എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണം: സുപ്രീംകോടതി

Wednesday 11 January 2017 2:48 am IST

ന്യൂദല്‍ഹി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്നു മാസത്തിനകം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി. കീടനാശിനി കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. തുക കമ്പനികള്‍ നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തതെന്നും കോടതി ചോദിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തിനും ബാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. 458 കോടി രൂപയുടെ പാക്കേജ് സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചത് കമ്പനികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നഷ്ടപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. ഇരകള്‍ക്ക് ആജീവനാന്ത ആരോഗ്യപരിരക്ഷ നല്‍കണം. ഇതിനായി ഡോക്ടര്‍മാരെ ചുമതലപ്പെടുത്തണം. കോടതിയുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതിന് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാനും നിയമ രൂപവത്കരണം നടത്താനും സംസ്ഥാന സര്‍ക്കാറിന് അനുമതി നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉപയോഗിച്ച് പരസ്യം നല്‍കിയതിന് എന്‍ഡോസള്‍ഫാന്‍ ഉത്പാദകരുടെ സംഘടനക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രത്യാഘാതം നേരിടാന്‍ ഒരുങ്ങിക്കൊള്ളാന്‍ കീടനാശിനി കമ്പനികള്‍ക്ക് കോടതി മുന്നറിയിപ്പും നല്‍കി. 2012ലാണ് ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉള്‍പ്പെടുത്തി കീടനാശിനി കമ്പനികള്‍ പത്രത്തില്‍ പരസ്യം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.