വി‌എസ്: നടപടികളില്‍ ഒതുങ്ങാത്ത അധികാര ആര്‍ത്തി

Saturday 8 April 2017 4:00 pm IST

മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദനെതിരെ ഉണ്ടായ രാഷ്ട്രീയ നടപടിയുടെ പ്രത്യേകത, ഏറ്റവും കൂടുതല്‍ പരസ്യ ശാസന ഏറ്റുവാങ്ങേണ്ടി വന്നെന്നുള്ള നേതാവെന്നതാണ്. പാര്‍ട്ടി തീരുമാനങ്ങളേയും നിലപാടുകളേയും തളളി പറഞ്ഞതിനാണ് എല്ലാ നടപടികളും. 1964ലായിരുന്നു ആദ്യ നടപടി. ഇന്ത്യ-ചൈന യുദ്ധ കാലത്തായിരുന്നു ഇത്. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കുവാനുള്ള ആഹ്വാനത്തിന്റെ പേരിലായിരുന്നു നടപടി. പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര കമ്മറ്റിയെന്ന നിലയില്‍ നിന്ന് അദ്ദേഹത്തെ ബ്രാഞ്ചിലേയ്ക്ക് തരം താഴ്ത്തിയത്. പിന്നീട് നാല് പതിറ്റാണ്ടോളം പാര്‍ട്ടിക്ക് കീഴടങ്ങി കൊണ്ട് തന്നെ പ്രവര്‍ത്തിച്ചെന്ന് വേണം കരുതാന്‍. 1998ല്‍ പാലക്കാട് നടന്ന സിഐടിയു സമ്മേളനത്തില്‍ നേതാക്കളെ വെട്ടിനിരത്തിയതിന്റെ പേരിലായിരുന്നു പിബിയുടെ രഹസ്യ താക്കീതുണ്ടായത്. തുടര്‍ച്ചയായി രണ്ട് കേന്ദ്ര കമ്മിറ്റികളിലാണ് ഇദ്ദേഹം പരസ്യ ശാസന ഏറ്റുവാങ്ങിയത്. പാര്‍ട്ടിയിലെ മറ്റൊരു നേതാവിനും ഈ അവസ്ഥ ഉണ്ടായിട്ടില്ല. എഡിബി വായ്പയുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിരുദ്ധ സമീപനം സ്വീകരിച്ചതിനാണ് പിന്നീട് പരസ്യ ശാസന നല്‍കിയത്. അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി പരസ്യമായ സംവാദം ഉണ്ടായതിന്റെ പേരില്‍ രണ്ട് പേരേയും പിബിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിണറായി പിന്നീട് പിബിയിലേയ്ക്ക് തിരിച്ചെത്തി. എന്നാല്‍ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തിയതിന് വിഎസിനെതിരെ അടുത്ത നടപടിയുണ്ടായി. കേരളത്തില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലെ പൊതു സമ്മേളനം ബഹിഷ്‌ക്കരിച്ചതിന്റെ പേരിലും നടപടിയുണ്ടായി. പിന്നീട് ടിപി ചന്ദ്രശേഖരന്‍ കേസില്‍ ഇടപെടുകയും പിണറായി വിജയനെതിരെ പത്രസമ്മേളനം നടത്തുകയുമുണ്ടായി. തെറ്റ് ഏറ്റു പറഞ്ഞതിന്റെ പേരില്‍ ഈ പ്രാവശ്യം കടുത്ത നടപടികളൊഴിവായി. കൂടംകുളം വിവാദത്തില്‍ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരില്‍ വീണ്ടും നടപടിയുണ്ടായി. ചുരുക്കത്തില്‍ പരസ്യവും രഹസ്യവുമായ കടുപ്പമേറയതും ലളിതവുമായ ഇത്രയും നടപടികള്‍ നേരിട്ട മറ്റൊരു നേതാവ് സിപിഎമ്മില്‍ ഉണ്ടായിട്ടില്ല. പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും അതിന് വേണ്ടി കത്തു നല്‍കുകയും പരസ്യമായി ആവശ്യപ്പെടുകയും ചെയ്ത മറ്റൊരു നേതാവ് കേരളത്തിലില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്ക് പാര്‍ലമെന്ററി വ്യാമോഹം ഇല്ലെന്നാണ് പറയപ്പെടുന്നതെങ്കിലും വിഎസിന്റെ ഇതപര്യന്തമുള്ള നടപടികള്‍ പരിശോധിച്ചാല്‍ ആ വാദം പൊള്ളയാണെന്ന് കാണാം. എന്നാല്‍ പ്രായത്തെ പരിഗണിച്ചാണത്രെ ഇത്തവണ നടപടി സഭ്യമായ ഭാഷയിലൊതുക്കിയത്. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഉള്‍കൊള്ളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തൃപ്തിപ്പെടുത്തുകയാണ് ചെയ്തത്.