പനമ്പിള്ളി നഗര്‍: കോടതിവിധിയില്‍ ആശങ്ക, ചിലര്‍ക്ക് സാധ്യതയും

Sunday 8 January 2017 11:16 pm IST

കൊച്ചി: പനമ്പിള്ളി നഗറിലെ പാര്‍പ്പിട മേഖലയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് മറ്റു പ്രദേശങ്ങളില്‍ വാടക നിരക്ക് കൂട്ടും. നിലവിലുള്ള സ്ഥാപനങ്ങള്‍ പൂട്ടാന്‍ നിശ്ചയിച്ചാല്‍ 5,000 ല്‍ പരം പേര്‍ക്ക് ജോലി പോകും. പനമ്പള്ളി നഗര്‍ പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന വാണിജ്യ സ്വഭാവം താമസിക്കുന്നവര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് കോടതി വിധി. ബേക്കറി, കോഫിഷോപ്പ് ഉള്‍പ്പെടെ, പഞ്ചായത്തീരാജ് നിയമത്തിലെ ഡി ആന്‍ഡ് ഒ ലൈസന്‍സ് നിര്‍ബന്ധമുള്ള സ്ഥാപനങ്ങള്‍ (അപകടകരവും ഹാനികരവുമായ) മാര്‍ച്ച് 31 നുശേഷം പ്രദേശത്ത് പ്രവര്‍ത്തിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. സമയപരിധി കഴിഞ്ഞാല്‍, സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും ജിസിഡിഎയും പൂട്ടിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പാര്‍പ്പിടാവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത സ്ഥലത്തെ 500 ലേറെ വാണിജ്യ സ്ഥാപനങ്ങള്‍ സമാധാന ജീവിതത്തിനുള്ള അന്തരീക്ഷം നഷ്ടപ്പെടുന്നുവെന്നാണ് ഹര്‍ജി. വീടുകളോട് ചേര്‍ന്ന് ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ തുടങ്ങിയവരുടെ ഓഫീസുകളുടെ കാര്യത്തില്‍ പരാതിയില്ല. ഗോഡൗണുകള്‍, വെയര്‍ഹൗസുകള്‍, ഫാക്ടറികള്‍, ഷോറൂമുകള്‍ തുടങ്ങിയവ പരിസരവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. ക്രമരഹിതമായ പാര്‍ക്കിംഗിന്റെ തലവേദനയും വലിയ വാഹനങ്ങളിലുള്ള ചരക്കു നീക്കവും നിമിത്തമുള്ള വായു - ശബ്ദ മലിനീകരണവും പ്രദേശ വാസികള്‍ അനുഭവിക്കേണ്ട സ്ഥിതിയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പനമ്പിള്ളിനഗര്‍ സ്വദേശിനി ശോഭ രാമചന്ദ്രന്‍ ഉള്‍പ്പെടെ 11 പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി. ചിദംബരേഷിന്റെ സിംഗിള്‍ബെഞ്ച് ഉത്തരവ്. പനമ്പള്ളി നഗറില്‍ 250 ല്‍ അധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ജിസിഡിഎയുടെ മുന്‍കൂര്‍ അനുമതി നേടാത്ത സ്ഥാപനങ്ങളാണ് പൂട്ടേണ്ടി വരിക. ഇവ മറ്റിടങ്ങളിലേക്ക് മാറ്റുകയാണെങ്കില്‍ സമീപ പ്രദേശങ്ങളില്‍ വാടക വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. മെട്രോ നിര്‍മ്മാണത്തെ തുടര്‍ന്ന് ബിസിനസ് നഷ്ടപ്പെട്ട് പൂട്ടിയ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്ക് ഇത് നല്ല അവസരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒപ്പം, പൂട്ടിപ്പോകുന്ന സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 5000 ല്‍ പരം പേരുടെ തൊഴില്‍ ഭാവിയിലും ആശങ്കയുണ്ടായിട്ടുണ്ട്.