ചെങ്ങന്നൂര്‍: മുളക്കുഴയില്‍ ബാറ്ററി കട കുത്തിത്തുറന്ന് മോഷണം.എംസി റോഡില്‍ മുളക്കുഴ പഴയ വില്ലേജ് ഓഫീസ് ജംഗ്ഷനു സമീപം പെട്രോള്‍ പമ്പിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ രാത്രിയില്‍ മോഷണം നടന്നത്. വാഹനങ്ങളുടെ ബാറ്ററി റിപ്പയറിംഗ്, സര്‍വ്വീസിംഗ്, പുതിയ ബാറ്ററികളുടെ വില്‍പ്പന എന്നിവ നടത്തിവന്നിരുന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
റിപ്പയര്‍ ചെയ്തിരുന്നതും സര്‍വ്വീസിനായി സൂക്ഷിച്ചിരുന്നതുമായ നാല്‍പ്പതോളം ബാറ്ററികള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. റോഡുവക്കില്‍ വലിയ വാഹനങ്ങളടക്കം നിര്‍ത്തിയിടാന്‍ വീതിയുള്ള ഇവിടെ രാത്രികാലത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ ഉറങ്ങാറുണ്ട്. അതിനാല്‍ പട്രോളിംഗ് പോലീസോ നാട്ടുകാരോ ഇത്തരം വാഹനങ്ങളെ ശ്രദ്ധിക്കാറില്ല. ചൊവ്വാഴ്ച രാവിലെ കടതുറക്കാന്‍ ജീവനക്കാരെത്തിയതോടെയാണ് മോഷണവിവരം അറിയുന്നത്.തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസില്‍ നല്കിയ പരാതി നല്കി. സമീപത്തെ വീടുകളുടെ നിരീക്ഷണ ക്യാമറ പോലീസ് പരിശോധിച്ചു വരുന്നു.രണ്ടുലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ളതായി കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: