കേരളത്തില്‍ നടക്കുന്നത് ഭരണമല്ല, മരണം: കുമ്മനം

Sunday 8 January 2017 5:19 pm IST

തിരുവല്ല: അധികാരത്തിന്റെ അഹന്തയില്‍ ഭരണമല്ല സിപിഎം നടപ്പാക്കുന്ന മരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് നയിക്കുന്ന ദക്ഷിണമേഖലാ പ്രചാരണ ജാഥക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പൗരാവകാശ ധ്വംസനമാണ് നടക്കുന്നത്. ഇതിന് ഭരണപക്ഷം തന്നെ ഒത്താശ ചെയ്യുന്നു. അക്രമത്തിന്റെ പ്രത്യയശാസ്ത്രവും അഴിമതിയുടെ രാഷ്ട്രീയവൂമാണ് ഇതുവരെ കേരളം ഭരിച്ചിരുന്നത്. പോലീസും മറ്റും സംവിധാനങ്ങളെയും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തി അക്രമരാഷ്ട്രീയം നടത്തുന്ന ഇടത് ഭരണം നാടിന് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന കക്ഷിയുടെ മേല്‍നോട്ടത്തില്‍ എതിരാളികളെ വകവരുത്താന്‍ ആഹ്വാനം ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണ്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കം സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയില്‍ ഭയപ്പാടോടെയാണ് ജോലിചെയ്യുന്നത്. തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി അധികാരത്തിലെത്തിയെന്ന് അവകാശപ്പെടുന്നവര്‍ ഇന്ന് അവരുടെ അന്നം മുടക്കുന്ന പ്രവണതയാണ് കാട്ടുന്നത്. പാവപ്പെട്ടവന്റെ അന്നം മുടക്കികളായി റേഷന്‍ വിതരണം പോലും നടത്താന്‍ കഴിയാതെയും കുടിവെള്ളം വിതരണം ചെയ്യാതെയും നോട്ടിന്റെ പേരില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുയാണ് ഇവര്‍ ചെയ്യുന്നത്. ഇത് പൊതുജനം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അന്നമെന്ന ആശയം മുന്നോട്ട് വെച്ച ഭക്ഷ്യസുരക്ഷാ പദ്ധതി സംസ്ഥാനത്ത് പ്രയോജനപ്പെടുത്താന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരുനേരത്തെ അന്നത്തിന് ആയിരങ്ങള്‍ കാത്തിരിക്കുമ്പോഴും ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ ഭക്ഷ്യ സാധനങ്ങള്‍ നിറഞ്ഞ് കിടന്നിട്ടും അത് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇരുമുന്നണികളും കള്ളപ്പണമാഫിയകള്‍ക്ക് ഒത്താശചെയ്തുകൊണ്ട് സാമ്പത്തിക നടപടിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കള്ളപ്പണത്തെ തടഞ്ഞ് സാമ്പത്തിക ഭദ്രത നേടാന്‍ തുടക്കമിട്ട നടപടികള്‍ക്ക് രാജ്യം ഒന്നായി മുന്നേറുമ്പോള്‍ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇടതുവലതു മുന്നണികള്‍ രാജ്യപുരോഗതിക്ക് തുരങ്കം വയ്ക്കുന്ന നടപടികള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം വിലയിരുത്തി. സഹകരണ മേഖല തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സഹകരണരംഗം കൂടുതല്‍ സുതാര്യവും സുശക്തവുമാകണമെന്നാണു ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ആഗ്രഹം. സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യപുരോഗതിക്കായി നടപ്പാക്കുന്ന പദ്ധതികള്‍ ജനോപകാരപ്രദമാണ്. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ഉന്നമനമാണ് ലക്ഷ്യം. ഇതിനെതിരെയുള്ള രഹസ്യ അജണ്ടകളാണ് ഇടതുവലതു മുന്നണികള്‍ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലം പ്രസിഡന്റ് കുറ്റൂര്‍ പ്രസന്നകൂമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറാര്‍ കെ. ആര്‍. പ്രതാപചന്ദ്രവര്‍മ്മ, സെക്രട്ടറി പി.ശിവന്‍കുട്ടി, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. ജി.നരേഷ്‌കുമാര്‍, മണി എസ.് തിരുവല്ല. ജില്ലാ അദ്ധ്യക്ഷന്‍ അശോകന്‍ കുളനട, ജനറല്‍ സെക്രട്ടറിമാരായ എസ്. എന്‍. ഹരികൃഷ്ണന്‍, ഷാജി ആര്‍.നായര്‍. ഉപാദ്ധ്യക്ഷന്മാരായ വിജയകുമാര്‍ മണിപ്പുഴ, ശ്രീദേവി താമരാക്ഷന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. രാമകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.