എരുമേലിയില്‍ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Saturday 7 January 2017 10:10 pm IST

എരുമേലി: പമ്പ സര്‍വ്വീസിന് ബസില്ലാതെ വന്നതിനെ തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടകരെ സ്വകാര്യ ബസില്‍ കയറ്റി വിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസിയിലെ എരുമേലി ഓപ്പറേറ്റിംഗ് സെന്ററിലെ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. എരുമേലി സെന്ററിലെ ഐസി എം. ജി. രവീന്ദ്രന്‍ നായര്‍ക്ക് തൃശൂര്‍ മാള, ട്രാഫിക്ക് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ പ്രസാദിനെ തൃശൂര്‍ പുതുക്കാട്, എരുമേലി പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസ് ഓഫീസര്‍ അശോക് കുമാറിനെ കുമളി ഡിപ്പോയിലേക്കുമാണ് കോര്‍പ്പറേഷന്‍ വകുപ്പുതല നടപടികളുടെ ഭാഗമായി സ്ഥലം മാറ്റിയത്. കഴിഞ്ഞ മാസം 11നായിരുന്നു സംഭവം. എരുമേലി പമ്പ സര്‍വ്വീസിനായി ലഭിച്ച 10 ബസുകള്‍ പമ്പയിലെ ഡിപ്പോയില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ റൂട്ട് മാറ്റി സര്‍വ്വീസിന് അയച്ചതാണ് സംഭവത്തിന് കാരണം. എരുമേലിയില്‍ നിന്നും പമ്പക്ക് പോയ ബസുകള്‍ യഥാസമയം തിരിച്ചു വരാതിരുന്നതോടെ മണിക്കൂറുകളോളം കാത്തു നിന്ന തീര്‍ത്ഥാടകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ സംഭവമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രിയില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം സ്റ്റേഷന്‍ ഉപരോധിച്ചതോടെ സംഭവം വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കി. ഇതിനിടെ പോലീസെത്തി ബിജെപി നേതാക്കളുമായും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയതിനു ശേഷം രണ്ടു സ്വകാര്യ ബസുകളില്‍ രാത്രിയില്‍ തീര്‍ത്ഥാടകരെ പമ്പയിലെത്തിക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് കോര്‍പ്പറേഷന്റെ നടപടിയെന്നും ജീവനക്കാരും പറയുന്നു. സ്ഥലം മാറ്റഉത്തരവ് കൈപ്പറ്റാതെ നടപടികള്‍ റദ്ദാക്കാനുള്ള ശ്രമങ്ങള്‍ ചില യൂണിയനുകള്‍ നടത്തുന്നതായും സൂചനകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.