കണ്ണൂര്‍: നിലവിലെ പിഎസ്സി ലിസ്റ്റില്‍ നിന്ന് സംസ്ഥാനത്ത് ഒഴിവുള്ള വെറ്ററിനറി ഓഫീസര്‍മാര്‍ക്ക് ഉടന്‍ നിയമനം നല്‍കുമെന്നും അതില്‍ പത്തില്‍ കുറയാത്ത ഓഫീസര്‍മാരെ കണ്ണൂരിന് നല്‍കുമെന്നും മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ചെറുകുന്ന് പഞ്ചായത്ത് പുതുതായി നിര്‍മിച്ച മൃഗാശുപത്രി ഉദ്ഘാടനവും പൗരാവകാശരേഖ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്നുകാലികളെ ഇന്‍ഷൂര്‍ ചെയ്യുന്നതിനുള്ള സമഗ്രപദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നുണ്ട്. മൂന്നുമാസത്തിനുള്ളില്‍ 40,000 പശുക്കളെ ഇന്‍ഷൂര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പ്രീമിയം തുകയുടെ 50 ശതമാനം സംസ്ഥാന സര്‍ക്കാരും 25 ശതമാനം തദ്ദേശ സ്ഥാപനവും വഹിക്കും. 25 ശതമാനം മാത്രമാണ് കര്ഷകന് നല്‍കേണ്ടിവരിക. അടുത്ത വര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശുവിനെ വാങ്ങാന്‍ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്ന 10,000 രൂപ സബ്സിഡി 20,000മാക്കി വര്‍ധിപ്പിച്ചതായും മന്ത്രി അറിയിച്ചു.
പുതുതായി നിര്‍മിച്ച മൃഗാശുപത്രിയുടെ ഒന്നാം നിലയില്‍ പഞ്ചായത്തിന് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കുന്നതിന് വകുപ്പിന്റെ സഹായം മന്ത്രി വാഗ്ദാനം ചെയ്തു. 23 ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തിന്റെ സ്ഥലത്താണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്.
കഴിഞ്ഞ ദിവസം പഴയങ്ങാടി പാലത്തില്‍ നിന്ന് പുഴയില്‍ വീണ യുവതിയെ രക്ഷപ്പെടുത്തിയ ചെറുകുന്ന് ദാലില്‍ സ്വദേശി കെ.വി.സയീദിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. സ്വന്തം ജീവന് പോലും പണയപ്പെടുത്തി പുഴയിലേക്കെടുത്തുചാടി ജീവന് രക്ഷിച്ച സയീദിന് സംസ്ഥാന സര്‍ക്കാരിന്റെ അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതില്‍ മികച്ച നേട്ടം കൈവരിച്ച ചെറുകുന്ന് പഞ്ചായത്തിലെ ഐശ്വര്യ, സമൃദ്ധി സ്വാശ്രയ സംഘാംഗങ്ങള്‍ക്കുള്ള പാരിതോഷികം മന്ത്രി സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി.കെ അസ്സന്‍കുഞ്ഞി മാസ്റ്റര്‍, കെ.മോഹനന്, കെ.വി നാരായണന്, കെ.പുഷ്പാംഗതന്, കെ.ജോബ്, എന്‍.മഹേഷ്കുമാര്‍, പി.വി.ഉണ്ണികൃഷ്ണന്, കെ ശശിധരന് എന്നിവരാണ് പാരിതോഷികത്തിന് അര്‍ഹരായത്.
ചടങ്ങില്‍ ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷനായി. ഡോ.കെ.എച്ച്.സുബ്രഹ്മണ്യന് പൗരാവകാശ രേഖ ഏറ്റുവാങ്ങി. മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ ഡോ. എന്‍.എന്‍.ശശി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അന്‍സാരി തില്ലങ്കേരി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്സന്‍കുഞ്ഞി മാസ്റ്റര്‍, വൈസ് പ്രസിഡന്റ് പി.വി.രാധ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി.ബാബു രാജേന്ദ്രന്, ഇ.കൃഷ്ണന്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പി.വി.സജീവന്, പി.സി.കുഞ്ഞപ്പ, കെ.പത്മിനി, വെറ്ററിനറി സര്ജന് ഡോ.ആശാ ബാലന്, വിവിധ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: