അനുകരണമോ അപഹരണമോ?

Sunday 8 January 2017 8:52 pm IST

നല്ല രചയിതാക്കളും കാമ്പുള്ള പാട്ടുകളും റെഡ് ഡേറ്റാ ബുക്കില്‍ കയറിപ്പറ്റിയതിനാല്‍ ചലച്ചിത്രഗാനങ്ങള്‍ കുറേക്കാലമായി ഞാന്‍ ശ്രദ്ധിക്കാറില്ല; കൈതപ്രത്തിന്റെ ഗാനത്തേപ്പറ്റി എഴുതിയതിലെ, പ്രമോദ് പുനലൂര്‍ ചൂണ്ടിക്കാണിച്ച പിശക് അങ്ങനെ വന്നുപോയതാണ്. അമരം എന്ന സിനിമയില്‍ കന്യാസ്ത്രീകളെ അണിനിരത്തിയുള്ള 'ഹൃദയരാഗതന്ത്രി മീട്ടി സ്‌നേഹഗീതമേകിടും...' എന്ന കൈതപ്രത്തിന്റെ സ്‌കൂള്‍ പ്രാര്‍ത്ഥനാ ഗാനമാണ് ലേഖനത്തില്‍ ഉദ്ദേശിച്ചത്. ഓര്‍മ്മക്കുറവ് 'അമര'ത്തെ 'കാരുണ്യ'മാക്കിയെന്നു മാത്രം. 'ഭാര്യ കൊള്ളില്ലെങ്കിലും അമ്മായിയച്ഛന്റെ കാശും പത്രാസും കൊള്ളാം' എന്നൊരു വിരുതന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഹൈന്ദവാചാരങ്ങളുമായി ബന്ധപ്പെട്ട് െ്രെകസ്തവ സഭകളുടെ നിലപാടും അതുപോലെ തന്നെയാണ്. ഹിന്ദുദൈവങ്ങളെ വേണ്ട; പക്ഷേ അവരുടെ പൂജാവിധികളും വഴിപാടും ആരാധനാ പദങ്ങളുമെല്ലാം വേണംതാനും. പരസ്യമായി ആചാരമോഷണം നടത്തുന്ന കത്തോലിക്കന്‍ മുതല്‍ പൂച്ച പാലു കുടിക്കുന്നതുപോലെ പമ്മിയിരുന്ന് ഹൈന്ദവാചാരങ്ങള്‍ അടിച്ചു മാറ്റുന്ന മലങ്കര സഭക്കാരന്‍ വരെ ഇക്കാര്യത്തില്‍ ഒരേ തൂവല്‍പ്പക്ഷികളാണ്; അതുകൊണ്ടാണല്ലോ യെരുശലേമില്‍ പിറന്ന യേശുവിനെ ആരാധിക്കാന്‍ ഹിന്ദുസംന്യാസിമാരുടെ കാവിയും രുദ്രാക്ഷവും തന്നെ വേണമെന്ന് മെത്രാന്മാര്‍ ദുര്‍വാശി പിടിക്കുന്നത്. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യം എന്നു പറയും മാതിരി, കാവിരുദ്രാക്ഷങ്ങള്‍ ധരിച്ച് ഹൈന്ദവ ഋഷീശ്വരന്മാരുടെ നിഷ്‌ക്കാമ തേജസ്സും ഒപ്പിച്ചെടുക്കാം, ആഷാഢഭൂതികളായി ഹിന്ദുക്കള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറുകയും ചെയ്യാം. മലങ്കര സഭയുടെ പരിശുദ്ധന്‍ പരുമല തിരുമേനി എന്നറിയപ്പെടുന്ന ഗ്രിഗോറിയോസ് മെത്രൊപ്പൊലീത്തയുടെ 114-ാമത്തെ ഓര്‍മ്മപ്പെരുനാള്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് ആയിരുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി പരുമല തിരുമേനിയുടെ സ്തുതിഗീതങ്ങള്‍ വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ ആലപിച്ചുകൊണ്ട് പമ്പാ നദിക്കരയിലുള്ള കൊടിമരച്ചുവട്ടിലേക്ക് ഘോഷയാത്രയായി വന്ന വിശ്വാസികള്‍ കൊടിമരത്തിലേക്ക് വെറ്റിലക്കൊടിയേറ് നടത്തിയെന്ന് പിറ്റേന്നത്തെ പത്രങ്ങളില്‍ വാര്‍ത്തയും ഉണ്ടായിരുന്നു. നതോന്നത വൃത്തത്തിലുള്ള വഞ്ചിപ്പാട്ടും, കാകളി വൃത്തത്തിലുള്ള വച്ചുപാട്ട് എന്നയിനം വഞ്ചിപ്പാട്ടും (പാദങ്ങളെ രണ്ടായി മുറിച്ച് ആറാമക്ഷരത്തില്‍ യതി രീതിയില്‍ മഞ്ജരിയും വഞ്ചിപ്പാട്ടിന് ഉപയോഗിക്കാം), രാമപുരത്തു വാര്യരും കുചേലവൃത്തവും ഹിന്ദുത്വം പോകാതെ ഇന്നും നാവിന്‍തുമ്പില്‍ കളിക്കുമ്പോള്‍ പരുമല തിരുമേനിയുടെ സ്‌തോത്രങ്ങള്‍ വഞ്ചിപ്പാട്ടുകളാക്കിയത് മലങ്കര സഭയുടെ പഴയ അടിച്ചുമാറ്റല്‍ ശൈലിയുടെ പുതിയ അജണ്ടയല്ലാതെ മറ്റെന്താണ്? എട്ടു ദിവസം നീണ്ടു നിന്ന പെരുന്നാളിന്റെ സമാപനമായി നടത്തിയ 'ശ്രാദ്ധസദ്യ' വേറേ. പ്രസിദ്ധമായ മണര്‍കാട് മാര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പ് ആചരണത്തിന്റെ ഒരു വാര്‍ത്ത 2016 സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച്ചത്തെ പത്രങ്ങളില്‍ ഉണ്ടായിരുന്നു. നിലം തൊടാതെ വെട്ടിയെടുത്ത കൊടിമരം ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ മൂന്നു പ്രാവശ്യം വലംവച്ചു എന്നായിരുന്നു ആ വാര്‍ത്ത. 'നിലം തൊടാതെ വെട്ടിയെടുത്ത' കൊടിമരവും 'മൂന്നുരു വലം വയ്ക്കലും' അമ്പലത്തില്‍ നിന്നു പള്ളിയിലേക്ക് കൂടു വിട്ടു കൂടു മാറിയത് പക്ഷേ ഒരീച്ച പോലും അറിഞ്ഞില്ലെന്നു മാത്രം. 'ദേവമാതാ' എന്നാല്‍ ദേവമാതാവ് അദിതിയാണെന്നു വിചാരിച്ചിരുന്ന സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു; പക്ഷേ പിന്നീടാണ് പാവം അറിഞ്ഞത് ആ പദവിയും യെരുശലേംകാരി മേരിക്ക് തീറെഴുതപ്പെട്ടെന്നും ആ പേരില്‍ പള്ളി വക സ്‌കൂളും കോളജുമൊക്കെ ഉണ്ടാക്കിയിട്ടുണ്ടെന്നും. ദേവസ്വം ഭൂമിയില്‍ പള്ളി പണിതിട്ട് 'ഗീവര്‍ഗ്ഗീസ് വയലേലകളുടെ കാവല്‍ക്കാരന്‍' എന്നച്ചടിച്ച പെരുന്നാള്‍ നോട്ടീസ് ഒരു സ്‌നേഹിതന്‍ അയച്ചു തന്നത് ഈ ലേഖകന്റെ കൈയില്‍ ഇന്നും ഭദ്രം. സമൂഹം ആദരിക്കുന്ന ഹിന്ദുക്കളെ പള്ളിയില്‍ എത്തിച്ച് തങ്ങളുടെ ചെയ്തികള്‍ക്ക് വെള്ള പൂശാനുള്ള പള്ളിക്കാരുടെ മിടുക്കും അംഗീകരിക്കേണ്ടതു തന്നെ. ഗായിക കെ. എസ്. ചിത്ര ഈയിടെ കോട്ടയത്തെ ദേവലോകം അരമനയിലെത്തി തന്റെ വിരലില്‍ കിടന്ന വജ്രമോതിരം ഊരി മെത്രാനു നല്‍കിയതിന്റെ ഫോട്ടോ പത്രങ്ങളില്‍ വന്നത് ഉദാഹരണം. എന്നാല്‍ തിരുവിതാംകൂറില്‍ മലങ്കരസഭ നടത്തിയ പടയോട്ടത്തില്‍ നിലംപൊത്തിയ ക്ഷേത്രങ്ങളെ പറ്റിയോ, കുരിശിലേറ്റപ്പെട്ട ഹിന്ദുക്കളെ പറ്റിയോ ചിത്രയെന്നല്ല ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? പ്രസിദ്ധനായ ഒരു ഹൈന്ദവ സാഹിത്യകാരന്‍ കുറേക്കാലം മുമ്പ് ഒരു പ്രസ്താവന നടത്തി; രാത്രി കിടക്കും മുമ്പ് ബൈബിള്‍ വായിച്ചാലേ അങ്ങേര്‍ക്ക് ഉറക്കം വരൂ എന്ന്. എഴുത്തച്ഛനും ചെറുശ്ശേരിയും ഉള്ളൂരും ആശാനും എ. ആര്‍. രാജരാജവര്‍മ്മയുമൊക്കെ എഴുതിവച്ച ഭാഷയും വ്യാകരണവും പര്യായവും നാനാര്‍ത്ഥവുമെല്ലാം മനപ്പാഠമാക്കിയ ശേഷം അതുപയോഗിച്ച് സാഹിത്യരചന നടത്തി പേരും പ്രശസ്തിയും പണവും ഉണ്ടാക്കുക; എന്നിട്ട് ഉറങ്ങണമെങ്കില്‍ ബൈബിള്‍ നെഞ്ചത്ത് വേണമെന്നു പൊങ്ങച്ചം അടിക്കുക! ഹിന്ദുക്കളായ ചാത്തുമേനോന്റെയും വൈദ്യനാഥയ്യരുടെയും സംസ്‌കൃത പാണ്ഡിത്യമാണ് ഇംഗ്ലീഷുകാരനായ ബഞ്ചമിന്‍ ബെയ്‌ലിയുടെ ബൈബിളില്‍ മലയാള അക്ഷരങ്ങളായി പിറന്നു വീണതെന്നു പോലും അറിയാത്ത അദ്ദേഹവും ചിലര്‍ക്കൊക്കെ ആരാധ്യപുരുഷന്‍. അന്യമതക്കാരനെ സോപ്പിടാനും വയറ്റിപ്പിഴപ്പിനും വേണ്ടി ഓരോന്നു വിളിച്ചു കൂവുന്നുവെന്നു മാത്രം. 'വിശ്വം കാക്കുന്ന നാഥാ' എഴുതി യേശുവിനെ വാഴ്ത്തുകയും സസ്‌നേഹം, ഇവിടം സ്വര്‍ഗ്ഗമാണ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഇന്ത്യന്‍ പ്രണയകഥ തുടങ്ങി നിരവധി സിനിമകളില്‍ ഹിന്ദു യുവതികളെ അന്യമതക്കാരായ കഥാപാത്രങ്ങള്‍ക്ക് മിന്നു കെട്ടിച്ചു കൊടുക്കുകയും ചെയ്ത സത്യന്‍ അന്തിക്കാടും ഇക്കാര്യത്തില്‍ മുമ്പേ ഗമിക്കുന്ന ഗോവ് തന്നെ. പ്രമോദ്, 'ശ്രീയേശുവേ നമഃ' മാത്രമേ ശ്രദ്ധിച്ചിട്ടുള്ളുവെന്നു തോന്നുന്നു. തിരുവിതാംകൂറിലെ ഹിന്ദു രാജാക്കന്മാരുടെ നാളും നക്ഷത്രവും നോക്കി പേരിടുന്ന അവിട്ടം തിരുനാള്‍, ആയില്ല്യം തിരുനാള്‍, ചിത്തിര തിരുനാള്‍ തുടങ്ങിയ പദങ്ങളുടെ പ്രൗഢിയും ഗാംഭീര്യവും മനസ്സിലാക്കി ഗീവര്‍ഗ്ഗീസ് തിരുനാളും അന്തോണീസ് തിരുനാളും വിശുദ്ധ ഔസേപ്പ് തിരുനാളുമൊക്കെ എത്രയോ കാലമായി നമ്മുടെ മുമ്പില്‍ അരങ്ങേറുന്നു. ഉണ്ണിയപ്പം ഗണപതിയുടെയും, നെയ്യപ്പം ശ്രീകൃഷ്ണന്റെയും വഴിപാടുകളായിരുന്നു ക്ഷേത്രങ്ങളില്‍ പണ്ട്. പൂജവയ്പിനെ അമ്പലത്തില്‍ നിന്ന് പത്രമോഫീസിലേക്കും അവിടെനിന്ന് പള്ളിയിലേക്കും എത്തിച്ച് മതേതര പൂജവയ്പും എഴുത്തുകൂദാശകളും ഉണ്ടാക്കിയതു പോലെ, പള്ളികളിലുമുണ്ട് പെരുന്നാളിന് ഉണ്ണിയപ്പവും നെയ്യപ്പവുമൊക്കെ ഇപ്പോള്‍. പലചരക്കുകട നടത്തി കുത്തുപാള എടുത്ത ഒരു അമ്മാവന്‍ എനിക്ക് ഉണ്ടായിരുന്നു. കടം കയറി പല തവണ അടച്ചുപൂട്ടിയ കട വീണ്ടും തുറക്കാന്‍ പണം കടം ചോദിച്ച അമ്മാവനോട് സഹികെട്ട അപ്പൂപ്പന്‍ ഒരിക്കല്‍ പൊട്ടിത്തെറിച്ചു: ''എന്തിനാടാ, എന്നുമിങ്ങനെ എരന്നു വാങ്ങി കട നടത്തുന്നത്? പറ്റില്ലെങ്കില്‍ പൂട്ടിക്കെട്ടി മര്യാദയ്ക്ക് വീട്ടില്‍ ഇരുന്നുകൂടെ?''കൂടുതലൊന്നും പറയുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.