കറന്‍സി രഹിത സമൂഹത്തിലേക്ക്

Monday 9 January 2017 9:22 pm IST

കറന്‍സി രഹിത സമൂഹം എന്നത് നടക്കാത്ത സ്വപ്‌നമാണെന്നായിരുന്നു പൊതുവെ വിലിയിരുത്തപ്പെട്ടിരുന്നത്. കാരണം ഭാരതത്തെപ്പോലെയുള്ള ഒരു വിശാല രാജ്യത്ത് അത് നടക്കാത്തതാണ് എന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടിരുന്നത്. നാളിതുവരെ കണ്ടുപോന്നതും ഉപയോഗിച്ചുവരുന്നതുമായ ഒരു സംവിധാനമാണ് കറന്‍സി; അതായത് കടലാസ് നോട്ടുകള്‍. ജീവിതവുമായി അഭേദ്യമാം വിധം ഇഴുകിച്ചേര്‍ന്നു പോയതാണ് അത്. അതിനാല്‍ ഒരു വ്യതിയാനം അത്രപൊടുന്നനെ ആലോചിക്കാനാവുന്നതായിരുന്നില്ല. എന്നാല്‍ ലോകം പുരോഗതിയിലേക്കു കുതിച്ചുയരുമ്പോള്‍ അതിനനുസൃതമായ തരത്തില്‍ നമുക്കും മാറാതിരുന്നുകൂട. പക്ഷെ, എങ്ങനെ എന്ന വലിയ ചോദ്യമാണുണ്ടായിരുന്നത്. പതുക്കെപ്പതുക്കെ കറന്‍സി രഹിത സംവിധാനത്തിലേക്കു മാറാമെന്ന കാഴ്ചപ്പാടിന് നവം. എട്ട് മുതല്‍ മാറ്റം വന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതായിട്ടുവരും. ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകളുടെ നിയമപ്രകാരമുള്ള വിനിമയ സൗകര്യം അന്നുമുതല്‍ ഇല്ലാതായതാണ് കാരണം. പ്രധാനമന്ത്രി ഇത്തരമൊരു പ്രഖ്യാപനം രാഷ്ട്രത്തോട് നടത്തിയതു മുതല്‍ ഇനിയെന്തെന്ന വലിയ ചോദ്യത്തിന് വരെ പെട്ടെന്നുതന്നെ ഉത്തരം കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞു. രാജ്യത്തിലെ മുഴുവന്‍ ഇടപാടുകളും കറന്‍സി രഹിത മാര്‍ഗത്തിലൂടെ നടത്തുക എന്നതായിരുന്നു അത്. കറന്‍സി അച്ചടിക്കുന്നതും അത് വിതരണത്തിന് എത്തിക്കുന്നതും മറ്റുമായുള്ള ഭാരിച്ച ചെലവും മറ്റു ബുദ്ധിമുട്ടുകളും ഒഴിവാക്കാമെന്നതാണ് ഇതിലെ പ്രധാനപ്പെട്ട വശം. സംഭരണവും വിതരണവും സര്‍ക്കാരിന് തലവേദനയാവില്ല. പരമപ്രധാനമായിട്ടുള്ള മറ്റൊന്ന് ഇടപാടുകളിലെ സുതാര്യതയാണ്. നികുതി കൊടുക്കാതെയും മറ്റും വളഞ്ഞ വഴികളിലൂടെ നടത്തപ്പെടുന്ന ഏതൊരു ഇടപാടും നിലയ്ക്കും. സര്‍ക്കാരിന് യുക്തിസഹമായ അനുപാതത്തിലുള്ള നികുതി കറന്‍സി രഹിത ഇടപാടിലൂടെ, അതായത് ഡിജിറ്റല്‍ വിനിമയത്തിലൂടെ ലഭ്യമാവും. ഇടപാടുകാര്‍ക്ക് നിയമ വിധേയമാര്‍ഗത്തിലൂടെ കാര്യങ്ങള്‍ നടത്താനാവുമെന്നു വരുമ്പോള്‍ ഈ മേഖലയിലുള്ള സകല നൂലാമാലകളും അവസാനിക്കുകയാണ്. സര്‍ക്കാരിന് കിട്ടുന്ന നികുതിവഴി രാജ്യത്തിന്റെ സമ്പദ് ഘടന സുശക്തമാവും. ജനങ്ങള്‍ക്ക് ഗുണപ്രദമായ ഒട്ടുവളരെ പദ്ധതികള്‍ നടപ്പാക്കാനാവും. ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ ഇടപാടുകള്‍ നടത്തണമെന്ന പ്രചാരണം വളരെ മുമ്പെ സര്‍ക്കാര്‍ തുടങ്ങിയിരുന്നുവെങ്കിലും അതിന് ഗതിവേഗമുണ്ടായിരുന്നില്ല. അതിന്റെ പ്രധാന കാരണം രാജ്യത്തെമ്പാടും വിനിമയം ചെയ്യപ്പെട്ടിരുന്ന ഏതാണ്ട് 14.5 ലക്ഷം കോടി കറന്‍സിയായിരുന്നു. ശീലിച്ചുപോയ പണമിടപാടില്‍ നിന്ന് ജനങ്ങള്‍ പുതിയ രീതി തെരഞ്ഞെടുക്കണമെങ്കില്‍ അധികൃത കേന്ദ്രങ്ങളില്‍ നിന്ന് കര്‍ശന നടപടികള്‍ ഉണ്ടാവണം. അതാണ് ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നിരോധനം വഴി ഉണ്ടായത്. കറന്‍സി ഇടപാടില്‍ 85 ശതമാനവും ഇത്തരം ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളാണ്. ആ നടപടിയോടെ ബദല്‍ മാര്‍ഗ്ഗത്തിലേക്ക് വഴിമാറി നടക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായി. രാജ്യത്ത് ഏതാണ്ട് 25 കോടി പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെന്നാണ് കണക്ക്. ജനങ്ങള്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ചെലവു കുറഞ്ഞ അഞ്ച് ഡിജിറ്റല്‍ പേയ്‌മെന്റ് രീതികളില്‍ സ്മാര്‍ട്ട് ഫോണിന് വലിയ സ്ഥാനമുണ്ട്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്, അതായത് യുപിഐ, ഇ-വാലറ്റ്, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗപ്പെടുത്താം. സ്മാര്‍ട്ട് ഫോണ്‍ വഴി ഇതിന് കഴിയും. ഇത്തരം ഫോണില്ലാത്തവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫീച്ചര്‍ ഫോണ്‍ ഉണ്ടെങ്കില്‍ *99ബാങ്കിംഗ് അഥവാ അണ്‍ സ്ട്രക്‌ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ എന്ന സേവനം ഉപയോഗിച്ച് ഇടപാടു നടത്താം. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍നിന്ന് *99 ഡയല്‍ ചെയ്ത് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്ന രീതിയാണിത്. സ്വന്തമായി ഫോണില്ലാത്തവര്‍ക്ക് ആധാറുമായി ബന്ധിക്കപ്പെട്ട സംവിധാനങ്ങളിലൂടെ മൈക്രോ എടിഎമ്മുകള്‍ വഴി ഇടപാട് നടത്താം. ഇതൊക്കെ വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കാനും കഴിയും. ഭാഷപോലും അതിനൊരു പ്രശ്‌നമല്ല എന്നതാണ് പ്രത്യേകം അറിയേണ്ട സംഗതി. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ വിവിധ ഇളവുകളും ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. പേയ്ടിഎം ഉള്‍പ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകള്‍ വിവിധ ബാങ്കുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ 'ഭീം' എന്ന പേരില്‍ ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന റുപയാ കാര്‍ഡ് കറന്‍സിക്ക് പകരമുള്ള പ്ലാസ്റ്റിക് മണിയാണ്. ഇങ്ങനെ കറന്‍സി രഹിത സംവിധാനത്തിലേക്ക് സമൂഹത്തെ പടിപടിയായി ഉയര്‍ത്താനാണ് നോക്കുന്നത്. വാസ്തവത്തില്‍ കറന്‍സി രഹിതസമൂഹത്തിലേക്കുള്ള കാല്‍വെയ്പ്പ് നോട്ട് നിരോധനത്തിന് ശേഷമല്ല തുടങ്ങിയിട്ടുള്ളത്. എടിഎം കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും വന്നപ്പോള്‍തന്നെ അതിന് തുടക്കമായിരുന്നു. തൊട്ടുപിന്നാലെ ഓണ്‍ലൈന്‍ ഇടപാടും സംവിധാനവും വന്നു. ആദ്യമൊക്കെ മടിച്ചിരുന്നവര്‍ പിന്നീട് ഇതിന്റെ ആരാധകരായി മാറി എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. സമയം ലാഭിക്കുക എന്നതിന് പരമപ്രാധാന്യമാണ് ഇത്തരം ഓണ്‍ലൈന്‍ സംവിധാനം വഴി ലഭ്യമാവുന്നത്. മനുഷ്യ വിഭവശേഷി പാഴായിപ്പോവാതെ ലോക മുന്നേറ്റത്തിന് ഉപയുക്തമാക്കാന്‍ സാധിക്കും എന്നതും കാണേണ്ടതുതന്നെ. ഇന്ന് 40 വയസ്സു കഴിഞ്ഞവര്‍ക്ക് മാത്രമേ ഒരു പരിധിവരെ ഇത്തരം കറന്‍സി രഹിത സംവിധാനം ഉപയോഗപ്പെടുത്തുന്നതില്‍ ചെറിയ ബുദ്ധിമുട്ടുള്ളൂ. ശേഷിക്കുന്ന യുവസമൂഹം എന്നേ കറന്‍സി രഹിത സംവിധാനത്തിലേക്ക് ചുവടു മാറിക്കഴിഞ്ഞു. അതിന്റെ ഗുണഫലങ്ങള്‍ നമുക്ക് അനുഭവ വേദ്യമാകുന്നുമുണ്ട്. കറന്‍സി രഹിത സംവിധാനം വ്യാപകമാവുകയും കറന്‍സി ഉപയോഗിക്കുന്നത് ഒരു പ്രാകൃത നിലപാടായി വിലയിരുത്തപ്പെടുകയും ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്‌നം ആ മേഖലയിലെ തട്ടിപ്പാണ്. അതീവ ജാഗ്രത പുലര്‍ത്താത്ത ഇടപാടുകളിലേക്ക് സൈബര്‍ നുഴഞ്ഞുകയറ്റത്തിന്റെ ഇരുതലവാള്‍ എത്താന്‍ ഇടയുണ്ട്. സമ്പാദ്യമൊക്കെ നിമിഷാര്‍ധംകൊണ്ട് നഷ്ടപ്പെടുന്ന സ്ഥിതിവിശേഷത്തിന് സാധ്യത കൂടുതലാണ്. അക്കാര്യത്തില്‍ ശുഷ്‌കാന്തിയോടെയുള്ള ഇടപെടലുകളും ശക്തമായ ശിക്ഷാ നടപടികളും ഉണ്ടാവേണ്ടതുണ്ട്. പുരോഗതിയിലേക്കു കുതിക്കുന്ന സമൂഹം എന്നും ആധുനിക സാങ്കേതിക വിദ്യയെയും അത് ഉപയോഗപ്പെടുത്തി ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങളേയും നെഞ്ചേറ്റുകതന്നെ ചെയ്യും. വന്‍ വിപ്ലവങ്ങളിലൂടെ മാത്രമേ ഇന്നത്തെ സമൂഹത്തിന് ശേഷിയും ശേമുഷിയും കൈവരിക്കാനായിട്ടുള്ളൂ എന്ന് നമുക്കറിയാവുന്നതാണല്ലോ. കാര്‍ഷിക മേഖലയില്‍ യന്ത്രങ്ങള്‍ വന്നപ്പോഴും കമ്പ്യൂട്ടറുകള്‍ എല്ലാ മേഖലയിലും കടന്നുകയറിയപ്പോഴും നമുക്ക് ഇത്തരത്തില്‍ ആശങ്കകളും ഭീതിയും ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. പക്ഷേ, ഇന്ന് അവയൊക്കെ ജീവിതത്തില്‍ അവിഭാജ്യഘടകങ്ങളായി കഴിഞ്ഞുവല്ലോ. കറന്‍സി രഹിത സംവിധാനത്തിലേക്കുള്ള വഴികളില്‍ തുടക്കത്തില്‍ കാണുന്ന ബുദ്ധിമുട്ടുകള്‍ പിന്നീട് ഇല്ലാതാവും. അതിന് പര്യാപ്തമായ പല രീതികളും കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. (കോഴിക്കോട് ആകാശവാണി നിലയം കുടുംബവേദി പരിപാടിയില്‍ പ്രക്ഷേപണം ചെയ്തത്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.