ട്വിറ്ററിലൂടെ സ്ഥലംമാറ്റം ആവശ്യപ്പെട്ട ടെക്കിയ്ക്ക് സുഷമ നല്‍കിയ മറുപടി

Monday 9 January 2017 6:49 pm IST

ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്റര്‍ നയതന്ത്രം പ്രസിദ്ധമാണ്. തന്നെ എതിര്‍ക്കുന്നവര്‍ക്ക് ഉള്‍പ്പെടെ ട്വിറ്ററിലൂടെ സഹായം ലഭ്യമാക്കി സുഷമ നിരവധി തവണ പ്രശംസ നേടി. എന്നാല്‍ അനാവശ്യ അഭ്യര്‍ഥന നടത്തിയ ടെക്കിയെ കണക്കറ്റ് വിമര്‍ശിച്ചാണ് സുഷമ ഇത്തവണ രംഗത്തെത്തിയത്. ഭാര്യയുടെ സ്ഥലം മാറ്റമായിരുന്നു പൂനെയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിന്റെ ആവശ്യം. ഝാന്‍സി റെയില്‍വേ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഭാര്യയെ പൂനെയിലേക്ക് സ്ഥലംമാറ്റി തങ്ങളുടെ വനവാസം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്ന് സ്മിത് രാജ് സുഷമക്ക് ട്വീറ്റ് ചെയ്തു. എന്റെ വകുപ്പിന് കീഴിലായിരുന്നു താങ്കളുടെ ഭാര്യയെങ്കില്‍ ട്വിറ്ററില്‍ ഈ ആഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെ സസ്‌പെന്റ് ചെയ്‌തേനെയെന്നായിരുന്നു സുഷമയുടെ മറുപടി. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെയും സുഷമ ടാഗ് ചെയ്തു. സ്ഥലംമാറ്റത്തില്‍ തനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും റെയില്‍വേ ബോര്‍ഡിനാണ് അധികാരമെന്നും സുരേഷ് പ്രഭു വ്യക്തമാക്കി. ഭാര്യക്ക് പാസ്‌പോര്‍ട്ടിനായി യുഎസ് പൗരന്‍ സഹായം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയായിരുന്നു യുവാവിന്റെ ട്വീറ്റ്. ഇതില്‍ സുഷമ നടപടി സ്വീകരിച്ചിരുന്നു. ട്വിറ്ററിലൂടെ സരസമായ മറുപടികള്‍ നല്‍കിയിരുന്ന സുഷമ ആദ്യമായാണ് ചൂടാകുന്നത്. പ്രവാസികളോട് അവരുടെ പ്രശ്‌നങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചാല്‍ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം സുഷമ വ്യക്തമാക്കിയിരുന്നു.