ശബരിമലയില്‍ നടപ്പിലാക്കേണ്ടത് പരിസ്ഥിതി സൗഹൃദ വികസനം: ഗവര്‍ണ്ണര്‍

Sunday 8 January 2017 11:44 pm IST

ശബരിമല: ശബരിമലയില്‍ നടപ്പിലാക്കേണ്ടത് പരിസ്ഥിതി സൗഹൃദ വികസനമാണെന്ന് കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പമ്പാദീരത്ത് സംഘടിപ്പിച്ച ദ്വിദിന പമ്പാസംഗമം രാമമൂര്‍ത്തി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തെ എതിര്‍ക്കാനാകില്ല. അതേസമയം, പരിസ്ഥിതി സംരക്ഷണത്തിനും പ്രാമുഖ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വികസനപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പരിസ്ഥിതി സൗഹൃദരീതി അവലംബിക്കണം. ശബരിമലയുടെ വികസനത്തിനും ഇതായിരിക്കും ഏറെ ഗുണകരം. താഴേക്കിടയിലുള്ളവരുടെ വികസനപ്രശ്‌നങ്ങളും മറ്റും അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ അറിയുന്നില്ല. ശബരിമല വികസനകാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. ഇവിടെ വികസനപ്രവൃത്തിക്കായി കൂടുതല്‍ വനഭൂമി ആവശ്യമുണ്ട്. ഇക്കാര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടായ പ്രവര്‍ത്തിനത്തിലൂടെ നേടിയെടുക്കണം. ഇക്കാര്യം താന്‍ ഹരിത ട്രിബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ ശബരിമലയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഇനിയും വികസിപ്പിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടി കൂട്ടായ്മയിലൂടെ ഉണ്ടാകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ആന്റോ ആന്റണി എംപി, രാജു എബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ , ബോര്‍ഡംഗം കെ രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു. ബോര്‍ഡംഗം അജയ് തറയില്‍ അതിഥികള്‍ക്ക് ഉപഹാരം നല്‍കി. തിങ്കളാഴ്ച രാമമൂര്‍ത്തി മണ്ഡപത്തില്‍ അയ്യപ്പ ഭക്തസംഗമം നടക്കും. ശബരിമല തീര്‍ഥാടന സാക്ഷാത്കാരം എന്ന വിഷയം ഡോ. എം ജി ശശിഭൂഷണ്‍ അവതരിപ്പിക്കും. ദേവസ്വം റിക്രൂട്ട്‌മെന്റ് ചെയര്‍മാന്‍ എം. രാജഗോപാലന്‍, തെന്നല ബാലകൃഷ്ണപിള്ള, കുമ്മനം രാജശേഖരന്‍, വനിതാ കമീഷനംഗം ഡോ. ജെ പ്രമീളാദേവി എന്നിവര്‍ സംസാരിക്കും. വൈകിട്ട് മൂന്നിന് സമാപനസമ്മേളനം തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉദ്ഘാടനം ചെയ്യും. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, കര്‍ണാടക മന്ത്രിമാരായ ഡി.കെ. ശിവകുമാര്‍, രുദ്രപ്പ മാണപ്പ ലമേണി, ആന്ധ്ര മന്ത്രി പി. മാണിക്യലറാവു, തെലങ്കാന മന്ത്രി എ.ഇന്ദ്രകുമാര്‍ റെഡ്ഡി തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.