ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ പണിതീര്‍ന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം 12ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. മന്ത്രി ഷൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. ഏഴുകോടി മുടക്കി 1000 ഇരിപ്പിട സൗകര്യങ്ങളോടുകൂടിയ ഗാലറി ടൈപ്പ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയും ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിന്റെ ഉദ്ഘാടനം മന്ത്രി ജി. സുധാകരനും ഗാലറി ടൈപ്പ് ലക്ചര്‍ ഹാളുകളുടെ ഉദ്ഘാടനം മന്ത്രി തോമസ് ഐസകും മന്ത്രി പി. തിലോത്തമനും നിര്‍വ്വഹിക്കും.
അഞ്ചുലക്ഷം ലിറ്ററിന്റെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് നിര്‍വ്വഹിക്കുക. വൃക്കരോഗികള്‍ക്കായി മെയിന്റനന്‍സ് ഡയാലിസിസ് ചെയ്യുന്നതിനായി കാരുണ്യ ഡയാലിസിസ് യൂണിറ്റും പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞതായി പ്രിന്‍സിപ്പല്‍ ഡോ. എന്‍. ശ്രീദേവി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വൃക്കരോഗികള്‍ക്ക് രണ്ടുലക്ഷം രൂപയുടെ വരെ ചികിത്സ സൗജന്യമായി ഇവിടെ ലഭിക്കും. നിലവില്‍ ഡോക്ടര്‍മാരുടെ അധിക തസ്തികകള്‍ ഇവിടെ ആവശ്യമുണ്ട്. പത്തു തസ്തികകള്‍ അധികമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കുമെന്നും അവര്‍ അറിയിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ. ആര്.വി. രാംലാല്‍, നോഡല്‍ ഓഫീസര്‍ ഡോ. എ. ഹരികുമാര്‍, ഡോ. സൈറു ഫിലിപ്പ്, ഡോ. വി.എസ്. വിഷ്ണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, വേണുലാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: