തൃപ്തി ദേശായിയെ തടയേണ്ടത് സര്‍ക്കാര്‍: കെ.പി. ശശികല ടീച്ചര്‍

Monday 9 January 2017 11:19 pm IST

പറവൂര്‍: തൃപ്തി ദേശായി ശബരിമലയില്‍ വന്നാല്‍ തടയേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ശബരിമലയില്‍ സ് ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് നിയമം നിലവില്‍ ഉണ്ട്. അതിന് മാറ്റം വരാത്തിടത്തോളംകാലം അത് പാലിക്കപ്പെടേണ്ടത് സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ഉത്തരവാദിത്വമാണ്. പറവൂര്‍ വഴിക്കുളങ്ങരയില്‍ തീര്‍ത്ഥാടകര്‍ക്കായി സേവാഭാരതി നടത്തുന്ന അന്നദാന മഹായജ്ഞത്തോടനുബന്ധിച്ചു നടന്ന ആദ്ധ്യാത്മിക പ്രഭാഷണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശശികല ടീച്ചര്‍. ശബരിമലയില്‍ അന്നദാനം നടത്തുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് സംഘടനകളെ വിലക്കിയത് ഹോട്ടല്‍ ലോബിക്ക് വേണ്ടിയാണെന്ന് ശശികല ടീച്ചര്‍ ആരോപിച്ചു. ഡോ.രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ നായര്‍ , കണ്‍വീനര്‍ പി.വി.കൃഷ്ണകുമാര്‍ , സേവാഭാരതി താലൂക്ക് പ്രസിഡന്റ് എസ്.സോമന്‍ , ഉമാശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.