സിനിമാ പ്രതിസന്ധി രൂക്ഷം; എ ക്ലാസ് തിയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും

Wednesday 11 January 2017 2:53 am IST

കൊച്ചി: നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കി വ്യാഴാഴ്ച്ച മുതല്‍ എ ക്ലാസ് തിയറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ സിനിമാ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പൊതുയോഗം തീരുമാനിച്ചു. പുതിയ മലയാളം പടങ്ങള്‍ വ്യാഴാഴ്ച്ച മുതല്‍ റിലീസ് ചെയ്യാനുള്ള നടപടികളുമായി നിര്‍മാതാക്കളും വിതരണക്കാരും മുന്നോട്ട് പോകവെയാണ് ഈ തീരുമാനം. തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും ജന. സെക്രട്ടറി സാജു അക്കരയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സിനിമാ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിര്‍മ്മാതാക്കളും വിതരണക്കാരും മലയാള സിനിമ റിലീസിങ്ങ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് മറ്റു ഭാഷാ സിനിമകളാണ് എ ക്‌ളാസ് തീയേറ്റുകളില്‍ കളിച്ചിരുന്നത്. ഇതിനെതിരെ ചില യുവജന സംഘടനകള്‍ രംഗത്തു വന്നതിനാല്‍ ഇത്തരം ചിത്രങ്ങളും പ്രദര്‍ശിപ്പിക്കില്ലെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ഫെഡറേഷന്റെ 350 തിയറ്ററുകളാണ് വ്യാഴാഴ്ച മുതല്‍ അടച്ചിടുക. ആദ്യ ആഴ്ച്ചയിലെ ലാഭവിഹിതം 60:40 എന്നത് 50:50 എന്നാക്കണമെന്ന ഫെഡറേഷന്റെ ആവശ്യമാണ് സമരത്തില്‍ കലാശിച്ചത്. തങ്ങള്‍ക്ക് ഒരു ശതമാനം വിഹിതം പോലും കൂട്ടിത്തരാന്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തയ്യാറല്ല. പ്രതിസന്ധിക്ക് കാരണക്കാര്‍ അവരാണ്. അവരുടെ പിടിവാശിയാണ് ചര്‍ച്ചകള്‍ വഴിമുട്ടിച്ചത്. തങ്ങള്‍ ചര്‍ച്ചക്ക് തയാറാണ്. സര്‍ക്കാര്‍ ഇതിന് മുന്‍കൈ എടുക്കണം. തിയറ്ററുകളില്‍ റെയ്ഡ് നടത്തി സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കേണ്ടെന്നും അവര്‍ പറഞ്ഞു. തങ്ങളെ കൂടാതെ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും എത്രക്കാലം മുന്നോട്ട് പോകാനാവുമെന്ന് കണ്ടറിയാമെന്നും ഭാരവാഹികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.