മൂന്നാര്‍ സഹ. ബാങ്കിന്റെ ഭൂമി കയ്യേറ്റം അനുകൂലിച്ച് സിപിഎം

Monday 9 January 2017 10:42 pm IST

ഇടുക്കി: മൂന്നാര്‍ ടൗണില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് കയ്യേറിയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും വസ്തു ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പിന് കഴിയുന്നില്ല. മൂന്നാര്‍ എംഎല്‍എ ഇടപെട്ടതിനാലാണിത്. ഒന്നേകാല്‍ സെന്റാണ് സഹകരണബാങ്കിന് ഇവിടെയുള്ളത്. അഞ്ചരസെന്റാണ് കയ്യേറിയത്. ഇക്കാര്യം ദേവികുളം സബ് കളക്ടര്‍ ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ട്. കയ്യേറ്റത്തിനെതിരെ നോട്ടീസ് നല്‍കാതെ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് ഒഴിഞ്ഞ് പോകണമെന്നാണ് ബാങ്ക് അധികൃതരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കത്തെ പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് പ്രതിരോധിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം മൂന്നാര്‍ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പറും കയ്യേറ്റത്തിനൊപ്പമാണ്. കയ്യേറിയ ഭൂമിയില്‍ പണികള്‍ നടത്തിയതിന് മൂന്ന് ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. ഈ പണം ബാങ്ക് സെക്രട്ടറി രേഖകളൊന്നുമില്ലാതെയാണ് ചെലവഴിച്ചിരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ദേവികുളം സബ് കളക്ടറെ മാറ്റാന്‍ സിപിഎം നേതൃത്വം ശ്രമം ആരംഭിച്ചിട്ടുണ്ട്.   സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസ് നോക്കുകുത്തി മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് വേണ്ടി ശക്തമായ നടപടി സ്വീകരിക്കാന്‍ രൂപീകരിച്ച സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസ് നോക്കുകുത്തി. മൂന്നാറില്‍ കയ്യേറ്റം എവിടെ നടന്നാലും ഈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വസ്തു വീണ്ടെടുക്കാന്‍ ശ്രമിക്കേണ്ടതാണ്. തഹസീല്‍ദാര്‍, രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, രണ്ട് വില്ലേജ്മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഈ ഓഫീസിലുള്ളത്. കഴിഞ്ഞ ദിവസം മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആറ്റുപുറമ്പോക്ക് കയ്യേറിയിട്ടും സ്‌പെഷ്യല്‍ തഹീല്‍ദാര്‍ ഓഫീസില്‍ നിന്ന് ഒരു നടപടിയും സ്വീകരിച്ചില്ല. ദേവികുളം സബ് കളക്ടര്‍ സ്ഥലത്തെത്തിയാണ് നടപടികള്‍ ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.