സുസ്ഥിര വികസനത്തില്‍ യുവാക്കളുടെ പങ്ക് സുപ്രധാനം

Saturday 7 January 2017 10:15 pm IST

പാമ്പാടി: ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ യുവാക്കള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സുപ്രധാനമായ പങ്കുണ്ടെന്ന് എക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ-പസഫിക് അസോസിയേറ്റ് എക്കണോമിക് അഫയേഴ്‌സ് ഓഫീസര്‍ ഡോ.അരുണ്‍ ജേക്കബ് അഭിപ്രായപ്പെട്ടു. കെ.ജി.കോളേജില്‍ കേരളപ്പിറവിയുടെ വജ്രജൂബിലിയും ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയും പ്രമാണിച്ച് സംഘടിപ്പിച്ച വജ്ര കേരളം-പ്ലാറ്റിനം ഇന്‍ഡ്യ പരിപാടിയില്‍ ഇന്‍ഡ്യയും ഐക്യരാഷ്ട്രസംഘടനയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പരിഭാഷ ഇന്ത്യയില്‍ ആദ്യം പ്രസിദ്ധീകരിച്ചുകൊണ്ട് കേരളം മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്. ഇത് ഈ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിലും ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ.ഷേര്‍ളി കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പ്രൊഫ. വിപിന്‍.കെ.വര്‍ഗീസ്, യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഗോപിക. എച്ച്. കൈമള്‍ എന്നിവര്‍ പ്രസംഗിച്ചു.