ജനവിധി ആര്‍ക്കൊക്കെ?

Tuesday 10 January 2017 9:33 pm IST

നരേന്ദ്ര മോദി ദല്‍ഹിയില്‍ അധികാരമേറ്റത് മുതല്‍ ഏത് തെരഞ്ഞെടുപ്പും മാധ്യമങ്ങള്‍ക്ക് മോദിയുടെ ജനവിധിയാണ്. അഞ്ച് സസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ പ്രഖ്യാപിച്ചപ്പോഴും 'മോദിക്ക് നിര്‍ണായകം' എന്ന തലക്കെട്ടുകള്‍ പത്രത്താളുകളില്‍ നിറഞ്ഞു.വിശാലമായ രാജ്യത്തെ മുക്കിലും മൂലയിലുമുള്ള ജനങ്ങള്‍ കേന്ദ്രഭരണത്തെയും പ്രധാനമന്ത്രിയെയും വിലയിരുത്തുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ആത്മവിമര്‍ശനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കും. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളുമാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. പ്രചാരണം മോദി തന്നെ നയിക്കും. നോട്ട് റദ്ദാക്കല്‍ രാജ്യത്തിന് തിരിച്ചടിയെന്ന് പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ അതേ വിഷയത്തിലെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് ബിജെപിയുടെ തീരുമാനം. ജനവിധിയെ സര്‍ക്കാരോ പാര്‍ട്ടിയോ ഭയക്കുന്നില്ല. പകുതിയിലേറെ കാലത്തെ കേന്ദ്രഭരണത്തിന്റെ പരീക്ഷണമാണെങ്കിലും മോദിയുടെയും ബിജെപിയുടെയും മാത്രം ജനവിധിയല്ല വരാനിരിക്കുന്നത്. രാഹുലിന്റെയും കേജ്‌രിവാളിന്റെയും ജനവിധി കൂടിയാണ്. കോണ്‍ഗ്രസ്സിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ഭാവിയില്‍ നിര്‍ണായകവുമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ്സാണ് ഭരണത്തില്‍. ഗോവയില്‍ ബിജെപിയും പഞ്ചാബില്‍ അകാലിദള്‍-ബിജെപി സഖ്യവും. നാല് സംസ്ഥാനങ്ങളിലും ദേശീയ പാര്‍ട്ടികളുടെ നേര്‍ക്കുനേര്‍ പോരാട്ടം. പൂര്‍ണപരാജയമാണ് കോണ്‍ഗ്രസ്സിനെ കാത്തിരിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന അമിത് ഷായുടെ സ്വപ്‌നം ഉടന്‍ യാഥാര്‍ത്ഥ്യമാകും. മോദിക്കാലത്ത് നഷ്ടപ്പെട്ട സംസ്ഥാനങ്ങളുടെ കണക്കെടുപ്പോടെ രാഹുലിന് അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കാം. അസുഖബാധിതയായ സോണിയ ഇപ്പോള്‍ സജീവ രാഷ്ട്രീയത്തിലില്ല. രാഹുലിനെ അധ്യക്ഷനാക്കാന്‍ കഴിഞ്ഞ നവംബറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചിരുന്നു. സോണിയ അധ്യക്ഷയായ 18 വര്‍ഷം പ്രധാനമന്ത്രിയെ വരെ വിമര്‍ശിക്കാന്‍ അധികാരമുണ്ടായിരുന്ന നേതാവായിരുന്നു രാഹുല്‍. തെരഞ്ഞെടുപ്പുകള്‍ നേരിട്ടതും രാഹുലിന്റെ നേതൃത്വത്തില്‍. രാഹുലിനനുസരിച്ച് പാര്‍ട്ടിയെ പാകപ്പെടുത്തുകയായിരുന്നു സോണിയയും അനുയായികളും. യുവരാജാവിന്റെ ഏത് വിഢിത്തവും മഹത്വവത്കരിക്കാന്‍ അസാമാന്യ മെയ്‌വഴക്കമാണ് ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രകടിപ്പിച്ചത്. മോദിയുടെ ഭരണത്തില്‍ രാജ്യം വികസിച്ചപ്പോള്‍ പ്രതിപക്ഷം ദരിദ്രരായി. നഷ്ടപ്പെടാന്‍ ഏറെയുണ്ടായതിനാല്‍ കോണ്‍ഗ്രസ്സിന്റെ വീഴ്ചയും വലുതായി. ആന്ധ്രാ പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീര്‍, ദല്‍ഹി, കേരളം, ആസാം എന്നിവ കൈവിട്ടു. ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണം. ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മണിപ്പൂര്‍, മേഘാലയ, മിസോറാം, പുതുച്ചേരി, ഉത്തരാഖണ്ഡ് എന്നിവ. ബിഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമെന്ന്് അവകാശപ്പെടാം. അരുണാചല്‍ പ്രദേശും പുതുച്ചേരിയും മാത്രമാണ് തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനായത്. അടുത്തിടെ ഭൂരിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലെത്തിയതോടെ അരുണാചലും നഷ്ടമായി. അതേസമയം പത്ത് സംസ്ഥാനങ്ങളില്‍ (ആസാം, ഛത്തീസ്ഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ്) ബിജെപി മുഖ്യമന്ത്രിമാരാണ്. ആന്ധ്രാപ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ്, സിക്കിം, നാഗാലാന്റ് എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നണിയും ഭരിക്കുന്നു. നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും പട്ടികയില്‍ ആര് ഏതൊക്കെ സംസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് ഇനി അറിയേണ്ടത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ജയിക്കുമെന്ന് ഏതാനും വര്‍ഷം മുന്‍പ് ചിന്തിക്കുക അസാധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം ആസാം കീഴടക്കിയതോടെ രാഷ്ട്രീയ നിരീക്ഷകര്‍ മാറ്റിയെഴുതിത്തുടങ്ങി. വെറും അഞ്ച് സീറ്റില്‍ നിന്ന് അറുപതിലെത്തിയാണ് ആസാം പിടിച്ചെടുത്തത്. മണിപ്പൂര്‍ ബിജെപി നേടുമെന്ന ഇന്ത്യാ ടുഡെ-ആക്‌സിസ് സര്‍വ്വെ ഫലം അത്ഭുതങ്ങള്‍ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് എംഎല്‍എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ ബിജെപിയില്‍ ചേര്‍ന്നു. ഒന്നര പതിറ്റാണ്ടായി കോണ്‍ഗ്രസ്സിന്റെ ഒക്രം ഇബോബി സിങ്ങാണ് മുഖ്യമന്ത്രി. തുടര്‍ച്ചയായി പത്ത് വര്‍ഷം കേന്ദ്രവും പതിനഞ്ച് വര്‍ഷം സംസ്ഥാനവും ഭരിച്ചിട്ടും മണിപ്പൂരില്‍ മാറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചില്ല. സംഘര്‍ഷവും വികസന പിന്നോക്കാവസ്ഥയുമാണ് വിഷയം. രണ്ടും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. വികസനം വരാന്‍ സംഘര്‍ഷം അവസാനിക്കണം. പട്ടിണിയും ദാരിദ്ര്യവും ചൂഷണം ചെയ്ത് ഗോത്രവിഭാഗങ്ങളെ വിഘടനവാദ ശക്തികള്‍ ഉപയോഗിക്കുന്നത് തടയിടാന്‍ വികസനവും അനിവാര്യം. സമാധാനത്തിനും വികസനത്തിനുമായുള്ള ശ്രമങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകുന്നതാണ് മോദി സര്‍ക്കാരിന്റെ നയം. പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം വിഘടനവാദ ഗ്രൂപ്പുകളുമായുള്ള ചര്‍ച്ചയും പുരോഗമിക്കുന്നു. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റിലെ (എന്‍എസ്‌സിഎന്‍) ഒരുവിഭാഗം സര്‍ക്കാരുമായി സമാധാന കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. അവഗണിക്കപ്പെടുന്നുവെന്ന വികാരം ഗോത്രവിഭാഗങ്ങളില്‍ ശക്തമാണ്. മുഖ്യധാരയില്‍ നിന്നും തങ്ങളെ പുറന്തള്ളുന്നതായി അവര്‍ കരുതുന്നു. ചരിത്രകാരന്മാര്‍ മറന്ന ഗോത്രവിഭാഗങ്ങളുടെ സമരനായികയെ പുറത്തെടുക്കുകയാണ് മോദി ചെയ്തത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇതിഹാസ തുല്യമായ പോരാട്ടം നയിച്ച മണിപ്പൂരിലെ സ്വാതന്ത്ര്യ സമരസേനാനി റാലി ഗൈഡിന്‍ല്യൂവിന്റെ നൂറാം ജന്മവാര്‍ഷികം 2015ല്‍ കേന്ദ്രസര്‍ക്കാര്‍ വിപുലമായി ആഘോഷിച്ചു. ബോക്‌സിംഗ് താരം മേരി കോമിനെ രാജ്യസഭാംഗമാക്കി. വര്‍ഷത്തില്‍ രണ്ട് തവണ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കണമെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. പദ്ധതി പുരോഗതി മന്ത്രിമാര്‍ നേരിട്ട് വിലയിരുത്തുന്നു. പ്രത്യേക പദ്ധതികള്‍ക്ക് പുറമെ പൊതുപദ്ധതികളില്‍ ഇവര്‍ക്ക് മുന്‍ഗണനയുമുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പുതിയ പ്രതീക്ഷയോടെയാണ് കേന്ദ്ര സര്‍ക്കാരിനെ നോക്കിക്കാണുന്നത്. അരുണാചലില്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലെത്തിയതിന് കാരണവും മറ്റൊന്നല്ല. വികസനമെത്തിക്കാന്‍ മോദിക്ക് മാത്രമാണ് സാധിക്കുകയെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു പറയുന്നു. പുതിയ ജില്ലാ രൂപീകരണത്തില്‍ പ്രതിഷേധിച്ച് രണ്ട് മാസത്തിലേറെയായി മണിപ്പൂരില്‍ നാഗാവിഭാഗം സാമ്പത്തിക ഉപരോധത്തിലാണ്. ഗോത്രവിഭാഗങ്ങളെ പ്രീണിപ്പിച്ചും തമ്മിലടിപ്പിച്ചും വോട്ട് നേടാനാണ് കോണ്‍ഗ്രസ് എക്കാലവും ശ്രമിച്ചത്. ഇതിന്റെ ഭവിഷ്യത്താണ് സംസ്ഥാനത്ത് ഇടക്കിടെയുണ്ടാകുന്ന ഉപരോധവും അക്രമവും. ഉപരോധം തെരഞ്ഞെടുപ്പ് സുരക്ഷയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. മണിപ്പൂരില്‍ ഏറ്റവുമൊടുവില്‍ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാകണം. കേരളത്തിലെ ഉമ്മന്‍ചാണ്ടി ഭരണത്തെയാണ് ഉത്തരാഖണ്ഡ് അനുസ്മരിപ്പിക്കുന്നത്. തൂണിലും തുരുമ്പിലും അഴിമതി. മുഖ്യമന്ത്രി ഹരീഷ് റാവത്ത് സിബിഐ അന്വേഷണം നേരിടുന്നു. ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന സംസ്ഥാനത്ത് കഴിഞ്ഞ മെയ് മാസത്തിലുണ്ടായ നാടകീയ സംഭവങ്ങളാണ് തെരഞ്ഞെടുപ്പിനെ വാര്‍ത്താ കേന്ദ്രമാക്കിയത്. ഇവിടെ ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ് വിമതന്‍ മുഖ്യമന്ത്രിയായിരുന്നു. പിന്നീട് വിമതനീക്കം പരാജയപ്പെടുത്തി ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് സാധിച്ചെങ്കിലും മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ, മന്ത്രിമാരായിരുന്ന ഹരക് സിംഗ്, കുന്‍വാര്‍ പ്രണബ് ചാമ്പ്യന്‍, സത്പാല്‍ മഹാരാജ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നത് തിരിച്ചടിയായി. 2007ല്‍ രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ബിജെപിക്ക് 2012ല്‍ ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് ഭരണം നഷ്ടപ്പെട്ടത്. ബിജെപി 31ഉം കോണ്‍ഗ്രസ് 32ഉം സീറ്റുകള്‍ നേടി. ഭരണം പിടിക്കുന്നതില്‍ ചെറുക്ഷികളും നിര്‍ണായകമാകും. അഴിമതിക്കെതിരായ വിധിയെഴുത്താകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സര്‍വ്വെ ഫലം ബിജെപിക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്നു. ഭരണ നേട്ടമാണ് ഗോവയിലും പഞ്ചാബിലും ബിജെപിയുടെ കുന്തമുന. രണ്ടിടത്തും കോണ്‍ഗ്രസ്സാണ് പ്രതിപക്ഷം. രണ്ട് ഘടകങ്ങള്‍ ബിജെപിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു -മിന്നലാക്രമണവും ആം ആദ്മി പാര്‍ട്ടിയും. ഭരണം പിടിക്കുമെന്നാണ് കേജ്‌രിവാളിന്റെ അവകാശവാദം. എന്നാല്‍ അതിനുള്ള സംഘടനാ സംവിധാനമോ മുന്നേറ്റമോ ആം ആദ്മി പാര്‍ട്ടിക്ക് നേടാനായിട്ടില്ല. ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിച്ച് ആം ആദ്മി കോണ്‍ഗ്രസ്സിന് ആപ്പാകുമെന്ന് ചുരുക്കം. പാര്‍ട്ടിയെ ദല്‍ഹിക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള കെജ്‌രിവാളിന്റെ മോഹം എത്രത്തോളം യാഥാര്‍ത്ഥ്യ ബോധമുള്ളതാണെന്ന്് ഫലം വ്യക്തമാക്കും. പഞ്ചാബിലും ഗോവയിലും ഗുജറാത്തിലും ശക്തിയുണ്ടെന്നാണ് അവകാശവാദം. രാഷ്ട്രീയം ശുദ്ധീകരിക്കാനിറങ്ങിയ പാര്‍ട്ടിയെന്ന ലേബലല്ല ആപ്പിന് ഇപ്പോഴുള്ളത്. മറ്റേത് പാര്‍ട്ടിയിലുമുള്ളതിനേക്കാള്‍ മാലിന്യം ആപ്പിലുണ്ട്. സ്ത്രീ പീഡനത്തിനും അഴിമതിക്കും ഉള്‍പ്പെടെ ഡസനിലേറെ എംഎല്‍എമാര്‍ കേസുകള്‍ നേരിടുന്നു. സീറ്റ് നല്‍കുന്നതിനും ലഭിക്കുന്നതിനും പാര്‍ട്ടിയില്‍ സ്ത്രീകളെ ഉപയോഗിക്കുന്നതായി പഞ്ചാബിലെ മുന്‍ വനിതാ സംസ്ഥാന കമ്മറ്റി അംഗം വെളിപ്പെടുത്തിയത് നാണക്കേടായി. പണം വാങ്ങി സീറ്റ് വില്‍ക്കുന്നത് പ്രവര്‍ത്തകര്‍ ഒളികാമറയില്‍ ചിത്രീകരിച്ചതോടെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനെ പുറത്താക്കേണ്ടി വന്നു. കേന്ദ്രവുമായുള്ള ഏറ്റുമുട്ടലല്ലാതെ ദല്‍ഹിയില്‍ ഭരണമില്ല. ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ചരിത്രപരമായ തീരുമാനമെന്ന് അമിത് ഷാ വിശേഷിപ്പിച്ച മിന്നലാക്രമണം പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു. മിന്നലാക്രമണം ആസൂത്രണം ചെയ്ത ലഫ്റ്റനന്റ് ജനറല്‍ ദല്‍ബീര്‍ സിംഗ് പഞ്ചാബ് സ്വദേശിയാണ്. സൈനിക കുടുംബങ്ങള്‍ ഏറെയുള്ള സംസ്ഥാനവുമാണ് പഞ്ചാബ്. പത്താന്‍കോട്ട് ഭീകരാക്രമണവും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ആക്രമണത്തിനിരയാകുന്ന ഗ്രാമീണരുടെ ദുരിതാവസ്ഥയും വലിയ വികാരം സൃഷ്ടിച്ചിട്ടുണ്ട്. മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച കേജ്‌രിവാളിന്റെ നടപടി പ്രതിഷേധത്തിനിടയാക്കിയിരുന്നു. ദല്‍ഹി മുഖ്യമന്ത്രിയുടെ 'സംശയം' പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചതും ആപ്പിനെ പ്രതിരോധത്തിലാക്കി. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഗോവ മുന്‍ മുഖ്യമന്ത്രിയാണ്. മിന്നലാക്രമണത്തില്‍ പരീക്കറിന് ഗോവയില്‍ സ്വീകരണം നല്‍കിയിരുന്നു. ആര്‍എസ്എസ് നേതാവായിരുന്ന സുഭാഷ് വെല്ലിങ്കാറുടെ പുതിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സിനും ആപ്പിനും പ്രതീക്ഷ നല്‍കുന്നത്. ബിജെപി 38 ശതമാനം വോട്ട് നേടി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നാണ് സര്‍വ്വെ ഫലം. കോണ്‍ഗ്രസ്സിന് 34 ശതമാനവും ആപ്പിന് 16 ശതമാനവും വോട്ട് ലഭിക്കും. ഭരണവിരുദ്ധ വികാരമില്ലെന്നും സര്‍വ്വെ പറയുന്നു. ഉത്തര്‍പ്രദേശില്‍ 14 വര്‍ഷമായി അധികാരത്തിന് പുറത്തുള്ള ബിജെപി ഇത്തവണ പരാജയപ്പെട്ടാല്‍ മാത്രമാണ് അത്ഭുതമെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കണക്കുകള്‍ നോക്കുക. എണ്‍പത് സീറ്റില്‍ 71 ബിജെപി നേടി. രണ്ട് സീറ്റ് സഖ്യകക്ഷി അപ്‌നാ ദളിന്. 403 നിയമസഭാ മണ്ഡലങ്ങളില്‍ 328 എണ്ണത്തില്‍ ബിജെപി മുന്നിലെത്തി. 81 ശതമാനം വരുമിത്. അടിയന്തരാവസ്ഥക്ക് ശേഷം കോണ്‍ഗ്രസ്സിനെതിരെയുണ്ടായ ജനതാ പാര്‍ട്ടിയുടെ മുന്നേറ്റത്തിലാണ് ഈ സാഹചര്യം മുന്‍പുണ്ടായത്. എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നീ കക്ഷികളും മത്സരരംഗത്തുള്ള യുപിയില്‍ 25നും 30 ശതമാനത്തിനുമിടയില്‍ വോട്ട് നേടിയാല്‍ ഭരണത്തിലെത്താം. 250 മണ്ഡലങ്ങളില്‍ 40 ശതമാനത്തിലേറെ വോട്ടുണ്ട്. പ്രതിപക്ഷം ഒരുമിച്ചാലും പകുതിയിലേറെ സീറ്റുകള്‍ നേടാന്‍ സാധിക്കും. സമാജ്‌വാദി പാര്‍ട്ടിയിലെ തമ്മിലടി ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് നിരീക്ഷണം. അഞ്ച് വര്‍ഷം പ്രതിപക്ഷത്തിരുന്ന ബിഎസ്പിക്ക് പഴയ പ്രതാപമില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആദ്യം പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസ് സഖ്യത്തിനായി അഖിലേഷിന് പിന്നാലെയാണിപ്പോള്‍. ലക്‌നൗവില്‍ പത്ത് ലക്ഷത്തോളം ജനങ്ങളെ സാക്ഷിയാക്കി മോദി പറഞ്ഞതാണ് പ്രസക്തം. ഈ ജനാവലി കാണുന്നവര്‍ക്ക് ആര് ജയിക്കുമെന്ന് സംശയമുണ്ടാകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.