മഞ്ഞളിപ്പ് രോഗം; നെല്‍ കര്‍ഷകര്‍ ആശങ്കയില്‍

Monday 9 January 2017 11:13 am IST

അങ്ങാടിപ്പുറം: ചെരക്കാപറമ്പ് കടുങ്ങല്ലൂര്‍ പാടശേഖരത്തില്‍ വന്‍തോതില്‍ മഞ്ഞളിപ്പ് രോഗം പടര്‍ന്നത് നെല്‍ കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. കടുങ്ങല്ലൂര്‍ പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിലാണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. കൃഷിഭവന്‍ മുഖേന ലഭിച്ച പൊന്മണി വിത്താണ് ഉപയോഗിച്ചിരിക്കുന്നത് ഓരോ കണ്ടത്തിലും വലിയ വട്ടത്തില്‍ മഞ്ഞളിപ്പ് രൂപപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. ഇതുമൂലം കതിരിട്ട നെല്ലുകള്‍ ഉണങ്ങി നശിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് മഞ്ഞളിപ്പ് ബാധിച്ചപ്പോള്‍ കൃഷിഭവന്‍ ജോലിക്കാരെ വെച്ച് മരുന്നടിച്ചിരുന്നു. എന്നാല്‍ ഇത്തവണ കൃഷിഭവന്‍ ഈ വിഷയം ശ്രദ്ധിക്കുന്നില്ലെന്ന് യുവ കര്‍ഷകന്‍ ബാലു.ഡി.നായര്‍ കുറ്റപ്പെടുത്തി. പഞ്ചായത്ത് ജലസേചനത്തിന് സൗകര്യമൊരുക്കാത്തത് കൃഷിക്കാവശ്യമായ വെള്ളത്തിനും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. വേനല്‍ കുടത്തതോടെ അയല്‍ സ്ഥലങ്ങളിലുള്ള ചിറകളെയാണ് കര്‍ഷകര്‍ വെള്ളത്തിനായി ആശ്രയിക്കുന്നത്. ഒരുതരം ഫംഗസാണ് മഞ്ഞളിപ്പ് രോഗത്തിന് കാരണമെന്നും ചാണകം കലക്കിയ വെള്ളം തെളിച്ചാല്‍ ഒരുപരിധിവരെ മാറ്റമുണ്ടാകുമെന്നും കൃഷി ഓഫീസര്‍ പി.സുരേഷ് പറഞ്ഞു. മഞ്ഞളിപ്പ് വ്യാപിക്കുകയാണെങ്കില്‍ കൃഷിഭവന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഇതുകൊണ്ടൊന്നും കര്‍ഷകരുടെ ആശങ്ക തീരുന്നില്ലെന്നുള്ളതാണ് സത്യം. കൃഷി നശിച്ചാല്‍ വലിയ സാമ്പത്തിക നഷ്ടമായിരിക്കും ഓരോര്‍ത്തര്‍ക്കും സംഭവിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.