ജിഷ്ണുവിന്റെ മരണം: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Monday 9 January 2017 10:20 pm IST

എബിവിപി- യുവമോര്‍ച്ച സമരത്തില്‍ നിന്ന്‌

തിരുവില്വാമല: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ്ങ് കോളേജ് ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥി കോഴിക്കോട് നാദാപുരം സ്വദേശി ജിഷ്ണു പ്രണോയ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഹാജറിന്റേയും ഇന്റേണല്‍ മാര്‍ക്കിന്റേയും പേരില്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്ന രീതിയാണ് കോളേജില്‍ നടക്കുന്നത്.

മാനേജ്‌മെന്റിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ കായികമായി കൈകാര്യം ചെയ്യാനും ശാരീരികമായി മര്‍ദ്ദിക്കാനും പ്രത്യേക മുറിയുണ്ട്. പിആര്‍ഒയുടെ റൂമില്‍ ഇടിമുറി എന്ന പേരില്‍ പ്രത്യേക സജ്ജീകരണം തന്നെയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജ് മാനേജ്‌മെന്റിന്റെ നിയന്ത്രണം കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെ.പി.വിശ്വനാഥന്റെ മകന്‍ സജിത്ത് വിശ്വനാഥനാണ്.

സംഭവത്തില്‍ സമഗ്രമായി അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച് പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ്ങ് കോളേജിലേക്ക് തിങ്കളാഴ്ച യുവമോര്‍ച്ചയും എബിവിപിയും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു.
കോളേജിലേക്ക് എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകളും മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ കല്ലേറില്‍ കോളേജിന്റെ ജനല്‍ച്ചില്ലുകളും പോലീസ് ജീപ്പിന്റെ ഗ്ലാസും തകര്‍ന്നു.

ജിഷ്ണുവിനെ മാനേജ്‌മെന്റും അധ്യാപകരും മാനസികമായി പീഡിപ്പിക്കുകയും പരീക്ഷയെഴുതാന്‍ സമ്മതിക്കില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതായും വെളിപ്പെട്ടിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.ജിഷ്ണുവിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണ്, കോളേജ് മാനേജ്‌മെന്റിന്റെ ഹിറ്റ്‌ലര്‍ ഭരണം ഇനി അനുവദിക്കില്ല എന്ന് മുദ്രാവാക്യമുയര്‍ത്തി നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യത്തില്‍ എബിവിപി പ്രതിഷേധസമരം കോളേജ് കാമ്പസ്സില്‍ ആഞ്ഞടിച്ചു. ജില്ലയിലെ വിവിധ കോളേജ്, സ്‌കൂളുകളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധസമരത്തില്‍ പങ്കാളികളായത്. പ്രതിഷേധസമരം എബിവിപി ദേശീയനിര്‍വാഹകസമിതി അംഗം എ.പ്രസാദ്, കെ.വി.വരുണ്‍പ്രസാദ്, എം.എം.ഷാജി, ശ്രീകാന്ത്, ദീപുനാരായണന്‍ദാസ്, അജയ്, ടി.എച്ച്.അരുണ്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേയോ കോളേജ് മാനേജ്‌മെന്റിനെതിരെയോ സര്‍ക്കാരോ, സാങ്കേതിക സര്‍വകലാശാല അധികൃതരോ നടപടികളൊന്നുംതന്നെ ഇതുവരെ സ്വീകരിച്ചിട്ടില്ല. ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് യുവമോര്‍ച്ചയുടെ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. ഉല്ലാസ് ബാബു പറഞ്ഞു.

യുവമോര്‍ച്ച നിയോജകമണ്ഡലം ജന.സെക്രട്ടറി ടി.എച്ച്. അരുണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുവമോര്‍ച്ച ജില്ലാസെക്രട്ടറി അഡ്വ. പി.പി.സജിത്, എബിവിപി ദേശീയ നിര്‍വാഹകസമിതിയംഗം എ.പ്രസാദ്, ബിജെപി ജില്ലാസെക്രട്ടറി പ്രസന്ന ശശി, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രഭാകരന്‍ മാഞ്ചാടി, ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് പി.കെ.മണി, ജനറല്‍ സെക്രട്ടറി രാജേഷ് നമ്പ്യാത്ത്, സെക്രട്ടറി എം.വി.കൃഷ്ണന്‍കുട്ടി, കെ.ബാലകൃഷ്ണന്‍, പി.വിശ്വനാഥന്‍, ജയപ്രകാശ്കുമാര്‍ കെ, ടി.സി.പ്രകാശന്‍, അജിത്, ശ്രീകാന്ത്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് രാമദാസ്, പി.രാധാകൃഷ്ണന്‍, പല്ലക്കാട് രാംകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സാന്നിദ്ധ്യം യോഗത്തിലുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.