരുടെ ബ്രാഹ്മമുഹൂര്‍ത്തമാണ്. മനോനിയന്ത്രണത്തിനും ഇന്ദ്രിയ നിഗ്രഹത്തിനും പറ്റിയ സമയമാണ്. ഈ ധന്യമുഹൂര്‍ത്തത്തില്‍ സ്ത്രീകളും ഒപ്പം ചേരുന്നു. കൂട്ടുകുടുംബങ്ങളായിരുന്നു നമ്മുടേത്. ഇന്ന് അത് മാറി അണുകുടുംബമായി. കുടുംബത്തിലെ ആളുകള്‍ ഒത്തുചേര്‍ന്ന് തിരുവാതിര ആഘോഷിച്ചിരുന്ന കാലഘട്ടത്തില്‍നിന്നും മാറ്റം വന്നിരിക്കുന്നു. ഓണംപോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് തിരുവാതിരയും. വൃശ്ചികമാസത്തിലെ തിരുവാതിര (കൊച്ചുതിരുവാതിര) മുതല്‍ ധനുമാസത്തിലെ തിരുവാതിരവരെ 28 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആതിരമഹോത്സവം സ്ത്രീകളുടെ ഉത്സവം തന്നെയായിരുന്നു. ഭക്തിയും വിനോദവും ഒത്തുചേര്‍ന്ന തിരുവാതിരയുടെ ചടങ്ങുകളും ആചാരങ്ങളും പുരാണകഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദ്യമായി രജസ്വലയാകുന്ന കന്യകമാരും, വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിരയായി ആഘോഷിക്കുന്നു. പ്രസിദ്ധമായ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ധനുമാസത്തിലെ തിരുവാതിരക്ക് കൊടി കയറി ഇരുപത്തിയെട്ട് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇന്നും നടക്കുന്നത്. ദക്ഷന്റെ മകളായ സതീദേവി യോഗാഗ്നിയില്‍ ദഹിച്ചശേഷം ഹിമവാന്റെ പുത്രിയായി, പാര്‍വതിയായി ജന്മം എടുക്കുന്നു. ഇഷ്ടപ്രാണേശ്വരനായ ശിവനെ വീണ്ടും തന്റെ ഭര്‍ത്താവായി ലഭിക്കുന്നതിനുവേണ്ടി ഘോരതപസ്സനുഷ്ഠിക്കുന്നു. ശിവന്റെ തപസ്സിന് വിഘ്‌നം വരുത്തിയതിന്റെ ശിക്ഷയായി കാമദേവനെ ഭസ്മീകരിച്ചു. രതീദേവിയുടെ തപസ്സിന്റെ ഫലമായി രതിക്ക് വരദാനവും മന്മഥന് അനംഗത്വവും ദാനം ചെയ്തത് തിരുവാതിര നാളിലാണ്. ഭഗവാന്റെ തിരുക്കല്യാണം നടന്നതും ഈ ദിനത്തിലാണ്. ഭഗവാന്റെ ജന്മനാളായ തിരുവാതിര ദിവസം വ്രതം അനുഷ്ഠിച്ച് പാര്‍വതീ ദേവി സഖിമാരുമൊത്ത് തിരുവാതിര കളിച്ചു. ദേവന്‍ പ്രസാദിച്ച് അനുഗ്രഹിച്ചതായി പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. ഭാഗവതത്തില്‍ കാര്‍ത്യായനീ പൂജ വ്രതത്തെക്കുറിച്ച് പറയുന്നു. ശ്രീകൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ ഗോപസ്ത്രീകള്‍ ആതിരാവ്രതത്തോട് സാമ്യമുള്ള ഒരു വ്രതം നോക്കിയതായി പരാമര്‍ശിക്കപ്പെടുന്നു. തിരുവാതിരയെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. ഉത്തരേന്ത്യയില്‍ ചില സ്ഥലങ്ങളില്‍ ഈ ഉത്സവം കൊണ്ടാടുന്നുണ്ട്. ഗംഗാതടങ്ങളില്‍ വസന്തപഞ്ചമിയായും ബംഗാളില്‍ ദോള്‍പൂര്‍ണിമയായും ആഘോഷിക്കുന്നുണ്ട്. ധനുമാസത്തിലെ തിരുവാതിര നാളിലാണ് ശിവന്‍ ദേവിയെ പരിണയിച്ചതെന്ന് പ്രസിദ്ധമാണ്. അന്ന് ദേവസ്ത്രീകള്‍ ആഹ്ലാദചിത്തരായി കൈലാസത്തില്‍ എത്തി ദശപുഷ്പങ്ങള്‍ പറിച്ച് ദേവിയെ ചൂടിച്ച് ആര്‍ദ്രാവ്രതം നോറ്റ് പാടിക്കളിച്ചതായി പറയപ്പെടുന്നു. പ്രസിദ്ധമായ കാമദേവ ദഹനം എന്ന പാട്ടിലും ആര്‍ദ്രാവ്രതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നു. വൃശ്ചികമാസത്തിലെ തിരുവാതിര മുതല്‍ ധനുമാസത്തിലെ തിരുവാതിരവരെയുള്ള ഇരുപത്തിയെട്ട് ദിവസങ്ങളാണ് പണ്ട് ആചരിച്ചിരുന്നത്. ആദ്യത്തേ പതിനാറ് ദിവസങ്ങളില്‍ സ്ത്രീകളെല്ലാവരും ഒത്തുചേര്‍ന്ന് പകല്‍സമയങ്ങളില്‍ ഉച്ചയൂണ് കഴിഞ്ഞ് തിരുവാതിര കളിക്കുന്നു. ഗണപതി-സരസ്വതി-രാസക്രീഡ പാര്‍വതീസ്വയംവരം, നാലുവൃത്തം തുടങ്ങിയവയാണ് പാടാറുള്ളത്. തിരുവോണം മുതല്‍ രോഹിണിവരെ ഈ പാട്ടുകള്‍ക്ക് പുറമേ പത്തുവൃത്തം കൂടി പാടാറുണ്ട്. ചിലപ്പോള്‍ രാത്രി വരെ ഉണ്ടാകും. ''അര്‍ദ്ധരാത്രി യാവോളം കുളിക്കണം ദിവസവും മത്തഗാമിനീമാരെല്ലാവരും'' എന്ന ആചാരം ചില സ്ഥലങ്ങളില്‍ പാലിച്ച് വന്നിരുന്നു. തിരുവോണ ദിവസം മുതല്‍ തിരുവാതിര വരെ പത്മം ഇട്ട് നിവേദ്യം വച്ച് ബ്രാഹ്മണ സ്ത്രീകള്‍ പൂജ ചെയ്യാറുണ്ട്. മറ്റ് സ്ത്രീകള്‍ മകയിരത്തിന്റെ അന്നാണ് പൂജ ചെയ്യുന്നത്. ശിവന്‍ പാര്‍വതി, ഗണപതി എന്നീ ദേവതകള്‍ക്ക് വിളക്കുവച്ച് നിവേദ്യം ഉണ്ട്. എട്ടങ്ങാടി-പാല്‍ കരിക്ക് പായസം ഇവയൊക്കെ നിവേദിക്കും. തിരുവാതിര നാള്‍ പാര്‍വതീ സ്വയംവരം പാടിക്കളിക്കുന്നതും ദശപുഷ്പം ചൂടുന്നതും പ്രാധാന്യമുള്ളവയാണ്. സീതാസ്വയംവരം ലക്ഷ്മീസ്വയംവരം, ഗജേന്ദ്രമോക്ഷം, ശാകുന്തളം കല്യാണ സൗഗന്ധികം, ദക്ഷയാഗം, കുചേലവൃത്തം, താലോലംപാട്ട് തുടങ്ങി പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥകള്‍ അടുക്കിലും ചിട്ടയിലും ലാളിത്യത്തോടുകൂടിയുള്ള പാട്ടുകളുടെ വലിയ ശേഖരം തന്നെ നമുക്ക് ലഭിച്ചിട്ടുണ്ട്. തിരുവാതിര പക്ഷാരംഭത്തോടുകൂടിയോ അഷ്ടമിയോടുകൂടിയോ ആണ് വ്രതം തുടങ്ങുന്നത്. തിരുവാതിര ഭര്‍ത്താവിനും, മകയിരം മക്കള്‍ക്കും വേണ്ടിയാണ്. അരി ആഹാരം നിഷിദ്ധമാണ്. ചില സ്ഥലങ്ങളില്‍ മകയിരം നാളില്‍ ഉച്ചക്ക് നാലുംകൂട്ടി സദ്യ കഴിക്കുന്നു. രാവിലെ തേച്ച് കുളിക്കണമെന്ന ആചാരമുണ്ട്. രാത്രി എട്ടങ്ങാടി നേദിക്കും. ഇത് കഴിക്കാം. അതോടൊപ്പം കരിക്കും ഏത്തപ്പഴവും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.