ജീവനെടുക്കുന്ന വിദ്യാഭാസം

Tuesday 10 January 2017 9:48 pm IST

ജിഷ്ണു

വിദ്യാഭ്യാസം ഒരു അഭ്യാസവും വ്യവസായവുമായി മാറുകയും അതിന് ഏതു മ്ലേച്ഛമാര്‍ഗവും സ്വീകരിക്കുകയും ചെയ്യുക എന്നതായിരിക്കുന്നു സ്ഥിതിഗതികള്‍. ഒരുതരം മാഫിയാഭരണമാണ് വിദ്യാഭ്യാസ ‘വ്യവസായ’രംഗത്ത് നടക്കുന്നത്. സ്വയംഭരണമെന്നും മാനേജ്‌മെന്റ് രീതിയെന്നും സഹകരണമെന്നും മറ്റുമുള്ള ഓമനപ്പേരില്‍ തട്ടിക്കൂട്ടിയിരിക്കുന്ന സ്ഥാപനങ്ങളില്‍ എന്താണ് നടക്കുന്നതെന്നോ എന്താണ് നടക്കേണ്ടതെന്നോ അറിയാത്ത ഒരു ഭരണകൂടവും കൂടിയാവുമ്പോള്‍ ദുരിതമേറുകയാണ്. ആര്‍ക്കും എന്തും ചെയ്യാമെന്നതരത്തിലേക്ക് കാര്യങ്ങള്‍ അധപ്പതിക്കുമ്പോള്‍ സമൂഹത്തിന് കരുത്തും കൈത്താങ്ങും ആകേണ്ട നവയൗവ്വനങ്ങള്‍ പൊള്ളിക്കരിഞ്ഞു വീഴുകയാണ്. അസാധാരണവും അമ്പരപ്പിക്കുന്നതും വേദനാജനകവുമായ സാമൂഹികയാഥാര്‍ത്ഥ്യമാണിത്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിവേകവും വെളിച്ചവും കഴിവും നേടി പുറത്തുവരേണ്ട യുവാക്കള്‍ ആരുടെയൊക്കെയോ ധാര്‍ഷ്ട്യത്തിനും കൊമ്പുകോര്‍ക്കലിനും ഇടയില്‍പ്പെട്ട് എന്നെന്നേക്കുമായി നമ്മെ വിട്ടുപിരിയുകയാണ്. ഒരു കുടുംബത്തിന്റെ താങ്ങും തണലുമായി നില്‍ക്കേണ്ടവരെ ഇങ്ങനെ തല്ലിക്കൊഴിക്കാന്‍ ആരാണ് അച്ചാരം വാങ്ങി മുന്നിട്ടിറങ്ങിയിരിക്കുന്നത്? തൃശൂരിലെ പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന നെഹറു കോളജില്‍ ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തോടെ നേരത്തെ സൂചിപ്പിച്ച ചോദ്യങ്ങള്‍ സമൂഹമനസ്സില്‍ കൂരമ്പായി തറച്ചുകയറുകയാണ്. കോളജ് അധികൃതരുടെ നീചമായ നടപടികളാണ് കോഴിക്കോട്ടെ നാദാപുരം സ്വദേശിയായ ജിഷ്ണു പ്രണോയിയുടെ അകാലമൃത്യുവിന് ഇടവെച്ചത്. സാങ്കേതികമായി ആത്മഹത്യയെന്ന് പറയാമെങ്കിലും ക്രൂരമായ കൊലപാതകം തന്നെയാണ് നടന്നിരിക്കുന്നത്. പണവും അധികാരവും ഉണ്ടെങ്കില്‍ ഏത് ഭരണകൂടത്തെയും ചൊല്‍പ്പടിക്കു നിര്‍ത്താമെന്ന മാടമ്പി സ്വഭാവമാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളത്.

ഒരു കുടുംബത്തിന്റെ പ്രതീക്ഷയും ആഹ്ലാദവും തല്ലിക്കെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സാമൂഹികദ്രോഹികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൈവെക്കാന്‍ അനുവാദം നല്‍കുന്നതുമുതല്‍ പ്രശ്‌നം തുടങ്ങുകയാണ്. പണവും പ്രതാപവും കാണിക്കാനുള്ള ഇടമല്ല കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. സ്വയംഭരണ കോളജുകളും മാനേജ്‌മെന്റ് സ്ഥാപനങ്ങളും കാലാകാലങ്ങളായി ഈ മേഖലയില്‍ നടത്തിവരുന്ന സാമൂഹികദ്രോഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി മാറിയിരിക്കുകയാണ് ജിഷ്ണു പ്രണോയ് എന്ന 18 കാരന്‍. ഒരു കുട്ടിയെ വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കളും സമൂഹവും നടത്തുന്ന ശ്രമങ്ങള്‍ ആര്‍ക്കും അറിയാത്തതല്ല. ഓരോരുത്തരും ഓരോ പ്രപഞ്ചമാണെന്ന ദാര്‍ശനികന്റെ കാഴ്ചപ്പാട് വെച്ച് വിലയിരുത്തുമ്പോള്‍ ജിഷ്ണുവിന്റെ അകാലമൃത്യുവോടെ ഒരു പ്രപഞ്ചം അസ്തമിച്ചിരിക്കുകയാണ്.

പാമ്പാടി നെഹറു എഞ്ചിനീയറിങ് കോളജ് അധികൃതര്‍ അവിടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണോ ഗുണ്ടായിസമാണോ നടത്തിക്കൊണ്ടിരുന്നതെന്ന് അറിയേണ്ടതുണ്ട്. ഹാജരിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെയും പേരില്‍ വിദ്യാര്‍ത്ഥികളെ നിരന്തരം ഭീഷണിപ്പെടുത്തല്‍ ഇവിടുത്തെ പ്രധാന പരിപാടിയാണത്രെ. ഇതിനെതിരെ പ്രതികരിച്ചാല്‍ ക്രൂരമായ മര്‍ദ്ദനമുറകള്‍ ഉള്‍പ്പെടെയുള്ളവയായിരുന്നു മറുപടി. ഇതിനായി ക്രിമിനല്‍ പശ്ചാത്തലമുള്ള ഗുണ്ടകളെ ചെല്ലും ചെലവും കൊടുത്ത് ഒരുക്കി നിര്‍ത്തിയിരുന്നു എന്ന ആരോപണമുണ്ട്. ഒരുപാടു വിദ്യാര്‍ത്ഥികള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഇതിനകം ഉന്നയിച്ചുകഴിഞ്ഞു. കോളജിന്റെ പിആര്‍ഒയുടെ, ഓഫീസിനടുത്തായി പ്രത്യേക ‘ഇടിമുറി’യുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ പ്രതീക്ഷയിലേക്ക് ഉത്സാഹപൂര്‍വം കാലെടുത്തുവെച്ച വിദ്യാര്‍ത്ഥിക്ക് താങ്ങാനാവുന്നതായിരുന്നില്ല കോട്ടും സ്യൂട്ടും അണിഞ്ഞ ഗുണ്ടകളുടെ സ്വഭാവരീതികള്‍. പരീക്ഷപോലും എഴുതിക്കില്ലെന്ന് ഭീഷണിയും കൂടി ആയതോടെ ജിഷ്ണു നിലയില്ലാക്കയത്തിലേക്ക് അടിതെറ്റി വീഴുകയായിരുന്നു.

ഏതായാലും സമൂഹത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന പേരില്‍ നടന്നുവരുന്ന സകല കോളജുകളിലെയും സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കണം. അതിന് ഈ സംഭവം നിമിത്തമാകണം. ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ഇതില്‍ നിന്ന് പിന്തിരിയാന്‍ ഇടവരുത്തരുത്. കുട്ടികളെ ശോഭനമായ ഭാവിയിലേക്ക് നയിക്കുന്നതിനു പകരം നരകലോകത്തേക്ക് തള്ളിവിടുന്നത് എന്നെന്നേക്കുമായി അവസാനിപ്പിക്കണം. പണത്തിനുവേണ്ടിയുള്ള സകല അഭ്യാസങ്ങളും ശക്തിയുക്തം തടയണം. ഇനിയൊരു കുടുംബത്തിനും ഇത്തരത്തില്‍ കണ്ണീര്‍ വീഴ്ത്താന്‍ ഇടവരരുത്. മകന്‍ നഷ്ടപ്പെട്ട കിണറുള്ള പറമ്പത്ത് അശോകന്‍-മഹിജ ദമ്പതികള്‍ക്ക് സര്‍ക്കാര്‍ താങ്ങും തണലുമാവണം. അവരുടെ ജീവിതം പൊരിവെയിലത്താക്കിയ കോളജ് അധികൃതര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം. ഇതുസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അന്വേഷിച്ച് കണ്ടെത്താന്‍ പ്രത്യേക പോലീസ് സംഘത്തെയും ചുമതലപ്പെടുത്തണം.