സിറിയയില്‍ ബോംബ് സ്‌ഫോടനം; 43 മരണം

Sunday 8 January 2017 9:36 pm IST

ദമാസ്‌കസ്: തുര്‍ക്കി അതിര്‍ത്തിയിലെ സംഘര്‍ഷബാധിത മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ 43പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സിറിയന്‍ നഗരമായ അസാസില്‍ ഒരു കാര്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. ഐഎസ് ഈയിടെ പ്രധാനമായും ലക്ഷ്യംവച്ചിട്ടുളള പ്രദേശമാണ് അസാസ്. റഷ്യയും തുര്‍ക്കിയും സംയുക്തമായി പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷമുണ്ടാകുന്ന ഏറ്റവും കടുത്ത ആക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മരിച്ചവരില്‍ ആറ് വിമതരുമുണ്ടെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി പറയുന്നു. മറ്റുളളവര്‍ നാട്ടുകാരാണ്. 2013 മുതല്‍ അസാസ് പിടിച്ചെടുക്കാന്‍ ഐഎസ് ശ്രമിച്ചിരുന്നു. തുര്‍ക്കി പിന്തുണയുളള സ്വതന്ത്ര സിറിയന്‍ സൈന്യത്തിന് സ്വാധീനമുളള മേഖലയാണിത്. നവംബറിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഇവിടെ 25 പേര്‍ മരിച്ചു. ഐഎസാണ് ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നിലെന്നാണ് ആരോപണം. ഈ മാസം കസാക്കിസ്ഥാന്റെ തലസ്ഥാനമായ അസ്താനയില്‍ സമാധാന ചര്‍ച്ച നടത്തണമെന്ന് റഷ്യയും ഇറാനും തുര്‍ക്കിയും സംയുക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.