വനവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കമ്മീഷന്‍

Sunday 8 January 2017 11:17 pm IST

കൊച്ചി: അടിമാലി പടിക്കപ്പ് പ്രദേശത്തെ ആദിവാസികളുടെ ജീവനും സ്വത്തിനും സുരക്ഷയുറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ജനകീയ കമ്മീഷന്‍. ഡിസംബര്‍ 11ന് ഗുണ്ടാ സംഘങ്ങളുടെ നേതൃത്വത്തില്‍ ഇവിടെ വനവാസി കുടുംബങ്ങളുടെ വീടുകള്‍ തീവെച്ചു നശിപ്പിച്ചു. ഇതെക്കുറിച്ച് അന്വേഷിക്കുകഎന്നതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ ജനകീയ കമ്മീഷനെ നിയോഗിച്ചത്. ഭൂമാഫിയയുടെ നേതൃത്വത്തില്‍ ഇവിടെ നടത്തിവന്ന അന്യായം ചോദ്യം ചെയ്തതിനാണ് അവിടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് കമ്മീഷന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 100ഓളം വനവാസി കുടുംബങ്ങള്‍ താമസിക്കുന്ന അടിമാലി പഞ്ചായത്തിലെ മാന്നാംകണ്ടം വില്ലേജില്‍ ട്രൈബല്‍ സെറ്റില്‍മെന്റ് ഭാഗത്ത് ഇവരുടെ ഭൂമിക്ക് പലതിനും റവന്യു, ഫോറസ്റ്റ് രേഖകള്‍ ലഭിച്ചിട്ടില്ല. ഇത് മുതലെടുത്ത് ഭൂമാഫിയകള്‍ അധികൃതരുടെ സഹായത്തോടെ കൃത്രിമ രേഖകള്‍ ഉണ്ടാക്കുകയും വലിയ സംഖ്യക്ക് ഭൂമി കൈമാറ്റങ്ങള്‍ വേഗത്തില്‍ നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഇതിന്റെ മറവില്‍ നിസഹായരായ വനവാസികളെ പ്രതി ചേര്‍ത്ത് സിവില്‍ കേസുകള്‍ വരെ നിലവിലുള്ളതായി ജനകീയ കമ്മീഷന്‍ അംഗം അഡ്വ. പി. എ. പൗരന്‍ പറഞ്ഞു. ഭൂമാഫിയ സംഘത്തില്‍ പെട്ട ബോബന്‍, പൗലോസ്, ജോര്‍ജുകുട്ടി ഇവര്‍ ചേര്‍ന്ന് നടത്തുന്ന മൃഗവേട്ട, വന വിഭവ മോഷണം ഇവയില്‍ ആദിവാസികളെ കണ്ണികളാക്കി കേസുകളില്‍ ഉള്‍പ്പെടുത്തുകയും തുടര്‍ന്ന് ജാമ്യത്തിലെടുക്കാന്‍ സഹായ ഹസ്തമെന്ന രീതിയില്‍ എത്തി അവരുടെ ഭൂമി കൈവശപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ മാസം വീടുകള്‍ക്ക് തീവെച്ച സംഭവമുണ്ടായത്. കുഞ്ഞമ്മ എന്ന വനവാസി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണ്. അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടിമാലി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ ജനകീയ കമ്മീഷന്‍ അംഗങ്ങളായ ജോണ്‍ പെരുവന്താനം, കെ. കെ. എസ് ദാസ്, ജോണ്‍ കാണക്കാരി പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.