തുഞ്ചന്‍ സ്മാരകവും എംടിയും

Saturday 7 January 2017 7:35 pm IST

ഇക്കഴിഞ്ഞ ജനുവരി രണ്ടിന് സാഹിത്യകാരന്മാരുടെ സമ്മേളനം തൃശ്ശൂരില്‍ നടന്നു. കോണ്‍ഗ്രസ്സ് വിചാര്‍ വിഭാഗ് സംഘടിപ്പിച്ച സമ്മേളനം എം.ടി വാസുദേവന്‍നായര്‍ വിമര്‍ശിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചുകൊണ്ടുളളതായിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ ഏകാധിപത്യത്തിനു മുന്‍പുളള സാംപിള്‍ വെടിക്കെട്ടാണ്എം.ടിയെ വിമര്‍ശിച്ച നടപടിയെന്ന് പ്രഖ്യാപിച്ചു. ഹിറ്റ്‌ലറുടെ ഭരണം ഉദാഹരണമാക്കി ഉയര്‍ത്തിക്കാട്ടിയ മാധവന്‍ പക്ഷെ, കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളായ സ്റ്റാലിന്‍, മാവോ, കിം, ചെഷസ്‌ക്യൂ, ഹോനേക്കര്‍, പോള്‍പോട്ട് തുടങ്ങിയവര്‍ എഴുത്തുകാരോട് എങ്ങനെയാണ് പെരുമാറിയതെന്ന് പറഞ്ഞില്ല. കാരണം അദ്ദേഹത്തിന് ഇടതുപക്ഷത്തെ ഭയമാണ്. ഇത്തരത്തിലുളള സെലക്ടീവ് വിമര്‍ശനമാണ് കേരളത്തിലെ മതേതര എഴുത്തുകാരുടെ പ്രത്യേകത. കേരളം മാറിമാറി ഭരിക്കുന്ന ഇടതു-വലതുമുന്നണികളുടെ സഹായംകൊണ്ട് അവാര്‍ഡുകളും, അക്കാദമിക, സാംസ്‌കാരിക സ്ഥാപനങ്ങളിലെ സ്ഥാനമാനങ്ങളും ഉറപ്പിക്കുക എന്ന അജണ്ട മാത്രമാണ് അവര്‍ക്കുളളത്. മലയാളഭാഷയുടെ ശാപമാണ് ഭാഷാഭിമാനമില്ലാത്ത ഈ പുരോഗമന എഴുത്തുകാരുടെ സംഘമെന്ന് ആരെങ്കിലും പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. തെക്കേ ഇന്ത്യയിലെ തമിഴ്, കന്നഡ, തെലുങ്ക് എഴുത്തുകാര്‍ അവരുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും നല്‍കുന്ന സംഭാവന വളരെ വലുതാണ്. അവര്‍ മാതൃഭാഷയെ സ്‌നേഹിക്കുന്നു. എന്നാല്‍ മലയാളി പുരോഗമന എഴുത്തുകാര്‍ കേവലം അവാര്‍ഡിനെയും അംഗീകാരത്തെയും സ്‌നേഹിക്കുന്നു എന്നുളളതാണ് വ്യത്യാസം. അതുകൊണ്ടാണ് ഭരണകൂടത്തെയും, അഞ്ചുവര്‍ഷം കഴിഞ്ഞ് അധികാരത്തില്‍ വരാന്‍ സാധ്യതയുളള പ്രതിപക്ഷത്തെയും അവര്‍ പിന്തുണയ്ക്കുന്നത്. ക്ലാസ്സ്‌റൂമില്‍ പഠിപ്പിച്ചുകൊണ്ടുനിന്ന ജയകൃഷ്ണന്‍ മാസ്റ്ററെ കൊച്ചുകുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയപ്പോഴും, ടി.പി. ചന്ദ്രശേഖരനെ 51 വെട്ടിനാല്‍ കൊത്തിയരിഞ്ഞ് കൊലപ്പെടുത്തിയപ്പോഴും എംടിയും, എന്‍.എസ്. മാധവനും മറ്റും മൗനംപാലിച്ചത് ഇതിനുദാഹരണമാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ ഏതാണ്ട് പതിനാലുവര്‍ഷം ജര്‍മനി ഭരിച്ച ഹിറ്റ്‌ലര്‍ നിറഞ്ഞുനില്‍ക്കുന്നത് സ്വാഭാവികം. എന്നാല്‍ സോവിയറ്റ് യൂണിയനില്‍ 70 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഏകാധിപതികളും, ചൈനയില്‍ 68 വര്‍ഷമായി തുടരുന്ന കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണവും അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടവരോട് കാണിച്ച ക്രൂരത ഇവിടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കേണ്ടതല്ലേ? എന്തിന്, അടിയന്തരാവസ്ഥയുടെ തണലില്‍ ഇന്ദിരാഗാന്ധി നടത്തിയ ക്രൂരതയെങ്കിലും അയവിറക്കേണ്ടതല്ലേ? അടിയന്തരാവസ്ഥയുടെ നാളില്‍ അഭിപ്രായസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ ഒരക്ഷരവും പറയാത്ത എഴുത്തുകാരാണ് കേരളം നെേഞ്ചറ്റിയ പുരോഗമന-ഇടതു എഴുത്തുകാര്‍. ഉദാഹരണത്തിന്എം.ടി. വാസുദേവന്‍നായര്‍, സുകുമാര്‍ അഴീക്കോട്, ഒ.എന്‍.വി. കുറുപ്പ്, ടി. പദ്മനാഭന്‍, എന്‍.എസ്. മാധവന്‍, എം.എന്‍. വിജയന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, മാധവിക്കുട്ടി, എം. മുകുന്ദന്‍ തുടങ്ങിയവരൊക്കെ ഭരണകൂടത്തിനോട് അനുസരണയുളള എഴുത്തുകാരായി. എടുത്തുപറയേണ്ട വസ്തുത സ്വന്തം ഡയറിക്കുറിപ്പില്‍പ്പോലും അടിയന്തരാവസ്ഥയ്ക്ക് എതിരായി പരാമര്‍ശിക്കാത്തവരാണ് ഇവര്‍ എന്നതാണ്. ഇന്ന് വരാന്‍ പോകുന്ന ഏകാധിപത്യത്തിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന എംടിയെപ്പോലുളളവര്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എല്ലാ മൗലികാവകാശങ്ങളും നിഷേധിച്ച് ആര്‍എസ്എസ്, ജനസംഘം ഉള്‍പ്പെടെയുളള പ്രസ്ഥാനങ്ങളെയും, മറ്റു പ്രതിപക്ഷത്തിന്റെ നേതാക്കളെയും തുറങ്കിലടച്ച ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിന്റെ നാളില്‍ അതിനെതിരായി തങ്ങള്‍ എഴുതിയ ഒരു വരിയെങ്കിലും എടുത്ത് പുതിയ തലമുറയ്ക്ക് ചൂണ്ടിക്കാണിക്കാണിച്ചുതരുമോ? ഈ എഴുത്തുകാരുടെ ജീവിതത്തിന്റെ ചുറുചുറുക്കുളള കാലഘട്ടത്തിലാണ് രാജ്യം ഏകാധിപത്യത്തില്‍ അമര്‍ന്നത്. ഇന്ന് എംടി അനുഭവിക്കുന്ന സ്വാതന്ത്ര്യം അതായത് രണ്ടാം സ്വാതന്ത്രസമരത്തിലൂടെ 1977-ല്‍ നേടിയെടുത്തതില്‍ സുപ്രധാന പങ്കുവഹിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. സക്കറിയ ഒരിക്കല്‍ ചൂണ്ടിക്കാണിച്ചതുപോലെ ചൈനയുടെ ഇന്ത്യാ ആക്രമണവും, ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയുമാണ് ആര്‍എസ്എസിനെയും സംഘപരിവാറിനെയും ഇന്ത്യയിലെ ജനങ്ങള്‍ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കാന്‍ അവസരം ഒരുക്കിയത് എന്നത് യാഥാര്‍ത്ഥ്യംതന്നെയാണ്. ജനങ്ങള്‍ പ്രസംഗങ്ങള്‍ കേട്ടല്ല, മറിച്ച്പ്രവര്‍ത്തനം കണ്ടാണ് ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കേവലം അവാര്‍ഡിന് വേണ്ടിയല്ല, ഭാരതത്തിന്റെ സമ്പൂര്‍ണ്ണവികാസത്തിനു വേണ്ടിയാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. ഇപ്പോള്‍ കേരളത്തിലും, കപട മതേതരക്കാര്‍ ഉയര്‍ത്തിക്കെട്ടിയ ഇരുമ്പുകോട്ട തകര്‍ത്ത് സംഘപ്രസ്ഥാനങ്ങള്‍ മുന്നേറുന്നു. തെറ്റായ വിമര്‍ശനങ്ങള്‍കൊണ്ട് മാത്രം അതിന്റെ യാത്രയെ തടയാനാവില്ല. ഈ സാഹചര്യത്തില്‍ തിരൂര്‍ തുഞ്ചന്‍പറമ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍സമൂഹത്തിന്റെ ശ്രദ്ധ കൂടുതല്‍ പതിയേണ്ടതുണ്ട്. മലയാള ഭാഷാപിതാവിന് അര്‍ഹിക്കുന്ന തരത്തിലുളള സ്മാരകമായി അതിന് വളരാന്‍ കഴിഞ്ഞിട്ടില്ല. എംടിയും രാമനുണ്ണിയും പതിറ്റാണ്ടുകളായി കൈക്കലാക്കിയ തുഞ്ചന്‍പറമ്പ് ഭാഷാപിതാവിനെ അപമാനിച്ചതിന്റെ ചരിത്രം കൂടെ സ്മരിക്കേണ്ടതുണ്ട്. തുഞ്ചന്‍പറമ്പ് സന്ദര്‍ശിക്കുന്ന ആരെയും വിസ്മയിപ്പിക്കുന്നത് അവിടെ എഴുത്തച്ഛന്റെ ഛായാചിത്രങ്ങളോ പ്രതിമയോ കണ്ടെത്താനാവില്ല എന്നതാണ്. തമിഴ്‌നാട്ടില്‍ തിരുവളളുവര്‍ക്ക് വലിയ സ്മാരകങ്ങളുണ്ട്, ഒപ്പം കന്യാകുമാരിയില്‍ കടലിനുളളിലെ പാറയില്‍ നിര്‍മ്മിച്ച തിരുവളളുവരുടെ പ്രതിമയും സഞ്ചാരികളുടെ മനസ്സില്‍ തങ്ങിനില്‍ക്കും. സര്‍ക്കാര്‍ ഓഫീസുകളിലും, സര്‍ക്കാര്‍ ബസ്സുകളിലും തിരുവളളുവരുടെ ഫോട്ടോ പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മലയാള ഭാഷാപിതാവിന്റെ തുഞ്ചന്‍പറമ്പിലെ സ്മാരകം ഒരു തത്തയില്‍ മാത്രം ഒതുങ്ങുന്നു. മഹാത്മാഗാന്ധി ഉള്‍പ്പെടെയുളള മഹാപുരുഷന്മാരുടെ സ്മാരകങ്ങളില്‍ എല്ലാം അര്‍ഹിക്കുന്ന തരത്തിലുളള ഛായാചിത്രങ്ങളോ, പ്രതിമകളോ ഉണ്ടാവും. മാത്രമല്ല 2000 വര്‍ഷംമുമ്പ് ജീവിച്ച ശ്രീബുദ്ധനും തിരുവളളുവരും ജൈനമുനി മഹാവീരനുമെല്ലാം ആ തരത്തിലുളള പ്രതിമകളിലും ചിത്രങ്ങളിലും കൂടിയാണ് നമ്മുടെ മനസ്സില്‍ ജീവിക്കുന്നത്. എന്നാല്‍ എഴുത്തച്ഛന് മാത്രം ആ ഭാഗ്യം ലഭിച്ചില്ല. മാത്രമല്ല, തിരൂര്‍ തുഞ്ചന്‍പറമ്പ് സന്ദര്‍ശിക്കുന്നവര്‍ ഒരു തത്തയെ കണ്ട് തൃപ്തിയടയണം എന്നതാണ്എം.ടിയുടെയും കൂട്ടരുടെയും തീരുമാനം. തിരൂരിലെ എഴുത്തച്ഛന്‍ സ്മാരകത്തിന്റെ ദുര്‍ഗതി കണ്ട് എതാണ്ട് പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളമനോരമ പത്രം തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമവയ്ക്കാന്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ അതിന് എംടിയുടെ നേതൃത്വം പിന്തുണ നല്‍കിയില്ല. കാരണം മുസ്ലിം ഭൂരിപക്ഷമുളള തിരൂരില്‍ പ്രതിമ വയ്ക്കാന്‍ കഴിയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനാല്‍ തുഞ്ചന്‍ സ്മാരകത്തിന് വെളിയില്‍ തിരൂര്‍ ടൗണില്‍ തുഞ്ചന്റെ സ്മാരകം പണിയാന്‍ മനോരമ തയ്യാറായി. ഒപ്പം എഴുത്തച്ഛന്റെ പൂര്‍ണ്ണകായ പ്രതിമയുടെ നിര്‍മ്മാണവും നടന്നു. ഇതിനിടയിലാണ് ചില മതമൗലികവാദികള്‍ പ്രതിമയ്ക്ക് എതിരായി നീങ്ങുന്നത്.സ്വാഭാവികമായും മുസ്ലിംലീഗ് ഭരിക്കുന്ന തിരൂര്‍ മുനിസിപ്പാലിറ്റി തിരൂര്‍ ടൗണില്‍ എഴുത്തച്ഛന്റെ പ്രതിമ വയ്ക്കാനുളള അനുമതി നിഷേധിച്ചു. ഏറെ ചര്‍ച്ചയും പ്രതിഷേധവും സമ്മര്‍ദ്ദവും ഉണ്ടായിട്ടും മുനിസിപ്പാലിറ്റിയുടെ തീരുമാനത്തെ എം.ടി. വാസുദേവന്‍നായര്‍ എതിര്‍ക്കാന്‍ തയ്യാറായില്ല. മനോരമ നടത്തിയ ഇടപെടലുകളില്‍ നിന്ന് എംടി മാറിനിന്നു. അവസാനം പ്രതിമ സ്ഥാപിക്കുന്നതില്‍ നിന്നു മനോരമ പത്രം നിരാശയോടെ പിന്‍മാറിയത് എം.ടി. വാസുദേവന്‍നായര്‍ പിന്തുണ നല്‍കാത്തതുകൊണ്ടുമാത്രമാണ്. എടുത്തുപറയേണ്ട വസ്തുത മനോരമ പത്രം തിരൂരില്‍ സ്ഥാപിക്കാന്‍ നിര്‍മ്മിച്ച പ്രതിമ ഇന്നും അതു നിര്‍മ്മിച്ച ശില്‍പിയുടെ വീട്ടില്‍ ശാപമോക്ഷം കാത്തുകിടക്കുന്നു എന്നതാണ്. 2003-ല്‍ തിരൂരില്‍ നടന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്ന പ്രമേയം പാസ്സാക്കിയിരുന്നു. പ്രതിമ സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട മലയാള മനോരമ പത്രം തന്ത്രപൂര്‍വ്വം പിന്മാറുകയും, അതിനു പകരമായി തിരൂര്‍ ടൗണില്‍ ഒരു മഷിക്കുപ്പിയും എഴുത്താണിയും അടങ്ങുന്ന വലിയ ശില്‍പം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇവിടെയും എതിര്‍പ്പുണ്ടായി. എഴുത്താണി എഴുത്തച്ഛന്റെ പര്യായമായി മാറും എന്നതിനാല്‍ മതമൗലികവാദികളെ ഭയന്ന് ശില്‍പം മഷിക്കുപ്പിയും ആധുനിക പേനയുമായി മാറ്റി. ഇന്ന് തിരൂര്‍ ടൗണില്‍ കാണുന്ന മഷിക്കുപ്പിയുടെയും പേനയുടെയും പിന്നില്‍ എം.ടി. വാസുദേവന്‍നായരുടെ കരങ്ങളാണെന്ന് പറഞ്ഞാല്‍ അത് നിഷേധിക്കാനാവില്ല. എഴുത്തച്ഛന്‍ മാത്രമല്ല, എഴുത്തച്ഛന്റെ എഴുത്താണിയും തത്തയും അവഗണിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ വിവാദങ്ങള്‍ കൂടാതെ എഴുത്തച്ഛന്റെ പ്രതിമ തുഞ്ചന്‍പറമ്പില്‍ സ്ഥാപിക്കാമായിരുന്നു. എംടിയുടെ എതിര്‍പ്പുകൊണ്ടാണ് മനോരമയുടെ എഴുത്തച്ഛന്‍ പ്രതിമാസ്ഥാപനം തിരൂര്‍ ടൗണിലേക്ക് മാറ്റിയത് എന്നത് ചര്‍ച്ചാവിഷയമായില്ല. നിര്‍ഭാഗ്യവശാല്‍ പ്രതിമ നിര്‍മ്മിച്ചെങ്കിലും അത് സ്ഥാപിക്കുന്നതിന് മുമ്പ് വിവാദമായി. മുസ്ലിം മതമൗലികവാദികളുടെ അഭിപ്രായത്തെ എതിര്‍ക്കാന്‍ എംടി തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ ചെറിയ ഇടപെടല്‍ മാത്രം മതിയാകുമായിരുന്നു അന്ന് പ്രശ്‌നം പരിഹരിക്കാന്‍. തിരൂര്‍ മനിസിപ്പാലിറ്റി എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ പ്രതിമ തുഞ്ചന്‍പറമ്പില്‍ സ്ഥാപിക്കാന്‍ എംടി അനുമതി നല്‍കിയിരുന്നെങ്കില്‍ ഭാഷാപിതാവിനെ മാനിക്കാന്‍ മനോരമ നടത്തിയ ശ്രമം വിജയം വരിക്കുമായിരുന്നു. ഭാഷാപിതാവിന്റെ പ്രതിമയ്ക്ക് അവസരം നല്‍കാത്തവര്‍ എഴുത്താണിക്കും വിലക്ക് ഏര്‍പ്പെടുത്തി. ഈ വിഷയത്തില്‍ എം.ടി. വാസുദേവന്‍നായര്‍ മൗനം പാലിച്ച് മുസ്ലിം ലീഗിനെയും മതമൗലികവാദികളെയും തൃപ്തിപ്പെടുത്തുന്ന സമീപനമാണ് കൈക്കൊണ്ടത്. ഈ സാഹചര്യത്തില്‍ തുഞ്ചന്‍പറമ്പിനെ ഭാഷാപിതാവിന്റെ സ്മാരകമായി അര്‍ഹിക്കുന്ന പ്രൗഡിയോടെ നിലനിര്‍ത്തുകയാണ് വേണ്ടത്. എംടിയുടെ ഭരണനേതൃത്വം തുഞ്ചന്‍ സ്മാരകത്തിന് നല്‍കിയ നേട്ടങ്ങളും, ദ്രോഹവും ശരിയായ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടണം. മതേതരത്വത്തിന്റെ പേരുപറഞ്ഞ് നിലവിളക്ക് ഉള്‍പ്പെടെ എല്ലാ സാംസ്‌കാരിക ബിംബങ്ങളെയും അകറ്റിയ അദ്ദേഹം ഭാഷാപിതാവിന്റേ പ്രതിമയോ, ഛായാചിത്രങ്ങളോ അവിടെ സ്ഥാപിക്കില്ല എന്ന പിടിവാശിയിലാണ് ഇന്നും നിലകൊളളുന്നത്. എഴുത്തച്ഛനെ കേവലം തത്തയില്‍ ഒതുക്കുന്നതിന്റെ പൊരുളെന്താണെന്ന് എംടി വിശദമാക്കണം. തുഞ്ചന്റെ രൂപവും എഴുത്താണിയും അന്യമായി കാണുന്ന എംടി എന്തുകൊണ്ട് തത്തയെ മാത്രം സ്വീകരിക്കുന്നു എന്നതും അന്വേഷണവിധേയമാക്കേണ്ടതുണ്ട്. തത്തയുടെ നിറം പച്ചയായതിനാല്‍ മുസ്ലിംലീഗിനും മതമൗലികവാദികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന ന്യായീകരണമാകാം അദ്ദേഹത്തിനുളളത്. ഈ പശ്ചാത്തലത്തില്‍ തിരൂര്‍ തുഞ്ചന്‍ സ്മാരകത്തിന്റേ പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണ്ടിയിരിക്കുന്നു. കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം പോലെയും, തിരുവളളുവരുടെ പ്രതിമയ്ക്കു സമാനമായുളള സ്മാരകം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിര്‍മ്മിക്കുന്നതിനുളള ബഹുജന പ്രസ്ഥാനമാണ് ഇനി വേണ്ടത്. മതമൗലികവാദികളുടെ ഇച്ഛയ്ക്കു വഴങ്ങി ഭാഷാപിതാവിന്റെ സ്മാരകം ഇനിയും അവഗണനയ്ക്ക് വിധേയമാകുന്നത് ഭാഷാസ്‌നേഹികള്‍ ഇടപെട്ട് തിരുത്തേണ്ടതാണ്. തുഞ്ചന്‍പറമ്പിനെ എം.ടിയില്‍ നിന്ന് മോചിപ്പിക്കുന്നതിനുളള ശ്രമങ്ങളാണ് ഭാഷാസ്‌നേഹികള്‍ നടത്തേണ്ടത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.