റിപ്പബ്ലിക് ദിനത്തില്‍ യുഎഇ രാജകുമാരന്‍ വിശിഷ്ടാതിഥി; മാര്‍ച്ച് ചെയ്യാന്‍ അറബ് സൈന്യവും

Tuesday 10 January 2017 10:56 pm IST

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ അറബ് സൈനികരും മാര്‍ച്ച് ചെയ്യും. യുഎഇ രാജകുമാരന്‍ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ ആണ് മുഖ്യാതിഥി. ആദ്യമായാണ് യുഎഇ സൈന്യം റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കുന്നത്. യുഎഇ സൈന്യത്തിന്റെ ഡപ്യൂട്ടി സുപ്രീം കമാണ്ടര്‍ കൂടിയാണ് രാജകുമാരന്‍. കഴിഞ്ഞ വര്‍ഷമാണ് വിദേശരാജ്യത്തിന്റെ സൈന്യം പരേഡില്‍ ആദ്യമായി ചുവടുവെച്ചത്. രാജ്പഥില്‍ ഫ്രഞ്ച് സൈന്യം ഇന്ത്യന്‍ സൈന്യത്തോടൊപ്പം മാര്‍ച്ച് ചെയ്തത് പുതിയ അനുഭവമായി. ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സോ ഒലാന്റെയായിരുന്നു അന്ന് മുഖ്യാതിഥി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ മുന്നേറ്റമാകും രാജകുമാരന്റെ സന്ദര്‍ശനം. നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കാനും ഉഭയകക്ഷി ചര്‍ച്ച ഊര്‍ജ്ജിതമാക്കാനും ഉപകരിക്കും. ഈ മാസം 20ന് വിദേശകാര്യ സഹമന്ത്രി എം. ജെ. അക്ബറും യുഎഇ വിദേശകാര്യമന്ത്രി അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷും ചര്‍ച്ച നടത്തും. സുരക്ഷ, ഭീകരതക്കെതിരായ പോരാട്ടം, ഇന്റലിജന്റ്‌സ് വിവരങ്ങള്‍ കൈമാറല്‍ തുടങ്ങിയ മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നത് രാജകുമാരനുമായുള്ള ചര്‍ച്ചയില്‍ മുഖ്യവിഷയമാകും. ഇന്ത്യയില്‍ അടിസ്ഥാന വികസന മേഖലയില്‍ നിക്ഷേപത്തിന് യുഎഇക്ക് താത്പര്യമുണ്ട്. നിക്ഷേപം സംബന്ധിച്ച മാര്‍ഗ്ഗരേഖ തയ്യാറാക്കും. റോഡ് വികസനമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഊര്‍ജ്ജരംഗത്തെ പദ്ധതികളും ചര്‍ച്ച ചെയ്യും. 2015ല്‍ മോദിയുടെ അബുദാബി സന്ദര്‍ശനത്തില്‍ ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുക്കമിട്ടിരുന്നു. സൈനികരുടെ സ്‌കൈ ഡൈവിങ് പ്രകടനത്തിന് താല്‍പ്പര്യമുണ്ടെന്ന് യുഎഇ അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യ ഇത് ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. 2006ല്‍ സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൈദ് പരേഡില്‍ മുഖ്യാതിഥി ആയിരുന്നു. 2015ല്‍ യുഎസ് പ്രസിഡണ്ട് ഒബാമയായിരുന്നു മുഖ്യാതിഥി.