അനധികൃത ബണ്ട് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

Sunday 8 January 2017 11:25 pm IST

മേക്കാട്: അങ്കമാലി മാഞ്ഞാലി തോടിന്റെ നിര്‍മാണം നടക്കുന്ന മധുരപ്പുറം പാലത്തിന് സമീപം തോടിനു കുറുകെ അനധികൃതമായി ബണ്ട് നിര്‍മിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. വെള്ളം ഒഴുകി പോകാത്തവിധം റോഡു പോലെ മണ്ണടിച്ചാണ് ബണ്ട് നിര്‍മ്മിച്ചത്. രാത്രിയില്‍ തോടിന്റെ പകുതിയോളം വരെ ബണ്ട് നിര്‍മ്മിച്ചു. നാട്ടുകാര്‍ രാവിലെയാണ് സംഭവം അറിയുന്നത്. ഉടന്‍ നാട്ടുകാര്‍ പണി തടഞ്ഞു. തോട് താഴ്ത്തിയതോടെ കിഴക്കന്‍ പ്രദേശത്തെ ജലനിരപ്പ് താഴ്ന്നു. അതിനാല്‍ തോട്ടിലെ വെള്ളം തടഞ്ഞു നിര്‍ത്തണമെന്ന ചിലരുടെ നിര്‍ദേശപ്രകാരമാണ് കരാറുകാരന്‍ ബണ്ട് പണിതത്. തോട്ടിലെ ഒഴുക്ക് തടഞ്ഞാല്‍ താഴെ പ്രദേശത്ത് ഇരുപത് ഏക്കറോളം കൃഷി നശിക്കുമെന്നും, തോടിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ജലസേചന പദ്ധതികളും നിര്‍ത്തേണ്ടി വരുമെന്നും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് തോടിനു കുറുകെ പകുതിയോളം നിര്‍മിച്ച മണ്ണ് ബണ്ട് കോരിമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വൈകീട്ട് ആറോടെ മധുരപ്പുറത്ത് റോഡ് ഉപരോധിച്ചു. ഇതറിഞ്ഞ് ചെങ്ങമനാട് പോലീസും, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോയും സ്ഥലത്തെത്തി. തുടര്‍ന്ന് അധികൃതരുമായി സംസാരിച്ച് ശനിയാഴ്ച മണ്ണ് ബണ്ട് കോരിമാറ്റാന്‍ ധാരണയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.