കായംകുളം: കായംകുളത്ത് പട്ടാപ്പകല്‍ നടുറോഡില്‍ യുവതിക്ക് നേരെ കയ്യേറ്റം. രണ്ടു യുവാക്കള്‍ അറസ്റ്റില്‍. റോഡിലൂടെ നടന്നുപോയ യുവതിയെയാണ് യുവാക്കള്‍ കടന്നുപിടിച്ചത്.
ഓച്ചിറ മേമന ഐശ്വര്യയില്‍ നിഥിന് എസ്. സുമന്(28) മുതുകുളം ഗീഥാ ഭവനില്‍ നിന്നും മേമന പുത്തന്‍തറയില്‍ താമസിക്കുന്ന വിശാഖ് (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ജങ്ഷനു സമീപമായിരുന്നു സംഭവം.
റോഡിലൂടെ ഒറ്റക്കുനടന്നു വരികയായിരുന്നു യുവതി. ഈ സമയം പിന്നാലെ സ്കൂട്ടറില്‍ വന്ന ഇവര്‍ യുവതിയുടെ സമീപം സ്കൂട്ടര്‍ നിര്‍ത്തി. പിന്നിലിരുന്ന നിഥിന് ഇറങ്ങി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
പെട്ടെന്നുള്ള അക്രമത്തില്‍ പകച്ചുപോയ യുവതി ബഹളം വച്ചതോടെ ഇരുവരും സ്കൂട്ടറില്‍ രക്ഷപ്പെട്ടു. സ്കൂട്ടറിന്റെ നമ്പര്‍ സഹിതം യുവതി പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് സിഐ സദന്, എസ്ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും ഇന്നലെ രാവിലെ അറസ്റ്റു ചെയ്തു.
ബന്ധുവിന്റെ സ്കൂട്ടറിലായിരുന്നു ഇരുവരും സഞ്ചരിച്ചത്. സംഭവ സമയം ഇവര്‍ മദ്യലഹരിയിലായിരുന്നു. എഎസ്ഐ രാജേന്ദ്രന്, സിപിഒമാരായ സതീന്ദ്രന്, രാജേന്ദ്രന്, ഇക്ബാല്‍, മുഹമ്മദ് ആരിഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: