അവഗണനയുടെ പ്രതീകമായി മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡ്

Sunday 8 January 2017 10:32 pm IST

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡ് അധികാരികളുടെ അവഗണനയുടെ പ്രതീകമായി മാറുന്നു. ദിവസേന 600ല്‍പ്പരം ബസുകള്‍ കയറിയിറങ്ങിപ്പോകുന്ന ബസ് സ്റ്റാന്‍ഡാണ് കുണ്ടും കുഴിയുമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്. ആര്‍പ്പൂക്കര പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് ബസ്സ്റ്റാന്‍ഡ്. വര്‍ഷങ്ങളായി ഇവിടെ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താറില്ല. ബസ്സ്റ്റാന്‍ഡിന്റെ തറ മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞ് താറുമാറായി. വലിയ കുഴികളും ഇവിടെ രൂപാന്തരപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ബസ് കയറിവരുന്ന ഭാഗം മുഴുവന്‍ തകര്‍ന്ന് കിടക്കുകയാണ്. പൊട്ടിപ്പൊൡഞ്ഞ ഭാഗത്തുനിന്നും കോണ്‍ക്രീറ്റ് സ്ലാബുകള്‍ നാട്ടുകാര്‍ എടുത്തുമാറ്റി അരികില്‍ ഒതുക്കിവച്ചിരിക്കുകയാണ്. തടിയും ടാര്‍വീപ്പയും നിരത്തിവച്ചാണ് വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കുവാന്‍ മുന്‍കരുതല്‍ ഒരുക്കിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ് ലേലം ചെയ്യുന്നതില്‍നിന്നും ലക്ഷങ്ങളാണ് പഞ്ചായത്തിന് ലഭിക്കുന്നത്. ഈ പണത്തിന്റെ ഒരംശംപോലും ബസ് സ്റ്റാന്‍ഡ് വികസനത്തിനോ സുരക്ഷയ്‌ക്കോ പഞ്ചായത്ത് ചെലവഴിക്കാറില്ല. ബസ്സ്റ്റാന്റിന്റെ സമീപ പ്രദേശങ്ങളിലെല്ലാം ചെറുകിട കച്ചവടക്കാര്‍ കയ്യേറിയിരിക്കുന്നു.ഇതിനിടെ കോടതിയില്‍ കേസ് ഉള്ളതായും അറിയുന്നു. കേസ് നടത്തി കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ നാളുകളായി പഞ്ചായത്ത് തയ്യാറെടുക്കുന്നില്ല. ഇതിന്റെയൊക്കെ പിന്നില്‍ വന്‍അഴിമതി നടന്നുവരുന്നതായും ജനങ്ങള്‍ പറയുന്നു. നാളുകള്‍ക്ക് മുമ്പ് ബസ് സ്വയം ഉരുണ്ട്‌നീങ്ങി ഒരാള്‍ ഇവിടെ മരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ബസ് കയറുന്നതും ഇറങ്ങുന്നതുമായ കവാടങ്ങള്‍ പരസ്പരം മാറ്റിയത്. ഇനിയും മറ്റൊരു ജീവന്‍ പൊലിഞ്ഞാല്‍ മാത്രമേ ഈ ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുവാന്‍ അധികാരികള്‍ തയ്യാറാകൂ എന്ന് സമീപവാസികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.