വീതികൂട്ടും മുമ്പേ റോഡില്‍ ഓട നിര്‍മ്മാണം; യാത്രക്കാര്‍ക്ക് ദുരിതം

Saturday 7 January 2017 10:09 pm IST

പാലാ: പാരലല്‍ റോഡില്‍ സിവില്‍ സ്റ്റേഷന്‍ മുതല്‍ ളാലം പള്ളിവരെയുള്ള 50 മീറ്റര്‍ ഭാഗത്ത് വീതികൂട്ടി നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയുള്ള ഓട നിര്‍മ്മാണം നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. വിലനിര്‍ണ്ണയത്തിലെ അപാകതമൂലം വസ്തു ഉടമകള്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പിഡബ്ല്യുഡിക്ക് ഭൂമി ഏറ്റെടുത്ത് റവന്യു വകുപ്പിന് കൈമാറുവാന്‍ കഴിഞ്ഞിട്ടില്ല. ഇരുവശത്തും നാലുവരിപാത നിര്‍മ്മാണം പൂര്‍ത്തിയായിട്ടും വീതികുറഞ്ഞ 50 മീറ്റര്‍ ഭാഗം ഗതാഗത തടസ്സം വരുത്തിവയ്ക്കുന്നതിനിടെയാണ് പൊതുമരാമത്ത് വകുപ്പ് ഓട നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്. സിവില്‍ സ്റ്റേഷന്‍ മുതല്‍ സെന്റ് മേരീസ് സ്‌കൂള്‍ വരെയുള്ള അമ്പത് മീറ്റര്‍ ഭാഗത്തുകൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയാലേ ബൈപ്പാസിന്റെ പ്രയോജനം പൂര്‍ണ്ണമായും ലഭിക്കുകയുള്ളു. അതേസമയം സിവില്‍ സ്റ്റേഷന്‍ മുതല്‍ പാലാ-കോഴാ റോഡ് വരെയുള്ള സമാന്തര റോഡിന് ലഭ്യമായ സ്ഥലം ഉപയോഗിച്ച് ടാറിംങ് നടത്തി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണം അവസാനിപ്പിച്ചു. ഭൂവുടമകളുമായി നഷ്ടപരിഹാരത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാതെ വന്നതോടെയാണ് നിലവില്‍ റോഡിനുള്ള വീതിയില്‍തന്നെ ടാറിംഗ് പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പ് പണി അവസാനിപ്പിച്ചത്. വില നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിക്കാതെ സ്ഥലം നല്‍കില്ലെന്ന് ഉടമകള്‍ ഉറച്ച നിലപാടെടുത്തതോടെ ബൈപ്പാസിന്റെ നിര്‍മ്മാണം നിലക്കുകയായിരുന്നു. സ്ഥലം വിട്ടു നല്‍കുന്നതിന് തയ്യാറാണെങ്കിലും ന്യായമായ വില ലഭ്യമാക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെടുന്നു. വസ്തുവിന്റെ കാറ്റഗറി തിരിച്ചതിലും വില നിര്‍ണ്ണയത്തിലും പക്ഷപാതപരമായ നിലപാട് സ്വീകരിച്ചെന്ന ആക്ഷേപവും സ്ഥല ഉടമകള്‍ ഉയര്‍ത്തുന്നുണ്ട്. മൂന്നാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെങ്കില്‍ രണ്ടാംഘട്ടത്തിന്റെ പാലാ കോഴ റോഡിനോട് ചേര്‍ന്ന് വരുന്ന ഭാഗത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗത്ത്് ആവശ്യമായ വീതിയില്‍ പാതയുണ്ടങ്കിലും തുടക്കത്തിലും അവസാന ഭാഗത്തും ഇടുങ്ങിയതാണ്. ഇതിനാല്‍ രണ്ടാംഘട്ടത്തിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. പൂഞ്ഞാര്‍-ഏറ്റുമാനൂര്‍ ഹൈവേയില്‍ കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പാലാ ടൗണില്‍ പ്രവേശിക്കാതെ രാമപുരം, തൊടുപുഴ, പൂഞ്ഞാര്‍ ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കും. ഇത് ടൗണിലെ ഗതാഗതകുരുക്ക് പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ സഹായിക്കും. രണ്ടാംഘട്ടം പാരലല്‍ റോഡിന്റെ നിര്‍മ്മാണം സ്ഥലം ഏറ്റെടുത്ത ഭാഗങ്ങളില്‍ പൂര്‍ത്തിയായതിനാല്‍ വാഹനങ്ങള്‍ക്ക് കൊട്ടാരമറ്റത്തു നിന്ന് തിരിഞ്ഞ് പുത്തന്‍പള്ളിക്കുന്ന് വഴി വിവിധ സ്ഥലങ്ങളിലേയ്ക്ക് പോകുവാന്‍ സാധിക്കും. ബൈപ്പാസ് വഴിയുള്ള വാഹനത്തിരക്ക് ഏറിയതോടെ വീതികുറഞ്ഞ സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്. എന്നാല്‍ മിനി സിവില്‍ സ്റ്റേഷന് എതിര്‍വശമുള്ള റോഡിലും പാലാ കുരിശുപള്ളി ജംങ്ഷന്‍ മുതല്‍ മിനി സിവില്‍ സ്റ്റേഷന്‍ വരെയും തൊടുപുഴ - പൊന്‍കുന്നം സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിലേക്ക് കെഎസ്ടിപി സ്ഥലം ഏറ്റെടുത്തിരുന്നു. ഈ സ്ഥലത്ത് ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും കെഎസ്ടിപി നടത്തുവാന്‍ തയ്യാറായതുമില്ല. ഏറ്റെടുത്ത ഭൂമി ഉടമകള്‍ തന്നെ കൈയ്യേറി പാര്‍ക്കിംഗ് സ്ഥലമാക്കി മാറ്റിയിരിക്കുകയുമാണ്. ഓടപോലും നിര്‍മ്മിച്ചിട്ടില്ല. മഴവെള്ളം റോഡിലൂടെയാണ് ഒഴുകികൊണ്ടിരിക്കുന്നത്. ഈ ഭാഗത്ത് ഇരുവശവും നടപ്പാതകള്‍ ഇല്ലാത്തത് കാല്‍നടയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഓട, നടപ്പാത നിര്‍മ്മാണവുമായി മുന്നോട്ടുപോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.