സിപിഎം കണ്ണടച്ച് ഇരുട്ടാക്കുന്നു

Sunday 8 January 2017 9:00 pm IST

നാലുദിവസം തിരുവനന്തപുരത്ത് സമ്മേളിച്ച സിപിഎം കേന്ദ്രകമ്മറ്റി കേരളഭരണത്തെ വിലയിരുത്തി വീഴ്ചകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ മല എലിയെ പ്രസവിച്ചു എന്ന പ്രതീതിയാണ് ജനിപ്പിച്ചത്. പതിവുപോലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വൃഥാ ചര്‍ച്ച നടത്തിയ സിപിഎം കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്താനാണ് മുഖ്യമായും തീരുമാനിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സാന്നിധ്യം പോലും അറിയിക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. എന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പറയുന്നു. രണ്ടക്ക സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നുറപ്പുള്ളതുകൊണ്ട് മാത്രമാണ് കോണ്‍ഗ്രസിനൊപ്പമില്ലെന്ന് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായത്. കോണ്‍ഗ്രസുമായി ആശയപരമായോ സംഘടനാപരമായോ ഒരു വ്യത്യസ്തയും ഇരുപാര്‍ട്ടികള്‍ക്കുമില്ലാതായി. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പുവരെ കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയ പാര്‍ട്ടിയാണ് സിപിഎം. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം പൂര്‍ണമായും സ്തംഭിപ്പിക്കാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് കോലാഹലം സൃഷ്ടിക്കുന്ന ജോലിയാണ് സിപിഎം ചെയ്തത്. കേരള സര്‍ക്കാരുകളുടെ വീഴ്ചമൂലം റേഷന്‍ മുടങ്ങിയതിന്റെ കുറ്റം കേന്ദ്രസര്‍ക്കാരില്‍ കെട്ടിവയ്ക്കാന്‍ നിയമസഭാ വേദിയില്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചുനിന്നു. നോട്ട് മരവിപ്പിക്കല്‍ നടപടിയിലും അവര്‍ക്ക് ഒരേ സ്വരമായിരുന്നു. നോട്ട് മരവിപ്പിക്കല്‍ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്താനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. ഇതും കോണ്‍ഗ്രസിനുവേണ്ടിയാണെന്ന് വ്യക്തമാണ്. ശക്തിയും വ്യക്തിത്വവും നഷ്ടപ്പെട്ട കോണ്‍ഗ്രസിനെ സഹായിക്കാനാകുമോ എന്ന പരീക്ഷണത്തിലാണ് സിപിഎം. പാര്‍ട്ടി നേതൃത്വങ്ങള്‍ നോട്ട് മരവിപ്പിക്കല്‍ എന്ന ധീരമായ നടപടിക്കെതിരെ രംഗത്ത് വരുന്നതിന്റെ പൊള്ളത്തരം ഇതിനകം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ കള്ളപ്പണം പുറത്തെടുക്കാന്‍ കഴിയാത്തതിലുള്ള വെപ്രാളമാണവര്‍ക്ക്. അതോടൊപ്പം തങ്ങളുടെ കറവപ്പശുക്കളായ കള്ളപ്പണക്കാര്‍ക്ക് കുടപിടിക്കാനും. എന്നാല്‍ ജനങ്ങള്‍ ഒന്നടങ്കം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്. കൊടിയ അഴിമതിയും കെടുകാര്യസ്ഥതയും കണ്ടുമടുത്ത ജനങ്ങളാണ് ഒരുമാറ്റത്തിനുവേണ്ടി നരേന്ദ്രമോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിക്കാനുള്ള തീവ്രമായ പരിശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഭാഗമാണ് സാമ്പത്തികപരിഷ്‌കരണം. സമാന്തര സമ്പദ്ഘടനയ്ക്ക് അന്ത്യംകുറിക്കാനുള്ള നടപടിയാണത്. കലശലായ രോഗത്തിന് നല്ല ചികിത്സ തന്നെ വേണ്ടിവരും. ചിലപ്പോള്‍ ശസ്ത്രക്രിയയും നടത്തേണ്ടിവരും. അത്തരമൊരു ശസ്ത്രക്രിയയാണ് നോട്ടുമരവിപ്പിക്കല്‍. അല്‍പം ക്ലേശം അനുഭവിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങളത് മുഖവിലക്കെടുത്തു. അല്‍പം പ്രയാസമുണ്ടായിരുന്നെങ്കിലും അതെല്ലാം മെല്ലെ പരിഹരിച്ചുകൊണ്ടിരിക്കുന്നു. ബാങ്കുകളിലെ ക്യൂവും എടിഎമ്മില്‍ പണമില്ലാത്തതുമൊക്കെയാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. ഒരു കാര്യം മനസ്സിലാക്കണം. ഇതിന്റെ പേരില്‍ പലരും പ്രതീക്ഷിച്ചതുപോലെ ഒരു കലാപവും നടന്നില്ല. ഒരു എടിഎമ്മും അടിച്ചുതകര്‍ത്തില്ല. നോട്ട് മരവിപ്പിക്കല്‍ നടപടിക്കെതിരെ ആര് പ്രതിഷേധിച്ചാലും പ്രക്ഷോഭം നടത്തിയാലും ജനങ്ങള്‍ അതിനെ പുച്ഛിച്ചുതള്ളും. ഡിസംബര്‍ 30 ന് പ്രധാനമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ നടപടികളും സാധാരണക്കാരനുവേണ്ടിയാണ്. ഒരു നയാ പൈസയുടെ അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്ന നരേന്ദ്രമോദിയുടെ തീരുമാനം ഇതുവരെ ലംഘിക്കപ്പെട്ടിട്ടില്ല. എന്നാല്‍ സിപിഎം കേരളത്തില്‍ അധികാരത്തിലെത്തിയിട്ട് 10 മാസമേ ആയുള്ളൂ. അതിനിടയില്‍ സ്വജനപക്ഷപാതത്തിന്റെ പേരില്‍ ഒരു മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിവന്നു. അഴിമതിയുടെ പേരില്‍ മറ്റൊരുമന്ത്രി വിജിലന്‍സ് അന്വേഷണത്തെ നേരിടുകയാണ്. മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫുകള്‍ പലരും സംശയത്തിന്റെ നിഴലിലാണ്. മറ്റൊരുമന്ത്രി കൊലക്കേസില്‍ പ്രതിസ്ഥാനത്തുമാണ്. ഇതൊന്നും സിപിഎം സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമായില്ലെന്നത് അത്ഭുതകരമാണ്. അഴിമതി നടത്തുകയും അതിന് കൂട്ടുനില്‍ക്കുകയും ചെയ്തു എന്നതിന് പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ട രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടിയില്ല. എന്നാല്‍ അവരുടെ സാന്നിധ്യത്തില്‍ വി.എസ്.അച്യുതാനന്ദന് താക്കീത് നല്‍കാനും തീരുമാനിച്ചിരിക്കുന്നു. അഴിമതി നടത്തിയവര്‍ക്ക് തലോടലും പാര്‍ട്ടിയിലെ തോന്ന്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് താക്കീതും എന്നത് വിചിത്രമായിരിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ കുത്തകകള്‍ക്ക് വേണ്ടി ദാഹിക്കുന്നു എന്നാണ് ആക്ഷേപം. പാവങ്ങളാണോ സിപിഎമ്മിന്റെ കണ്ണില്‍ കുത്തക? സിപിഎം കണ്ണടച്ച് ഇരുട്ടാക്കുന്ന പതിവ് തുടരുകയാണ്.