സിപിഎം നിലപാട് പരിഹാസ്യം: കുമ്മനം

Monday 9 January 2017 4:19 am IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ നിശ്ചയിച്ച സിപിഎം നിലപാട് പരിഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നോട്ട് മരവിപ്പിക്കല്‍ വന്‍പരാജയമെന്നാണ് സിപിഎം വിലയിരുത്തുന്നത്. അതോടൊപ്പം 11 ലക്ഷം കോടി രൂപ കുത്തകകള്‍ക്ക് കേന്ദ്രം വായ്പ നല്‍കാന്‍ പോകുന്നു എന്നും സിപിഎം കുറ്റപ്പെടുത്തുന്നു. ഏത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആക്ഷേപമെന്ന് സിപിഎം വ്യക്തമാക്കണമെന്നും കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നോട്ട് മരവിപ്പിക്കലിന് ശേഷം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീട് നല്‍കാന്‍ നിശ്ചയിച്ചത് കുത്തകകള്‍ക്ക് വേണ്ടിയാണോ? ഗ്രാമങ്ങളില്‍ വൈദ്യുതിയും വെള്ളവും നല്‍കാനുള്ള തീരുമാനം പാവപ്പെട്ടവര്‍ക്കുവേണ്ടിയല്ലേ? ഒന്നരക്കോടി പാവങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കിയതാണോ നരേന്ദ്രമോദി ചെയ്തകുറ്റം. ബാങ്കുകള്‍ ഇത്രയും കാലം പണക്കാരെ സേവിക്കാനാണ് തീരുമാനിച്ചത്. ഇതിമുതല്‍ പാവപ്പെട്ടവര്‍ക്കായി സേവനം തിരിച്ചുവിടണമെന്ന നിര്‍ദ്ദേശത്തെയാണോ സിപിഎമ്മിന് സഹിക്കാത്തത്? പുരോഗമന പാര്‍ട്ടി എന്നവകാശപ്പെടുന്ന സിപിഎം എക്കാലവും പരിഷ്‌കരണങ്ങളെ എതിര്‍ത്തതാണ് ചരിത്രം. നോട്ടുമരവിപ്പിക്കല്‍ നടപടിയെ ഇപ്പോള്‍ എതിര്‍ക്കുന്ന സിപിഎം തെറ്റുതിരുത്തേണ്ട കാലം വിദൂരത്തല്ല. പാവപ്പെട്ടവര്‍ക്ക് റേഷന്‍ നല്‍കാന്‍ പോലും കഴിയാത്ത സര്‍ക്കാരിനാണ് കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ ഭരണം പൂര്‍ണമായും സ്തംഭിച്ചു. ഐഎഎസുകാര്‍ക്കുപോലും സമരം നടത്തേണ്ട സാഹചര്യം മറ്റവിടെയെങ്കിലുമുണ്ടോ എന്ന് കുമ്മനം ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.