മകരസംക്രമപൂജ 14ന് രാവിലെ 7.40ന്: തന്ത്രി

Monday 9 January 2017 10:52 pm IST

ശബരിമല: സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന 14ന് രാവിലെ 7.40ന് സംക്രമപൂജ നടക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവരര് അറിയിച്ചു. കവടിയാര്‍ രാജകൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്ത്തേങ്ങ ഭഗവാന് അഭിഷേകം ചെയ്യും. തന്ത്രിക്കൊപ്പം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം 6.30ന് പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. ഈ സമയം ആകാശനീലിമയില്‍ മകര നക്ഷത്രം മിഴിതുറക്കും. കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതിയും തെളിയും. മകരവിളക്കിന് മുന്നോടിയായുളള ശുദ്ധിക്രിയകള്‍ 12ന് ആരംഭിക്കും. 12ന് ദീപാരാധനയ്ക്കുശേഷം പ്രാസാദ ശുദ്ധിക്രിയയും 13ന് ഉച്ചപൂജയ്ക്കുശേഷം ബിംബശുദ്ധി ക്രിയകളുമാണ് നടക്കുക. ഗണപതിപൂജ, രാക്ഷോഹ്നഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തുകലശം, രക്ഷാകലശം, വാസ്തുപുണ്യാഹം എന്നിവയുണ്ടാകും. ബിംബശുദ്ധി ക്രിയകളുടെ ഭാഗമായി ചതുര്‍ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നിവയുണ്ടാകും. 14ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തുന്ന തിരുവാഭരണ ഘോഷയാത്രക്ക് വൈകിട്ട് 6.15ന്പതിനെട്ടാം പടിക്ക് മുകളില്‍ സ്വീകരണം നല്‍കും. തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് പേടകം ഏററുവാങ്ങി സോപാനത്തെത്തിക്കും. 16 മുതല്‍ 19 വരെ ദീപാരാധനയ്ക്ക് ശേഷം പടിപൂജയുണ്ടാകും. ഇതില്‍ രണ്ടു ദിവസം ഉദയാസ്തമന പൂജയും നടത്തും. 18ന് ഉച്ചപൂജയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കളഭാഭിഷേകം. 19ന് അത്താഴപൂജയ്ക്ക് ശേഷം മാളികപുറത്ത് ഗുരുതിയുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.