അഗസ്ത്യഹൃദയം തേടി

Wednesday 11 January 2017 1:54 pm IST

പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിയുമ്പോള്‍ ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് പരിസമാപ്തിയാകും. പര്‍വത മുകളിലെ ഈശ്വര സാന്നിധ്യം തേടിയുള്ള വിശ്വാസികളുടെ തീര്‍ത്ഥയാത്ര അവിടെ അവസാനിക്കുന്നില്ല. ജനനിബിഡമായ ശബരിമലയില്‍ നിന്ന് വിജനമായ അഗസ്ത്യ മലമുകളിലേക്ക് മകരവിളക്ക് നാള്‍ മുതല്‍ ശിവരാത്രി ദിവസം വരെ തീര്‍ത്ഥാടനം തുടങ്ങുകയായി. പ്രകൃതിയെ തൊട്ടറിഞ്ഞ് കാനന സൗന്ദര്യം ആസ്വദിച്ച് തികച്ചും സാഹസികമായൊരു തീര്‍ത്ഥാടനം.

സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗിരിശൃംഗമാണ് അഗസ്ത്യാര്‍കൂടം. അപൂര്‍വയിനം പക്ഷി മൃഗാദികളുടെ ആവാസകേന്ദ്രം. ജൈവ വൈവിധ്യങ്ങളുടേയും ഔഷധ സസ്യങ്ങളുടേയും കലവറയാണ് പശ്ചിമ ഘട്ടത്തിലെ ഈ മലനിരകള്‍. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ കൊടുമുടി. നാഗരികത ഇനിയും കടന്നുവന്നിട്ടില്ലാത്ത, തീര്‍ത്ഥാടകരെ ഔഷധ കാറ്റിനാല്‍ രോഗമുക്തരാക്കുന്ന ദേവഭൂമി. അതാണ് അഗസ്ത്യ മുനിയുടെ ഈ പര്‍ണ്ണശാല. അഗസ്ത്യ വന്ദനം പ്രകൃതി വന്ദനമാക്കുന്ന വിശ്വാസികള്‍ വ്രതശുദ്ധിയുടെ പവിത്രതയുമായി മലകയറുന്ന അപൂര്‍വതയാണ് അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തെ വേറിട്ടുനിര്‍ത്തുന്നത്.

അഗസ്ത്യ മുനി

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിയെന്ന പെരുമയാണ് അഗസ്ത്യ മലയ്ക്കുള്ളത്. ഉയരം കൂടിയവനെന്ന വിന്ധ്യപര്‍വതത്തിന്റെ അഹന്ത ശമിപ്പിക്കാന്‍ സപ്തര്‍ഷികളില്‍ ഒരാളായ അഗസ്ത്യ മുനി ദക്ഷിണ ദിക്കിലേക്കുവന്ന് തപസനുഷ്ഠിച്ച പുണ്യമലയാണ് അഗസ്ത്യാര്‍കൂടമെന്ന് ഐതിഹ്യം.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ നെടുമങ്ങാട് താലൂക്കിലെ ബോണക്കാട് എത്താം. ഇവിടെ നിന്നാണ് അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്രയുടെ ആരംഭം. മകരവിളക്ക് മുതല്‍ ശിവരാത്രി നാള്‍വരെയുള്ള 42 ദിവസമാണ് അഗസ്ത്യ സന്നിധിയിലേക്കുള്ള തീര്‍ത്ഥാടനത്തിന് വനം വകുപ്പ് അനുമതി നല്‍കുന്നത്. ദിവസേന 100 തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുന്നു. വനം വകുപ്പ് പാസ് അനുവദിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് രാവിലെ ഏഴിന് ബോണക്കാട് നിന്ന് യാത്ര ആരംഭിക്കാം.

അഗസ്ത്യ സന്നിധിയിലെ പ്രതിഷ്ഠ

ഇവിടെ നിന്ന് 18 കിലോമീറ്റര്‍ കാനന പാതയിലൂടെ കാല്‍നടയായി യാത്ര ചെയ്താല്‍ ഉച്ചയോടെ അതിരുമലയിലെത്താം. അന്നത്തെ യാത്ര അവിടെ അവസാനിപ്പിക്കും. തീര്‍ത്ഥാടകരുടെ ഇടത്താവളമാണ് അതിരുമല. തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് നിര്‍മ്മിച്ച കരിങ്കല്‍ കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് ചരിത്ര സ്മാരകം പോലെ നില്‍ക്കുന്നുണ്ടിവിടെ. അപകടകരമായി നില്‍ക്കുന്ന ഈ കെട്ടിടത്തില്‍ തീര്‍ത്ഥാടകരെ അന്തിയുറങ്ങാന്‍ അധികൃതര്‍ അനുവദിക്കാറില്ല. പകരം സമീപത്തായി ഈറക്കമ്പും പുല്ലും മേഞ്ഞുണ്ടാക്കിയ താല്‍ക്കാലിക ഷെഡ്ഡുകളിലാണ് വിശ്രമം. പ്രധാനമായും നാല് ക്യാമ്പുകളാണ് അതിരുമലയിലുള്ളത്. ലാത്തിമൊട്ട, കരമനയാര്‍, വാഴപന്നിയാര്‍, അട്ടയാര്‍ എന്നിവയാണവ.

അതിരുമലയില്‍ തങ്ങി ക്ഷീണമകറ്റി തീര്‍ത്ഥാടകര്‍ പിറ്റേന്ന് പുലര്‍ച്ചെ പൊങ്കാലപ്പാറ ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. ദുര്‍ഘടം പിടിച്ച കാട്ടുപാതയിലൂടെ, കല്ലും മുള്ളും നിറഞ്ഞ വഴികള്‍ പിന്നിട്ട് സാഹസികമായൊരു യാത്ര. മുമ്പ് പൊങ്കാലപ്പാറയില്‍ പൊങ്കാലയിടുകയെന്നത് ആചാരമായിരുന്നു. ഭക്തന് സൗകര്യപ്രദമായ സ്ഥാനത്ത് പൊങ്കാലയിടാം. എന്നാലിന്ന് അതിനെല്ലാം നിയന്ത്രണങ്ങളുണ്ട്. കാട്ടില്‍ തീ പടരുമെന്നതിനാല്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണത്. പൊങ്കാലപ്പാറ താണ്ടിയാല്‍ പിന്നെ അപകടം പതിയിരിക്കുന്ന കാനന പ്രദേശത്തുകൂടിയാണ് സഞ്ചാരം. ഒരു ഭാഗത്ത് ഭീമാകാരമായ പര്‍വതനിരകള്‍. മറുഭാഗത്ത് അഗാധ ഗര്‍ത്തങ്ങള്‍. ഈ ഏഴുമടക്കന്‍ മലകയറിയെത്തുന്നത് മുച്ചാണി മലയെന്ന ചെരിവു മലയിലാണ്. ഏകദേശം 80 ഡിഗ്രിയോളം ചരിഞ്ഞുനില്‍ക്കുന്ന മുച്ചാണി മല പിടിച്ചുകയറാന്‍ വലിയ വടങ്ങള്‍ കെട്ടിയിട്ടുണ്ട്. ഈ മലകയറി അഗസ്ത്യപ്പാറയുടെ നെറുകയിലെത്തിയാല്‍ സപ്തര്‍ഷിയുടെ തപോവനമായി.

പൊങ്കാലപ്പാറയിലേക്ക് കയറുന്ന തീര്‍ത്ഥാടകര്‍

നിമിഷനേരംകൊണ്ട് മലമുകളിലുള്ളവരെ പരസ്പരം കാണാനാവാത്ത വിധം മൂടല്‍മഞ്ഞ് മൂടുകയും, ക്ഷണനേരം കൊണ്ട് മാഞ്ഞുപോവുകയും ചെയ്യുന്ന പ്രകൃതിയുടെ വിസ്മയ ലോകമാണ് അഗസ്ത്യമലയുടെ നെറുക. അനന്തവിഹായസിന്റെ നേര്‍ക്കാഴ്ചകളും അഗസ്ത്യ സന്നിധിയിലെത്തുന്ന തീര്‍ത്ഥാടകരുടെ മനംകവരും. അഗസ്ത്യ മുനിയുടെ പൂര്‍ണ്ണകായ രൂപത്തിലുള്ള പ്രതിമയാണ് പ്രതിഷ്ഠ. തീര്‍ത്ഥാടകര്‍ക്ക് ഇവിടെ ദീപം തെളിയിച്ച് പൂജ ചെയ്യാം.
ഗോത്രാചാര പൂജകളും, ചാറ്റുപാട്ടും ആദിവാസികള്‍ നൂറ്റാണ്ടുകളായി അഗസ്ത്യാര്‍കൂടത്തില്‍ ചെയ്തുപോരുന്നു.

അതിരുമലയിലെ വിശ്രമ കേന്ദ്രം

അടുത്തകാലത്തായി വനവാസികള്‍ക്കിടയില്‍ പാരമ്പര്യവും കുലമഹിമകളും ചോദ്യം ചെയ്യപ്പെട്ടു. ചേരിതിരിഞ്ഞ് പല വിഭാഗങ്ങള്‍ അവകാശ തര്‍ക്കങ്ങളുമായി കാടിനുള്ളില്‍ സംഘടിച്ചു. ഒടുവില്‍ തര്‍ക്കങ്ങള്‍ കാടുകടന്ന് കോടതി മുറികളിലെത്തി. 2015 ല്‍, അഗസ്ത്യാര്‍കൂടം ക്ഷേത്ര കാണിക്കാര്‍ ട്രസ്റ്റിന് പൂജനടത്താനുള്ള അനുമതി കോടതി വിധിയിലൂടെ സ്വന്തമായി. ഭഗവാന്‍ കാണിയെന്ന ഗോത്രാചാര്യനാണ് ഇപ്പോള്‍ അഗസ്ത്യ സന്നിധിയിലെ മുഖ്യ കാര്‍മ്മികന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.