സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റ്: അന്വേഷണത്തിന് ഉത്തരവിട്ടു

Tuesday 10 January 2017 11:32 am IST

ശ്രീനഗര്‍: അതിര്‍ത്തിയില്‍ സൈനികര്‍ക്കു നല്‍കുന്നത് മോശം ഭക്ഷണമാണെന്ന ജവാന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉത്തരവിട്ടു. ബിഎസ്എഫ് ജവാന്റെ അവസ്ഥയെക്കുറിച്ചുള്ള വിഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടണ്ടെന്നും. ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുള്ളതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വീഴ്ച വന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നു നിര്‍ദേശിച്ചതായും അദ്ദേഹം അറിയിച്ചു. അതിനിടെ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ബിഎസ്എഫും ഉത്തരവിട്ടിട്ടുണ്ട്. 29 ബറ്റാലിയനില്‍ നിയമിക്കപ്പെട്ട ബിഎസ്എഫ് ജവാന്‍ ടി.ബി.യാദവാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ പരാതിയുമായി രംഗത്ത് വന്നത്. പലപ്പോഴും ഒരു പൊറോട്ടയും ചായയും മാത്രമാണ് പ്രഭാത ഭക്ഷണം. പൊറോട്ടയ്ക്ക് അച്ചാറോ കറിയോ ഒനും കിട്ടാറില്ല. ഉച്ചയ്ക്ക് റൊട്ടിയാണ് ലഭിക്കുന്നത്. മഞ്ഞളും ഉപ്പും മാത്രം ചേര്‍ത്ത പരിപ്പു കറിയാണ് അതിനൊപ്പമുള്ള കറി. കൊടുംചൂടിലും തണുപ്പിലുമെല്ലാം 11 മണിക്കൂറോളം കാവല്‍ നില്‍ക്കുന്നവരാണ് സൈനികര്‍. ഇങ്ങനെയൊക്കെയാണ് സാഹചര്യങ്ങളെങ്കില്‍ എങ്ങനെയാണ് ഒരു സൈനികന് ജോലി ചെയ്യാന്‍ കഴിയുക - യാദവ് ചോദിക്കുന്നു. പലപ്പോഴും രാത്രി ഭക്ഷണം ലഭിക്കാതെ ഒഴിഞ്ഞ വയറുമായാണ് കിടക്കയിലേക്ക് പോകുന്നതെന്നും യാദവ് പറയുന്നു. എന്നാല്‍ ആരോപണം ഉന്നയിച്ചിരിക്കുന്ന യാദവ് നേരത്തെ നിരവധി തവണ അച്ചടക്ക നടപടിക്ക് വിധേയനായ ആളാണെന്നും അദ്ദേഹം സ്വമേധയാ വിരമിക്കലിന് അപേക്ഷിച്ചിട്ടുണ്ടെന്നും ബിഎസ്എഫ് വൃത്തങ്ങള്‍. 2010ല്‍ മേലുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് സൈനിക കോടതി ശിക്ഷിച്ചിരുന്നതായി ബിഎസ്എഫ് വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് നാലു വര്‍ഷത്തിന് ശേഷമാണ് യാദവിനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്. അതിന്റെ ദേഷ്യത്തിലാവാം ഇപ്പോള്‍ ഇത്തരമൊരു ആരോപണമെന്നും ബി.എസ്.എഫ് പറയുന്നു.