'ഐ വില്‍ നോട്ട് സ്പീക്ക് ഇന്‍ മലയാളം'

Sunday 8 January 2017 12:32 am IST

''ജനിക്കും നിമിഷം തൊട്ടെന്‍ മകന്‍ ഇംഗ്ലീഷ് പഠിക്കണം അതിനാല്‍ ഭാര്യ തന്‍ പേറ- ങ്ങിംഗ്‌ളണ്ടില്‍ തന്നെയാക്കി ഞാന്‍'' കുഞ്ഞുണ്ണി മാസ്റ്റരുടേതാണീ വരികള്‍. പിറന്നുവീഴുമ്പോള്‍ തന്നെ കുഞ്ഞ് ഇംഗ്‌ളീഷില്‍ കരഞ്ഞു തുടങ്ങണമെന്ന് ! ഇവിടെ അതിശയോക്തി അല്‍പം അതിരുകടന്നുവോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. എന്നാല്‍ കൊച്ചിയില്‍നിന്നുവന്ന വാര്‍ത്ത ഈ ധാരണ തിരുത്താന്‍ പോന്നതാണ്. കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തെന്നി വീഴാന്‍ തുടങ്ങിയപ്പോള്‍ അറിയാതെ 'അയ്യോ' എന്ന് വിളിച്ചതിന് I will not speak in Malayalam  എന്ന് ഒരു അഞ്ചാം ക്ലാസുകാരിയെകൊണ്ട് അമ്പതു തവണ എഴുതിച്ചുവെന്നാണ് ആ വിശേഷപ്പെട്ട വാര്‍ത്ത. ബോധപൂര്‍വ്വമല്ല, അബദ്ധത്തില്‍ സംഭവിച്ചു പോയതാണ്. എങ്കിലും കുറ്റത്തിന്റെ 'ഗൗരവം' കണക്കിലെടുത്ത് സ്‌കൂള്‍ അധികൃതര്‍ ആ കുരുന്നിനെ 'മാതൃകാപരമായി' തന്നെ ശിക്ഷിച്ചു. സ്പീക്കറുടെ ഒറ്റപ്പെട്ട ഒരു പരാമര്‍ശം ഒഴിച്ചുനിര്‍ത്തിയാല്‍ മലയാളക്കരയിലാരും ഇതേക്കുറിച്ച് പ്രതികരിച്ചു കണ്ടില്ല. ഇരുപത്തിനാലു മണിക്കൂറിന്റെ ആയുസ്സുപോലുമില്ലാത്ത വെറുമൊരു വാര്‍ത്താശകലം. ഏതു രാജ്യദ്രോഹ പ്രവര്‍ത്തനത്തെയും മനുഷ്യാവകാശത്തിന്റെ ചാപ്പകുത്തി ന്യായീകരിക്കുന്ന പതിവ് വാമൊഴി വഴക്കക്കാരെയും ആ വഴിക്ക് കണ്ടതേയില്ല. യാത്രയയപ്പു ദിവസം പ്രധാനാദ്ധ്യാപികയുടെ പ്രതീകാത്മകമായ ശവമടക്ക് കര്‍മ്മം ക്യാമ്പസില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയപ്പോള്‍ കണ്ട അതേ നിര്‍വ്വികാരമായ നിശ്ശബ്ദത തന്നെ. കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ മുണ്ടുടുത്ത് ക്ലാസ്സില്‍ കയറിയ വിദ്യാര്‍ത്ഥികള്‍ പടിക്കുപുറത്തായ സംഭവം മറക്കാറായിട്ടില്ല. അന്ന് പ്രതികളോടൊപ്പം രക്ഷിതാക്കളും പ്രിന്‍സിപ്പലിനു മുമ്പാകെ ഏത്തമിട്ടിട്ടാണ് ക്ലാസ്സില്‍ തിരിച്ചുകയറിയത്. ചരിത്രം ആവര്‍ത്തിക്കുകയാണ്; മുലപ്പാലിന്റെ മണം മാറാത്ത കൊച്ചുകുട്ടിയുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഇമ്പോസിഷന്റെ രൂപത്തില്‍. ഇംഗ്ലീഷ് ക്ലാസ്സില്‍ മലയാളം അരുതെന്ന നിബന്ധന മനസ്സിലാക്കാം. എന്നാല്‍ ക്യാമ്പസിലെന്നല്ല മലയാളിയുടെ മനസ്സില്‍നിന്നുതന്നെ മാതൃഭാഷയായ മലയാളത്തെ പടിയടച്ചു പിണ്ഡം വെക്കാനുളള നീക്കത്തോട് ആര്‍ക്കാണ് യോജിക്കാനാവുക? അമ്മയും അമ്മിഞ്ഞയും അമ്പിളി അമ്മാവനുമൊക്കെ അടര്‍ത്തിയെടുത്തുകഴിഞ്ഞാല്‍പ്പിന്നെ എന്തു ബാല്യം. നൈസര്‍ഗ്ഗികമായ ചുറ്റുപാടുകളില്‍ നിന്നുളള ഈ പറിച്ചുനടല്‍ അവരുടെ സ്വത്വത്തിന്റെ കൂമ്പ് നുള്ളുകയാണ്. ചുറ്റുപാടിന്റെ ചൂടും ചൂരുമറിയാത്ത കുട്ടികളില്‍നിന്നു നമുക്ക് പ്രതീക്ഷിക്കാനൊന്നുമില്ല തന്നെ. കട്ടികണ്ണടയും വച്ച് പുസ്തകഭാരം പേറി വളഞ്ഞ മുതുകുമായി കടന്നു പോകുന്ന കുട്ടികളുടെ ചിരിവറ്റിയ മുഖത്ത് കാലം തെറ്റി വന്ന പ്രാരാബ്ധത്തിന്റെ ഗൗരവമാണ്. അവരുടെ വസന്ത ബാല്യം രക്ഷിതാക്കളുടെ ആര്‍ത്തിപൂണ്ട ഭാവിയെക്കുറിച്ചുളള സ്വപ്‌നങ്ങള്‍ കാര്‍ന്നെടുത്തിരിക്കുന്നു; ഒരു പൂവോ നക്ഷത്രമോ സ്വപ്‌നം കാണാന്‍ പോലുമാവാത്ത വണ്ണം. എടുത്തുയര്‍ത്താനാവാത്തതൊക്കെ തലയിലേറ്റാനുളള തത്രപ്പാടിലാണവര്‍. ഇവര്‍ക്കിടയില്‍ നിന്ന് കഴിവുളള ഒരു ഡോക്ടറോ, എഞ്ചിനീയറോ ഉണ്ടാവാം. തര്‍ക്കമില്ല. എന്നാല്‍ മനുഷ്യപ്പറ്റുളള ഒരു സന്തതി ഉണ്ടാവുക നന്നേ പ്രയാസം. പത്രത്തില്‍ വന്ന നൊമ്പരപ്പെടുത്തുന്ന ഒരു ചിത്രം ഓര്‍മ്മ വരുന്നു…അപകടം പറ്റി രക്തം വാര്‍ന്നൊലിക്കുന്ന ഭാര്യയെ വാരിയെടുത്ത് നിര്‍ത്താതെ കടന്നു പോകുന്ന വാഹനങ്ങള്‍ക്കുമുന്നില്‍ കണ്ണിരൊലിപ്പിച്ച് നില്‍ക്കുന്ന ഒരു മദ്ധ്യവയസ്‌ക്കന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍ പരസ്പ്പരം മത്സരിക്കുന്ന സ്‌ക്കൂള്‍ കുട്ടികളുടെ ചിത്രമായിരുന്നു അത്. എന്തേ ഈ കുട്ടികളുടെ മനസ്സ് ഇത്രമാത്രം നിര്‍വ്വികാരമായിപ്പോയത്? മനസ്സിനെ ആര്‍ദ്രമാക്കേണ്ട അന്തഃസ്രോതസ്സുകളടഞ്ഞുപോയത്? നിസ്സഹായനായ ഈ മനുഷ്യനില്‍ ഒരച്ഛന്റെ, കയ്യില്‍ കിടന്നു പിടയുന്ന സ്ത്രീയില്‍ ഒരമ്മയുടെ നിഴല്‍പോലും കാണാന്‍ സാധിക്കാതെ പോയത്? ലോകഭാഷയെന്ന നിലക്കുളള ഇംഗ്ലീഷിന്റെ പ്രാധാന്യത്തെ ആരും കുറച്ചു കാണുന്നില്ല. ഉത്തരാധുനികതയില്‍ എത്തിനില്‍ക്കുന്ന മലയാള സാഹിത്യത്തിന്റെ നാള്‍വഴിയില്‍ ഇംഗ്ലീഷ് സാഹിത്യം ചെലുത്തിയ സ്വാധീനത്തെയും കുറച്ചുകാണുന്നില്ല. 'മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷ താന്‍' എന്ന വൈലോപ്പിള്ളിയുടെ വരികള്‍ ഓര്‍ക്കാം. വിഷയം സ്വന്തം നിലപാടുതറ മറന്നുപോകുന്ന മലയാളിയുടെ സമീപനമാണ്. തമിഴനും ബംഗാളിയും മറ്റും മാതൃഭാഷയോട് കാണിക്കുന്ന വാത്സല്യം 'മാതൃത്വത്തെ' വൃദ്ധസദനത്തിലുപേക്ഷിക്കുന്ന മലയാളി തിരിച്ചറിയാതെ പോവുകയാണ്. സ്വാതന്ത്ര്യ ലബ്ധിയോടെ പടിക്കുപുറത്തായ സായ്പ് മലയാളിയുടെ മനസ്സിനെ ഒളിത്താവളമാക്കിയിരിക്കുകയാണ്. മുണ്ടശ്ശേരിയെന്ന അബദ്ധത്തില്‍ സംഭവിച്ച അപവാദമൊഴിച്ചു നിര്‍ത്തിയാല്‍ ലക്ഷണമൊത്ത കച്ചവടക്കാരുടെ കയ്യില്‍ വിദ്യാഭ്യാസ വകുപ്പ് അകപ്പെട്ടുപോയതിന്റെ അനന്തര ഫലം. ക്ലാസ്സുമുറികളിലെ കാര്യമതിലേറെ കഷ്ടമാണ്. കഥയും കവിതയും വായിച്ചും ആസ്വദിച്ചും ഭാഷയോട് ചങ്ങാത്തം കൂടേണ്ട ചെറുപ്രായത്തില്‍ വ്യാകരണമടിച്ചേല്‍പ്പിക്കുന്ന വയ്യാകരണന്‍മാരുടെ ദ്രോഹം അതിലെറെ അസഹ്യമാണ്. കടുക്ക കഷായം പോലെ വൃത്താലങ്കാരങ്ങള്‍ മാര്‍ക്കിനുവേണ്ടി മനഃപാഠമാക്കുമ്പോള്‍ കുട്ടികള്‍ ഭാഷയിലേക്ക് അടുക്കുന്നതിന്നു പകരം അകലുകയല്ല, ആട്ടിയോടിക്കപ്പെടുകയാണ്. മാന്യമായ ജോലി, നല്ല ശമ്പളം, സര്‍വ്വോപരി വിവാഹമാര്‍ക്കറ്റില്‍ നല്ല റേറ്റിംഗ് ഇതെല്ലാം ലക്ഷ്യമാക്കി അദ്ധ്യാപനത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്തവരുടെ കടന്നുകയറ്റം കൂടിയാവുമ്പോള്‍ ദുരന്ത ചിത്രം പൂര്‍ണ്ണമാകുന്നു. മലയാളം മെയിന്‍ ക്ലാസ്സിലേക്ക് ആദ്യമായി കടന്നുവന്ന പ്രൊഫസര്‍ മലയാളം ഫസ്റ്റ് ചോയ്‌സായി എടുത്ത എത്രപേരുണ്ടെന്നു ചോദിച്ചപ്പോള്‍ ഹാജരുണ്ടായിരുന്ന 28 പേരില്‍ കൈയുയര്‍ത്തിയത് അഞ്ചുപേര്‍ മാത്രം. ഒന്നാമതും രണ്ടാമതും മൂന്നാമതും ആവശ്യപ്പെട്ട വിഷയങ്ങള്‍ കിട്ടാതെപോയപ്പോള്‍ കോളജ് കാമ്പസ് കൈവിട്ടു പോവാതിരിക്കാന്‍ മലയാളം ക്ലാസ്സിലേക്ക് കയറിയിരുന്നുവെന്നുമാത്രം. ഇവരാണ് നാളെ കുട്ടികളെ മലയാളം പഠിപ്പിക്കേണ്ട അദ്ധ്യാപകരായി പുറത്തിറങ്ങുന്നത്. പഠിക്കുന്നത് പണ്ഡിതാനാവാനല്ല, മറിച്ച് വല്ല തൊഴിലും ഒത്തുകിട്ടാനാണെന്നു പറയാറുണ്ട്. നിര്‍ഭാഗ്യവശാല്‍ അവിടെയും വില്ലനായി വരുന്നത് മലയാളം തന്നെ. കഴിഞ്ഞ ദിവസം 'നീറ്റ്' നടപ്പായതോടെ മെഡിക്കല്‍ പ്രവേശനത്തിന് ദേശീയ തലത്തില്‍ ഒറ്റപ്പരീക്ഷ നടപ്പാവുകയാണ്. അതോടെ ഇംഗ്ലീഷിലും ഹിന്ദിയിലുമെന്നപോലെ പ്രാദേശിക ഭാഷയിലും പരീക്ഷയെഴുതാനാവും. തമിഴും തെലുങ്കും എന്തിനേറെ അസാമിയ വരെ പരിഗണിക്കപ്പെട്ടപ്പോള്‍ മലയാളം പതിവുപോലെ പടിക്കുപുറത്തായി. തമിഴനും തെലുങ്കനും മാതൃഭാഷയിലുളള ചോദ്യം വായിച്ച് അനായാസേന മാതൃഭാഷയില്‍ തന്നെ ഉത്തരമെഴുതുമ്പോള്‍ മലയാളി ഇംഗ്ലീഷില്‍ ചോദ്യം വായിച്ച് മലയാളത്തില്‍ മനസ്സിലാക്കി ഇംഗ്ലീഷില്‍ ഉത്തരമെഴുതണം. യുവാക്കളോട് ഇതില്‍പരം ഒരു ദ്രോഹം ആര്‍ക്കാണ് ചെയ്യാനാവുക? മറ്റു പ്രാദേശിക ഭാഷകളോടൊപ്പം മലയാളവും പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ഇന്നുവരെ ഉന്നയിച്ചിട്ടുപോലുമില്ല. മെഡിക്കല്‍ പരീക്ഷയുടെ അടിസ്ഥാന യോഗ്യതയായ പ്ലസ്ടു പഠനം മലയാളത്തിലാക്കുന്നതു വരെ ഈ ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചതുകൊണ്ട് കാര്യവുമില്ല. പ്ലസ്ടു പരീക്ഷക്ക് 'ആര്‍ക്കെങ്കിലും' വേണമെങ്കില്‍ മലയാളത്തില്‍ ഉത്തരമെഴുതാമെന്ന ഒരു 'സൗജന്യം' അനുവദിച്ചിട്ടുണ്ട്. അപ്പോഴും ക്ലാസുമുറിയില്‍ മലയാളത്തിനു ഭൃഷ്ടാണ്. പരിഭാഷയുടെ കാര്യം അതിലേറെ വിചിത്രമാണ്. ഉദാഹരണത്തിന് 'സ്വിച്ച്' എന്ന പദത്തിന് 'വൈദ്യുതഗമനാഗമന യന്ത്രം' എന്ന മട്ടിലുളള മൊഴിമാറ്റം കൂടിയാവുമ്പോള്‍ ഭാഷാ സ്‌നേഹം പമ്പ കടന്നതു തന്നെ. മലയാളിക്ക് തന്നെ മലയാളം വേണ്ടെങ്കില്‍ മലയാളത്തെ ആര്‍ക്കാണ് രക്ഷിക്കാനാവുക. ചുരുക്കത്തില്‍ മലയാളത്തോടിഷ്ടം കൂടുന്ന മലയാളി എന്നും രണ്ടാംതരം പൗരന്‍ തന്നെ. ശ്രേഷ്ഠഭാഷാപദവി, മലയാളം ഒന്നാം ഭാഷയാക്കല്‍, മലയാളം നിര്‍ബ്ബന്ധിത പാഠ്യവിഷയമാക്കല്‍, ഭരണഭാഷയാക്കല്‍... മാമാങ്കങ്ങളുടെ അലയൊലികളിനിയുമടങ്ങിയിട്ടില്ല. എന്നാല്‍ വഞ്ചി തിരുനക്കര തന്നെ. മാതൃഭാഷയോടുളള അവഗണനയുടെ ആഴവും പരപ്പുമേറെ. അപ്പോഴും മറ്റേതു ഭാഷായേക്കാളും ഉളളടക്കത്തില്‍ മലയാളം മുന്നില്‍ തന്നെയാണ്. ഒന്നേ വേണ്ടൂ. 'അമ്മമലയാളം' എന്ന ആശയത്തെ പരസ്യവാചകത്തിലൊതുക്കാതെ അവസാനത്തെ മലയാളിയും ആത്മാവിലേക്ക് ആവാഹിച്ചു വെക്കുക. അപ്പോള്‍ പിന്നെ കൊച്ചിയില്‍ നിന്നല്ല ഒരിടത്തു നിന്നും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.