വക്കത്ത് മോഷണം പതിവാകുന്നു; പോലീസ് നിഷ്‌ക്രിയം

Monday 9 January 2017 11:35 pm IST

ആറ്റിങ്ങല്‍: വക്കത്ത് മോഷണം പതിവാകുന്നു. പോലീസ് നിഷ്‌ക്രിയമെന്ന് വ്യാപക പരാതി. കഴിഞ്ഞ ദിവസം വക്കം പുത്തന്‍ നടയ്ക്ക് സമീപം പരക്കുടി വീട്ടില്‍ അമാന്റെ വസതിയില്‍ നിന്ന് പത്തുപവനും മൂവായിരം രൂപയും കവര്‍ന്നു. ഇലക്‌ട്രോണിക്‌സ് ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ നഷ്ടപ്പെട്ടു. അമാന്‍ വിദേശത്തായതിനാല്‍ ഭാര്യയും കുട്ടികളും തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലാണ് രാത്രി ഉറങ്ങുന്നത്. രാവിലെ വീട്ടില്‍ മടങ്ങിവന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുന്‍വാതില്‍ തകര്‍ക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ട കള്ളന്‍ ഗ്രില്‍ വളച്ച് വിടവുണ്ടാക്കി ആകത്തുകയറുകയായിരുന്നു. കുറച്ചുദിവസങ്ങള്‍ക്കുമുന്‍പ് നിലയ്ക്കാമുക്ക് ജംഗ്ഷനില്‍ സത്യന്റെ വീട്ടില്‍ നടന്ന മോഷണവും സമാനമാണ്. ചികിത്സയില്‍ കഴിയുന്ന സമയത്ത് അടഞ്ഞുകിടന്ന വീടിന്റെ വാതില്‍ കമ്പിപ്പാരയ്ക്ക് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് പണവും സ്വര്‍ണവും ഇലക്‌ട്രോണിക് സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും കവരുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞ് അസുഖം കൂടിയതിനാല്‍ സത്യന്‍ വീണ്ടും ആശുപത്രിയിലായി. ഈ തക്കത്തില്‍ കള്ളന്‍ വീണ്ടും എത്തി മിക്‌സി ഉള്‍പ്പെടെയുള്ള സകല സാമഗ്രികളും മോഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയില്‍ പത്തയില്‍കടവ് പാലത്തിന് സമീപത്തെ ബിനുവിന്റെ തട്ടുകടയില്‍ നിന്നു ഗ്യാസ് സിലിണ്ടറും മറ്റു സാധന സാമഗ്രികളും മോഷ്ടിച്ചിരുന്നു. വക്കം കൊച്ചുപള്ളിക്ക് സമീപം വേലിയഴികം വീട്ടില്‍ ഉണ്ണി എന്നുവിളിക്കുന്ന ബിജിന്റെ ബൈക്ക് 5 ന് രാത്രി വീട്ടുവളപ്പില്‍ നിന്നു മോഷ്ടിച്ചു.നിലയ്ക്കാമുക്ക് ജംഗ്ഷനിലെ ഒരു കോസ്‌മെറ്റിക് സ്ഥാപനത്തില്‍ നിന്ന് 20,000 രൂപ പട്ടാപ്പകല്‍ മോഷ്ടിച്ചു. വക്കം മേഖലയില്‍ മോഷണം വ്യാപകമാകുമ്പോള്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.