ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി

Tuesday 10 January 2017 7:02 pm IST

കണ്ണൂര്‍: സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരിലെത്തുന്നവര്‍ക്ക് സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി. ഇന്നലെ 20 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 3 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മറ്റു സ്ഥാപനങ്ങളില്‍ കണ്ട പോരായ്മകള്‍ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി രണ്ടു ദിവസത്തിനകം പരിഹരിക്കാന്‍ ആവശ്യപ്പെട്ടു. ജനുവരി 10 മുതല്‍ 22 വരെ നിരന്തരമായി നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ഭക്ഷണ വില്‍പനശാലകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ഫുഡ് സെയ്ഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ.ഏലിയാമ്മ അറിയിച്ചു. രാത്രി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പരിശോധിക്കുന്നതിനായി രാത്രികാല സ്‌ക്വാഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. കൂടാതെ സ്ഥാപനങ്ങളുടെ ശുചിത്വം, ജീവനക്കാരുടെ ആരോഗ്യ, ശുചിത്വ നിലവാരം എന്നിവ ഉറപ്പു വരുത്താന്‍ വേണ്ട നടപടികളെടുക്കും. ലൈസന്‍സില്ലാതെ ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുവാന്‍ പാടില്ലെന്നും അവര്‍ വ്യക്തമാക്കി. ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും അസംസ്‌കൃത ഭക്ഷ്യ വസ്തുക്കള്‍ ലൈസന്‍സ് ഉള്ളവരില്‍ നിന്നും മാത്രമേ വാങ്ങാവൂ. ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും വെള്ളം പരിശോധിച്ച റിപ്പോര്‍ട്ടും ലൈസന്‍സിനോടൊപ്പം സ്ഥാപനത്തില്‍ സൂക്ഷിച്ചിരിക്കണം. പഴകിയതോ കാലാവധി കഴിഞ്ഞതോ ആയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കരുത്. ഭക്ഷ്യ വസ്തുക്കള്‍ നിയമാനുസൃതമല്ലാതെയും അലക്ഷ്യമായും കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. പൊതുസ്ഥലത്ത് തുറന്നുവെച്ച് ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തുവാന്‍ പാടുള്ളതല്ലെന്നും അവര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ എല്ലാ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണം. ടോള്‍ ഫ്രീ നമ്പര്‍- 1800 425 1125, അസിസ്റ്റന്റ് കമ്മീഷണര്‍ - 8943346193, ഫുഡ് സേഫ്റ്റി ഓഫീസര്‍ - 8943346567.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.