മദ്യപിച്ച് ഓടിച്ചാല്‍ ഇനി വണ്ടി പിടിച്ചെടുക്കും

Monday 9 January 2017 11:18 pm IST

കൊച്ചി: വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് എറണാകുളം റൂറല്‍ എസ്പി: എ.വി. ജോര്‍ജ്. സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് എറണാകുളം ഗ്രാമീണ ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം 364 പേരാണ് മരിച്ചത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കും, ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. മൊബൈല്‍ ഫോണില്‍ സംസാരിച്ചു വണ്ടി ഓടിക്കുന്നവര്‍ക്കെതിരെ ഇനി പെറ്റിക്കേസല്ല. ഐപിസി 279 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഫോണ്‍ പിടിച്ചെടുക്കും. മണല്‍, മണ്ണ്, പാറ മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കുന്നും മലയും ഇടിച്ച് നിരത്തി മണ്ണെടുക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. നിലംനികത്തല്‍ പോലീസ് നേരിട്ടെത്തി തടയും. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്കായി പരാതി അദാലത്ത് സംഘടിപ്പിക്കും. സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരിക്കും അദാലയത്ത്. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടി വരുന്നതിനാല്‍ ഇനി മുതല്‍ സ്‌കൂള്‍ പിടിഐ യോഗത്തില്‍ അതത് സ്റ്റേഷനിലെ എസ്‌ഐമാരും പങ്കെടുക്കും. ജില്ലയില്‍ ഗുണ്ടാ സംഘങ്ങള്‍ സജീവമാണ്. ഇവരെ അമര്‍ച്ച ചെയ്യാന്‍ ഗുണ്ടാസ്‌ക്വാഡ് രൂപീകരിക്കും. എആര്‍ ക്യാമ്പിലെ മിടുക്കന്‍മാരായ പോലീസുകാരെ ഉള്‍പ്പെടുത്തിയാവും സ്‌ക്വാഡ്. പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഇവരെത്തും. ഗുണ്ടാ സ്‌ക്വാഡുകള്‍ക്ക് പ്രത്യേക വാഹന സൗകര്യവും ലഭ്യമാക്കും. ജില്ലയിലെ ഗുണ്ടാസംഘങ്ങളുടെ ലിസ്റ്റ് ശേഖരിക്കും. ഇവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, സ്‌കൂള്‍ ലേഡീസ് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും. ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍മാര്‍ മാറി മാറി വരുന്നതിനാല്‍ ഇനി മുതല്‍ ഡ്രൈവറുടെ സീറ്റിന് പിന്നില്‍ ഡ്രൈവറുടെ തിരിച്ചറിയല്‍ കാര്‍ഡ് പതിക്കണം. തൊഴിലാളി സംഘടനകളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. വ്യാജ ഡോക്ടര്‍മാര്‍ പെരുകുകയാണ്. മൂലക്കുരുവിന് ചികിത്സ നടത്തുന്ന ബംഗാളി ഡോക്ടര്‍മാരില്‍ പലരും വ്യാജരാണ്. ഇവര്‍ക്കെതിരെയും ഭിക്ഷാടന മാഫിയകള്‍ക്കെതിരെയും നടപടി സ്വീകരിക്കും. സ്‌പെഷ്യല്‍ ബ്രാഞ്ച് സംവിധാനം ശക്തിപ്പെടുത്തുമെന്നും എസ്പി പറഞ്ഞു. റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റശേഷം ആലുവ എസ്പി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.